jio 800x100
jio 800x100
728-pixel-x-90
<< >>

രഘുവും ശാന്തമ്മയും സുക്കറും…പിന്നൊരു ബുക്കും

രഘുവും ശാന്തമ്മയും ഭാര്യാ ഭർത്താക്കന്മാർ ആണ്.
രഘു പൊതു പ്രവർത്തകനും അനേകം ആൾക്കാരുടെ സുഹൃത്തുമാണ്. ശാന്തമ്മ അധികം ആൾക്കാരുമായി അടുപ്പം ഇല്ലാത്ത ഒരു പക്കാ വീട്ടമ്മയും. ഒരു മകൾ അനുശ്രീ , അവൾ അങ്ങ് ബംഗ്ലൂരിൽ നഴ്സിംഗിന് പഠിക്കുന്നു.
fb 2അങ്ങിനെയിരിക്കവെയാണ്‌ സുക്കർബർഗ് എന്ന അമേരിക്കക്കാരൻ ഫേസ് ബുക്ക്‌ എന്ന ആശയവുമായി കടന്നു വരുന്നത്. തുടക്കത്തിൽ തന്നെ രഘുവും അതിൽ അംഗമായി.
രണ്ടു വർഷം കൊണ്ട് അറിയാവുന്നവരും അറിഞ്ഞു കൂടാത്തവരുമായി ആയിരത്തോളം പേരെ സുഹൃത്തുക്കളുമാക്കി.കിട്ടുന്ന സമയമെല്ലാം ഇന്റർനെറ്റ് കഫേയിൽ പോയിരുന്നു തന്റെ മൊബൈലിൽ പകർത്തിയ പ്രസംഗങ്ങളും ഫോട്ടോകളും അപ് ലോഡ്  ചെയ്യാനും തുടങ്ങി.ആദ്യമൊക്കെ നാലും അഞ്ചും ലൈക്കുകൾ കിട്ടിയിരുന്ന രഘുവിന് ഇരുപതിൽ കൂടുതൽ ലൈക്ക് കിട്ടി തുടങ്ങിയപ്പോൾ സ്വന്തമായി ഒരു ലാപ്‌ ടോപ്‌ വാങ്ങണമെന്ന് തോന്നി.
നേരം വൈകി മാത്രം വീട്ടിൽ വന്നിരുന്ന ശാന്തമ്മയുടെ ഭർത്താവ് രഘു ഇപ്പോൾ സന്ധ്യക്ക്‌ മുന്നേ തന്നെ വീട്ടിൽ എത്തും . പക്ഷെ ശാന്തമ്മയുടെ കിടക്കയിൽ എത്തുന്ന സമയത്തിന് മാറ്റമൊന്നുമില്ല. ഭക്ഷണവും കഴിച്ച് ലാപ്‌ ടോപ്പുമായി ഉമ്മറത്തിരിക്കുന്നത് രാത്രി പതിനൊന്ന് പന്ത്രണ്ട് മണിവരെ ! ഈ സമയം ശാന്തമ്മ കൂർക്കം വലി തുടങ്ങിയിരിക്കും , പാതിരാത്രി രഘുവും കേറി മലർന്ന് കിടക്കും….ഉറക്കം മാത്രം !
ഒരിക്കൽ ലൈക്കുകളുടെ എണ്ണം പതിവിലും കൂടിയപ്പോൾ രഘുവിന്റെ മുഖത്ത് ഒരു പുഞ്ചിരി. വെറുതെയിരുന്ന് ചിരിക്കുന്ന രഘുവിനരികിൽ പോയി നോക്കിയ ശാന്തമ്മയോട് പടിയിൽ തനിക്കൊപ്പം ഇരിക്കാൻ രഘു ആവശ്യപെട്ടു.fb 1
നീ ഇത് നോക്കിയേ…
ഓ എനിക്കീ കുന്ത്രാണ്ടം ഒന്നും കാണണ്ട. ശാന്തമ്മ പറഞ്ഞു.എന്നാലും ശാന്തമ്മ നോക്കി.
രഘു സ്ഥലം എം എൽ എ യുമായി നിൽക്കുന്ന ഒരു ഫോട്ടോ…
നീ നോക്കിയേ മുപ്പത്തിയെട്ട് ലൈക്ക് ആണിതിന്…
ദേ ജോസഫ്‌ ഇട്ട കമന്റ്‌ കണ്ടോ …”സൂപ്പർ”  എന്ന്.
ചേട്ടന്റെ ഫോട്ടോ ! കൊള്ളാലോ… കമ്പ്യൂട്ടറിൽ ഭർത്താവിന്റെ ഫോട്ടോ കണ്ട ശാന്തമ്മയുടെ മുഖത്ത് സന്തോഷം.
നിനക്ക് ഞാൻ ഒരു ഒരു ഫേസ് ബുക്ക്‌ അക്കൗണ്ട്‌ ആക്കി തരാം…നിന്റെ പഴയ കൂട്ടുകാരികൾക്ക് എല്ലാം അക്കൗണ്ട്‌ ഉണ്ടാകും, അവരെ ആഡ് ചെയ്യണം…പിന്നെ  വെറുതെ ഇരിക്കുമ്പോൾ എന്റെ ഫോട്ടോസ്  ഷെയർ ചെയ്ത് എല്ലാവരെയും കാണിക്ക്.
