തിരുവനന്തപുരം: സൗരാഷ്ട്രയെ തോല്‍പ്പിച്ച് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിലെ നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്തി. തിരുവനന്തപുരത്ത് നടന്ന കളിയില്‍ ആദ്യ ഇന്നിംഗ്സില്‍ ലീഡ് വഴങ്ങിയ ശേഷമായിരുന്നു കേരള ടീമിന്റെ തിരിച്ചുവരവ്. ഇന്ത്യന്‍ താരം സഞ്ജു സാംസണ് നേടിയ സെഞ്ച്വറി(175 റണ്‍സ്)യുടെ ബലത്തിലാണ് കേരളത്തിന് സുരക്ഷിതമായ ലീഡ് നേടാനായത്.
ആവേശ്വോജ്വലമായിരുന്നു കേരളത്തിന്റെ കളി ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിംഗ്സില്‍ 225 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ സൗരാഷ്ട്ര ഏഴ് റണ്‍സിന്റെ ലീഡ് നേടി. രണ്ടാം ഇന്നിംസിനിറങ്ങിയ കേരളം സഞ്ജുവിന്റെ ബലത്തില്‍ 411 റണ്് നേടി. 405 എന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരാന് സൗരാഷ്ട്രയ്ക്കുണ്ടായിരുന്ന ഏക ആശ്രയം ഇന്ത്യന്‍ താരം റോബിന് ഉത്തപ്പയായിരുന്നു. അദ്ദേഹം 12 റണ്‍സില്‍ പുറത്തായതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. തുടര്‍ന്ന് കേരളം സമ്പൂര്‍ണ്ണമായും ആധിപത്യം പിടിച്ചെടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്. രണ്ടാം ഇന്നിംഗ്സില്‍ മൂന്നക്കംപോലും പിന്നിടാനാകാതെ സൗരാഷ്ട്ര 95 റണ്‍സിന് എല്ലാവരും പുറത്തായി. കേരളത്തിനു വേണ്ടി ജലജ് സക്സേന നാലും കെ.സി. അക്ഷയ്, സിജോമോന്‍ ജോസഫ് എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതവും നേടി.
നിലവില്‍ 24 പോയിന്റുമായി കേരളം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ്. ഹരിയാനക്കെതിരായ അവസാന കളി കൂടി ജയിച്ചാല്‍ നോക്കൗട്ടിലെത്താം.
INDIANEWS24.COM Sports Desk