jio 800x100
jio 800x100
728-pixel-x-90
<< >>

യേശുദാസിനെ കുരിശിലേറ്റുന്നവരോട്

യേശുദാസിനെ വെട്ടിയരിഞ്ഞു മൂലയ്ക്കിട്ടിട്ടും അഭിനവ ഉണ്ണിയാര്‍ച്ചമാരുടെ അങ്കക്കലി അടങ്ങിയിട്ടില്ല. ആരുണ്ടെടാ ചോദിക്കാന്‍ എന്ന് വെല്ലുവിളിച്ച് ഫെയ്സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ചുരികത്തലപ്പ് വീശുകയാണ് ആര്‍ച്ചമാര്‍. അടവും ചുവടും തെറ്റാതെ നോക്കാന്‍ തുണയായി ചില കുഞ്ഞിരാമന്‍മാരും കൂട്ടിനുണ്ട്.

എന്തായാലും ‘അവളെ പേടിച്ചാരും ആ വഴി നടക്കൂലാ’ എന്ന മട്ടിലാണ് കേരളത്തില്‍ കാര്യങ്ങള്‍. ഇനിയുള്ള കാലമത്രയും പാട്ട് പാടുമ്പോള്‍ യേശുദാസിന് സംഗതി വരില്ലെന്ന് ഉറപ്പ്. പക്ഷേ, യേശുദാസിനെ വിചാരണ ചെയ്യുകയും കുരിശിലേറ്റുകയും ചെയ്യുന്നതിന് മുമ്പ് ആര്‍ച്ചമാര്‍ ഉത്തരം നല്‍കേണ്ട ചില ചോദ്യങ്ങള്‍ ഉണ്ട്.

മേല്‍പറഞ്ഞ വിഷയത്തില്‍ ക്രിയാത്മകമായി പ്രതികരിച്ച ഒരുപാട് പേര്‍ ഉണ്ട്. ചോദ്യങ്ങള്‍ അവരോടല്ല. അവര്‍ ഉന്നയിക്കുന്ന തുല്യനീതി എന്ന ആശയത്തോട് യോജിപ്പാണ് താനും.

പെണ്ണുങ്ങള്‍ മാന്യമായി വസ്ത്രധാരണം ചെയ്യണം എന്നും അല്ലെങ്കില്‍ കണ്ട് നില്‍ക്കുന്ന ആണുങ്ങള്‍ക്ക് ‘ബോധോദയം’ ഉണ്ടാകുമെന്നുമായിരുന്നു യേശുദാസിന്‍റെ പ്രസംഗത്തിന്‍റെ രത്നച്ചുരുക്കം. പക്ഷെ, പാടാനുള്ള കഴിവ് പ്രസംഗിക്കാന്‍ ഇല്ലാത്തതുകൊണ്ട് പറഞ്ഞു കുളമാക്കിയെന്നു മാത്രം. ജീന്‍സിനെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി എന്നതാണ് യേശുദാസിന് പറ്റിയ അബദ്ധം. പത്തായത്തിലിരിക്കേണ്ടത് അവിടെ ഇരിക്കണമെന്നും മുറ്റത്ത് കൊണ്ടുവെച്ചാല്‍ കാക്ക കൊത്തിപ്പോയേക്കാമെന്നുമാണ് അദ്ദേഹം ഉദ്ദേശിച്ചത്. പക്ഷേ, ജീന്‍സ് ധരിക്കരുത് എന്ന് പറഞ്ഞതോടെ കേരളസ്ത്രീകളുടെ ഭാവശുദ്ധി വ്രണപ്പെട്ടു. ഗാനഗന്ധര്‍വനായിരുന്ന യേശുദാസ്‌ വെറും പാമരനായ പാട്ടുകാരനായി.

ഏതു വസ്ത്രം ധരിക്കണം എന്നത് ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് എന്നതില്‍ തര്‍ക്കമില്ല. ജീന്‍സ് ധരിക്കുന്ന സ്ത്രീകളെല്ലാം മേനിപ്രദര്‍ശനം നടത്താന്‍ ശ്രമിക്കുന്നവരുമല്ല. എന്ത് വസ്ത്രം ധരിച്ചാലും അത് സഭ്യവും മാന്യവുമായിരിക്കണമെന്ന് മാത്രം. സാരിയാണെങ്കിലും ജീന്‍സ് ആണെങ്കിലും ചുരിദാര്‍ ആണെങ്കിലും അത് സഭ്യമായും അസഭ്യമായും ധരിക്കാം. ജീന്‍സ് മുട്ടുവരെ വലിച്ചുതാഴ്ത്തി ജട്ടിയും കാണിച്ചു നടക്കുന്ന ‘ന്യൂ ജെനറേഷന്‍’ ആണ്‍പിള്ളേരുടെ കാര്യത്തിലും സ്ഥിതി അതുതന്നെ.