രഘു വാങ്ങിയ ലാപ്‌ ടോപ്‌ ഇപ്പോൾ പതിനാറ് മണിക്കൂറും പ്രവർത്തിക്കുന്നു. രാത്രി എട്ട് മണിമുതൽ നാല് മണിക്കൂർ രഘുവും രാവിലെ ഏഴു മുതൽ രാത്രി ഏഴ് അമ്പതു വരെ ശാന്തമ്മയും ഫേസ് ബുക്കിൽ തന്നെ…
ശാന്തമ്മ അക്കൗണ്ട്‌ തുടങ്ങി ഒരു ആഴ്ച്ച ആയപ്പോൾ തന്നെ ശാന്തമ്മയുടെ ഫ്രണ്ട് ലിസ്റ്റിൽ അയ്യായിരം ആൾക്കാർ കയറികൂടി.
വിഷുവിന് തലേന്ന് കുടുംബ വീട്ടിൽ പോകുന്നതിന് മുമ്പ് മുറ്റത്ത്‌ പൂത്തുലഞ്ഞു നിൽക്കുന്ന കണികൊന്നയുടെ പടം രഘു ഫേസ് ബുക്കിൽ പോസ്റ്റ്‌ ചെയ്തു. പിറ്റേന്ന് വിഷുവൊക്കെ ആഘോഷിച്ചു വൈകുന്നേരം മടങ്ങി വന്ന രഘു ഭക്ഷണം കഴിഞ്ഞ് ഫേസ് ബുക്ക്‌ നോക്കിയപ്പോൾ തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിയുന്നില്ല.
താൻ പോസ്റ്റ്‌ ചെയ്ത കണികൊന്നക്ക് തൊണ്ണൂറ്റി ഒൻപത് ലൈക്കുകൾ !
അടുക്കളയിൽ നിന്ന ശാന്തമ്മയെ ലൈക്കുകളുടെ എണ്ണം കാണിച്ചിട്ട് പറഞ്ഞു, നീ ലോഗിൻ ചെയ്ത് ഈ ഫോട്ടോയിൽ ലൈക്ക് അടിച്ച് നൂറു തികക്ക്.
ശാന്തമ്മ ലോഗ് ഇൻ ചെയ്തു ലൈക്ക് അടിച്ച് 100 തികച്ചു രഘുവിനെ ഹാപ്പി ആക്കി ലാപ്‌ ടോപ്‌ അത് പോലെ രഘുവിന്റെ കയ്യിൽ വെച്ചു കൊടുത്തു.
ചാരു കസേരയിലിരുന്നു രഘു ഇപ്പോൾ കാണുന്നത് ശാന്തമ്മയുടെ  ഇൻ ബോക്സിൽ സുഖ വിവരം അന്വേഷിക്കുന്ന ഇരുപതോളം പേരെ !
താൻ പോസ്റ്റ്‌ ചെയ്ത അതേ കണി കൊന്ന ശാന്തമ്മയും പോസ്റ്റ്‌ ചെയ്തിരിക്കുന്നു…അതിന് കിട്ടിയിരിക്കുന്ന ലൈക്കുകൾ 2500 കഴിഞ്ഞു ! ഓരോ മിനിറ്റിലും ലൈക്കുകളുടെ എണ്ണം കൂടി കൂടി വരുന്നു….
സ്ക്രോൾ ചെയ്തു നോക്കിയപ്പോൾ മറ്റു ചില ഫോട്ടോകളും കാണാൻ കഴിഞ്ഞു.
പടം: അടുപ്പിലിരിക്കുന്ന കലം
തല വാചകം: അരി തിളക്കാൻ സമയമായ്…
 2232 ലൈക്ക് 326 കമന്റ് 81 ഷെയർ
പടം: വീടിന്റെ പടിക്കൽ നിൽക്കുന്ന തള്ള കോഴിയും രണ്ട് കുഞ്ഞുങ്ങളും  .
തല വാചകം: പോ കോഴി പുറത്ത്…
3762 ലൈക്ക് 408 കമന്റ് 124 ഷെയർ
പടം: കുളി മുറിയിലിരിക്കുന്ന ബക്കറ്റും തുണിയും
തല വാചകം: വെയിൽ പോകും മുമ്പ് അലക്കട്ടെ…
2943 ലൈക്ക് 289 കമന്റ് 63 ഷെയർ
തറയിൽ വീണ സ്പൂണിന്റെ ശബ്ദം കേട്ട് തലയുയർത്തി നോക്കിയ രഘുവിന് മുന്നിൽ മകൾ .
നിനക്ക് എഫ് ബി ഐ ഡി ഉണ്ടോടീ ? അനുശ്രീയോട്‌ രഘുവിന്റെ അന്വേഷണം.
ഉം, മൂന്നെണ്ണം അച്ഛാ. മകളുടെ മറുപടി !

 

ഇനി ശാന്തമ്മയെ പിടിച്ചാൽ കിട്ടില്ലെന്ന് മനസ്സിലായ രഘു തന്റെ ലാപ്‌ ടോപ്‌ വാങ്ങിയ വിലയുടെ മൂന്നിലൊന്ന് വിലക്ക് വിറ്റു.

 

പിന്നീടുള്ള ദിവസങ്ങളിൽ കഴിക്കുന്ന ആഹാരത്തിന് അൽപ്പം രുചി കുറവ് അനുഭവപെട്ടെങ്കിലും രഘു അത് കാര്യമാക്കിയെടുത്തില്ല..

നാസിം മുഹമ്മദ്‌

Leave a Reply