എന്തുകൊണ്ട് ജീന്‍സ് എന്ന് ചോദിച്ചാല്‍ ആണുങ്ങള്‍ നല്‍കുന്ന ഒരുപാട് ഉത്തരമുണ്ട്. വലിച്ചുകേറ്റി ഇട്ടാല്‍ പിന്നെ ഊരിക്കളയുന്നത് വരെ മറ്റ് പൊല്ലാപ്പൊന്നുമില്ല. വൃത്തിയും വെടിപ്പുമൊന്നും നോക്കാതെ എവിടെയും ഇരിക്കാം. മുഷിഞ്ഞാലും ആരും മൈന്‍ഡ് ചെയ്യില്ല. വല്ലപ്പോഴും വെള്ളം കാണിച്ചാല്‍ മതി. രണ്ടുമൂന്ന് വര്‍ഷം ഓടിക്കാം. അവിടവിടെ കീറിയാലും ആള്‍ക്കാര്‍ ഫാഷനാണ് എന്ന് കരുതിക്കൊള്ളും… അങ്ങനെയങ്ങനെ.

എന്നാല്‍ തങ്ങള്‍ ജീന്‍സ് ധരിക്കുന്നതിന്‍റെ കാരണം ഇതാണെന്നല്ല യേശുദാസിനെതിരെ ഫെയ്സ്ബുക് വിപ്ലവം നടത്തുന്ന പെണ്‍കൊടികളില്‍ വലിയ വിഭാഗവും പറയുന്നത്. ആണുങ്ങള്‍ക്ക് ജീന്‍സ് ധരിക്കാമെങ്കില്‍ എന്തുകൊണ്ട് ഞങ്ങള്‍ക്ക് പറ്റൂല്ലാ എന്നാണ് ആക്രോശം. ജീന്‍സ് ധരിച്ച ആണുങ്ങളെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് കാമം തോന്നുന്നില്ലല്ലോ പിന്നെന്താ തിരിച്ചുമാത്രം ഇങ്ങനെ എന്ന ചോദ്യവും ചിലര്‍ ഉന്നയിച്ചു. പുരുഷനും സ്ത്രീക്കും ലൈംഗിക ഉത്തേജനം വരുന്നത് എങ്ങനെയൊക്കെ എന്ന് സ്കൂളിലോ കോളേജിലോ പഠിപ്പിക്കാത്തതിന്റെ കുഴപ്പം എന്നല്ലാതെ എന്ത് പറയാന്‍.

സ്ത്രീയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ രണ്ട് പക്ഷമില്ല. പക്ഷേ, അതിന്‍റെ അര്‍ഥം സ്ത്രീ പുരുഷനെപ്പോലെ ആകുക, പെരുമാറുക എന്നല്ല. ആണ് പെണ്ണോ പെണ്ണ് ആണോ ആകാന്‍ ശ്രമിച്ചാല്‍ രണ്ട് വ്യത്യസ്ത ലിംഗങ്ങള്‍ എന്നതില്‍ എന്താണര്‍ത്ഥം.

നിര്‍ഭാഗ്യവശാല്‍ ഇന്ന് ലോകത്ത് നടക്കുന്ന സ്ത്രീപക്ഷവിപ്ലവങ്ങളിലെല്ലാം സ്ത്രീ പുരുഷനാകാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്‌. യൂറോപ്പിലും പാശ്ചാത്യരാജ്യങ്ങളിലും പോലും അങ്ങനെതന്നെ. പുരുഷനെപ്പോലെ അരയ്ക്ക് മുകളില്‍ നഗ്നമായി നടക്കുക എന്നതാണ് ഇപ്പോഴും യൂറോപ്പിലെയും പാശ്ചാത്യരാജ്യങ്ങളിലെയും സ്ത്രീവിമോചനസംഘടനകളുടെ പ്രകടനപത്രികയിലെ മുഖ്യ ഇനം. പുരുഷനെപ്പോലെ മീശയും താടിയും വെക്കണം എന്ന അവകാശവാദം ഇവര്‍ ഉന്നയിക്കാത്തത് ഭാഗ്യം.

വസ്ത്രം ധരിക്കുന്നതിന്‍റെ പ്രധാന ലക്‌ഷ്യം നഗ്നത മറയ്ക്കുക എന്നതാണ്. വെയില്‍, കാറ്റ്, മഴ തുടങ്ങിയവയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുക എന്ന ധര്‍മവും വസ്ത്രങ്ങള്‍ നിര്‍വഹിക്കുന്നുണ്ട്. പക്ഷെ, കണ്ടോടാ എന്‍റെ … എന്ന മട്ടിലാണ്‌ പല പെണ്ണുങ്ങളുടെയും വസ്ത്രധാരണം. മുലയുടെ വലിപ്പവും ആകൃതിയും കൂടുതല്‍ മികച്ചതായി തോന്നിപ്പിക്കാന്‍ ഉതകുന്ന ബ്രാകള്‍ എന്തിനാണ് പല പെണ്ണുങ്ങളും ഉപയോഗിക്കുന്നത്. നിതംബഭംഗി കൃത്രിമമായി വര്‍ധിപ്പിക്കാനുള്ള പാഡുകള്‍ വെച്ചുകെട്ടി സായൂജ്യമടയുന്ന പെണ്ണുങ്ങളും നമ്മുടെ നാട്ടിലില്ലേ. ചുരിദാറിന്‍റെ ഇരുവശവും വെട്ടിക്കയറ്റിയും ‘സ്ത്രീശാക്തീകരണം’ നടപ്പില്‍വരുത്തിയല്ലോ. അമ്പതോ അറുപതോ എഴുപതോ കിലോ ഇറച്ചിയാണ് ഞാന്‍ എന്ന് സ്ത്രീ സ്വയം പ്രഖ്യാപിക്കുന്നിടത്താണ് അവള്‍ പുരുഷന്‍റെ അടിമയാകുന്നത്.

ആണായാലും പെണ്ണായാലും അണിഞ്ഞൊരുങ്ങുന്നത് ആത്മരതിക്ക് വേണ്ടി മാത്രമല്ല. ലൈംഗികത ഏതു മൃഗത്തിന്റെയും അടിസ്ഥാനവികാരങ്ങളില്‍ ഒന്നായതിനാല്‍ അതില്‍ തെറ്റുമില്ല. പക്ഷെ, എല്ലാത്തിനും ഒരു അതിര് വേണമെന്നതാണ് കാര്യം. യേശുദാസ്‌ തലമുടി കറുപ്പിക്കുന്നതിനെ പരിഹസിക്കുന്ന പോസ്റ്റ്‌ ഒരു പെണ്‍സുഹൃത്തിന്‍റെ ഫെയ്സ്ബുക്കില്‍ കണ്ടു. പെണ്‍കുട്ടികള്‍ തലമുടി കറുപ്പിക്കുന്നതോ പുരികം ‘ത്രെഡ്’ ചെയ്യുന്നതോ മുഖം ഫേഷ്യല്‍ ചെയ്യുന്നതോ ഒന്നും കുറ്റമായി ആരും പറഞ്ഞിട്ടില്ല എന്ന് താങ്കള്‍ ഓര്‍ക്കണം. യേശുദാസ്‌ ഏതോ ക്ഷേത്രത്തില്‍ ഷര്‍ട്ട് ഇടാതെ നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിട്ട് ‘ദാസേട്ടാ, ഞങ്ങളെ വികാരം കൊള്ളിക്കരുതേ’ എന്ന അടിക്കുറിപ്പ് മറ്റൊരു സുഹൃത്തിന്‍റെ വാളില്‍ പ്രദര്‍ശനത്തിനുണ്ട്. നമ്മുടെ മിക്ക ക്ഷേത്രങ്ങളിലും പുരുഷന്മാര്‍ക്ക് ഷര്‍ട്ട് ധരിക്കാതെയേ പ്രവേശനമുള്ളൂ എന്ന് ആ സുഹൃത്തിന് അറിയാതെയല്ല. എന്തായാലും യേശുദാസ്‌ ഷര്‍ട്ട് ധരിക്കാതെ കേരളത്തിലെ ഏതെങ്കിലും പൊതുവേദിയിലോ തെരുവിലോ വന്നു എന്ന് ഇതുവരെ കേട്ടിട്ടില്ല.

കൊച്ചുകുട്ടികള്‍ നഗ്നരായി നടക്കാറുണ്ട്. അവരെ കാണുമ്പോള്‍ സാധാരണ എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകുന്ന വികാരം വാത്സല്യമാണ്. എന്നാല്‍ കുട്ടികള്‍ വളരുമ്പോള്‍ അതുപോലെ നടക്കാന്‍ ഏതെങ്കിലും രക്ഷിതാക്കള്‍ അനുവദിക്കാറുണ്ടോ. വീടിന്‍റെ വാതിലുകള്‍ തുറന്നിട്ട്‌ പോയ ഒരാളുടെ പണവും മറ്റും മോഷ്ടാക്കള്‍ അപഹരിച്ചു എന്നിരിക്കട്ടെ. വാതില്‍ തുറന്നുകിടന്നു എന്നതുകൊണ്ട്‌ മോഷണം നടത്താന്‍ ആര്‍ക്കും അവകാശമില്ല. അതോടൊപ്പം മോഷണം ഒഴിവാക്കാന്‍ വാതിലുകള്‍ അടച്ചുപൂട്ടി ഇടുക എന്ന ജാഗ്രത വീട്ടുടമ കാണിക്കണം എന്ന് പറയുന്നതില്‍ എന്താണ് തെറ്റ്.

വിവാദവിഷയത്തില്‍ ആര്‍ച്ചമാരെക്കാള്‍ വീറാണ് ചില കുഞ്ഞിരാമന്‍മാര്‍ക്ക്. സ്ത്രീയെ അമ്മയായും സഹോദരിയായും മാത്രം കാണേണ്ടതു കൊണ്ട് ദിവസം മൂന്നു നേരം കടുക്കാവെള്ളം കുടിക്കുകയാണ് എന്ന മട്ടിലാണ് പോസ്റ്റുകള്‍. എത്ര സുന്ദരിയായ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടാലും തനിക്ക് ഒരു വികാരവും തോന്നുകയില്ല എന്നാണ് ഒരു മാന്യദേഹത്തിന്‍റെ അഭിപ്രായം. കാരണം അദ്ദേഹത്തിന്‍റെ അമ്മയ്ക്കും സഹോദരിക്കും ആ അവയവങ്ങള്‍ ഉണ്ടത്രേ. ടിയാന്‍റെ പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ രണ്ട് കുട്ടികള്‍ ഉണ്ടെന്ന് കണ്ടു. അമ്മയ്ക്കും പെങ്ങള്‍ക്കും ഇല്ലാത്ത ഭാര്യയുടെ അവയവങ്ങള്‍ ഉപയോഗിച്ചാകും അദ്ദേഹം സൃഷ്ടികര്‍മം നടത്തിയതെന്ന് വിശ്വസിക്കുകയേ തരമുള്ളൂ.

കന്യാസ്ത്രീകളെയും കുരുന്നു പെണ്‍കുട്ടികളെയും എന്തിന്, കന്നുകാലികളെപ്പോലും പീഡിപ്പിക്കുന്നത് വസ്ത്രധാരണത്തിന്‍റെ കുഴപ്പം കൊണ്ടാണോ എന്ന ചോദ്യവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഏതെങ്കിലും ഞരമ്പുരോഗികള്‍ ചെയ്യുന്ന അതിക്രമത്തിന്‌ പുരുഷസമൂഹത്തെ മൊത്തം ബലാല്‍സംഗികളാക്കി ചിത്രീകരിക്കുന്നത് എന്തിനാണ്. ലൈംഗികദാരിദ്ര്യം ഉള്ള കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലൈംഗികബന്ധങ്ങളെ കൊക്ക കോള കുടിക്കുന്ന ലാഘവത്തില്‍ കാണുന്ന ‘പരിഷ്കൃത’രാജ്യങ്ങളിലും ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് വസ്തുത. സ്ത്രീകള്‍ പുരുഷന്മാരെ പീഡിപ്പിച്ചതിന്റെ വാര്‍ത്തകളും ഇക്കൂട്ടത്തിലുണ്ട്, ആനുപാതികമായി കുറവാണെങ്കിലും.

ഒരുപാട് ആഴവും പരപ്പും ഉള്ള വിഷയത്തിലേക്കാണ് യേശുദാസ് ഒരു ചെറിയ കല്ല്‌ വലിച്ചെറിഞ്ഞത്. അതിന്‍റെ പേരില്‍ അദ്ദേഹത്തെ കുരിശിലേറ്റും മുമ്പ് നമ്മള്‍ ചെയ്യുന്നത് എന്തെന്ന് നമ്മള്‍ തിരിച്ചറിയുകയാണ് പ്രധാനം.

 

[കാര്‍ട്ടൂണിന് എം സാരംഗിനോട് [മണി സാരംഗ്] കടപ്പാട്]

Leave a Reply