728-pixel-x-90-2-learn
728-pixel-x-90
<< >>

യൂറോപ്യന്‍ യൂണിയന്‍ വേണ്ടന്ന് ബ്രിട്ടീഷ് ജനഹിതം

ലണ്ടന്‍:ബ്രിട്ടന്‍ ഇനി യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തേക്ക്.ചരിത്രപരമായ ബ്രക്‌സിറ്റ് ജനഹിത പരിശോധനയില്‍ ബ്രിട്ടനിലെ 52 ശതമാനം പേര്‍ യൂണിയന്‍ വിടണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നതായി ഫലം വ്യക്തമാക്കി.ഫലപ്രഖ്യാപനം വന്നതോടെ യൂണിയനില്‍ തുടരണമെന്ന നിലപാട് സ്വീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു.ഫലപ്രഖ്യാപനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഓഹരിവ്യാപാരത്തെ ബാധിച്ചു.

ബ്രിട്ടനിലെ മൂന്ന് കോടി ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ ഹിത പരിശോധനയില്‍ 1,74,10,742(51.9 ശതമാനം) പേര്‍ യൂണിയന്‍ വിടണമെന്ന തീരുമാനത്തെ അനുകൂലിച്ചു.1,61,41,241(48.1 ശതമാനം) പേര്‍ മാത്രമേ ഡേവിഡ് കാമറോണിന്റെ നിലപാടിനെ പിന്തുണച്ചുള്ളു.1992 ലെ യു കെ തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവുമധികം ആളുകള്‍ വോട്ട് രേഖപ്പെടുത്തിയ ജനഹിതമായിരുന്നു ഇത്.43 വര്‍ഷത്തിന് ശേഷമാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ വേണ്ടയോ എന്ന പരിശോധന നടന്നത്.

ഫലം വന്നതിന് തൊട്ടുപിന്നാലെ യൂറോയക്കെതിര പൗണ്ടിന്റെ മൂല്യം 11 ശതമാനത്തോളം ഇടിഞ്ഞു.1985ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.ഇന്ത്യന്‍ ഓഹരിവിപണി സൂചികയായ സെന്‍സെക്‌സിലും നിഫ്റ്റിയിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ബ്രിട്ടനില്‍ നിക്ഷേപം നടത്തിയതുമായ കമ്പനികളുടെ ഓഹരിവിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി.വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.പൗണ്ടിന്റെ മൂല്യം ഇടിഞ്ഞത് ബ്രിട്ടനിലുള്ള പ്രവാസികളെയും വലിയ തോതില്‍ ആശങ്കയിലാക്കിയിട്ടുണ്ട്.

ഏറെ ആകാംഷയോടെയാണ് ലോകം ബ്രക്‌സിറ്റ് ഹിതരപരിശോധനയെ ഉറ്റുനോക്കിയിരുന്നത്.ബാലറ്റുപേപ്പറില്‍ ‘ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വിട്ടുപോകണമോ? ‘ എന്ന ഒറ്റ ചോദ്യം മാത്രമാണുണ്ടായിരുന്നത്.യൂറോപ്യന്‍ യൂണിയനെ ആശയപരമായും രാഷ്ട്രീയമായും എതിര്‍ക്കുകയും അനുകൂലിക്കകയും ചെയ്യുന്ന രണ്ട് പക്ഷം എന്നും ബ്രിട്ടനിലുണ്ട്.യു കെ ഇന്‍ഡിപെന്‍ഡന്‍ഡ്‌സ് പാര്‍ട്ടി നേതാവ് നൈജല്‍ ഫെറാഗ്,ലണ്ടന്‍ മുയന്‍ മേയര്‍ ബോറിസ് ജോണ്‍സണ്‍ തുടങ്ങിയവരാണ് യൂണിയന്‍ വിടണമെന്ന നിലപാട് സ്വീകരിച്ചത്.പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍,പ്രതിപക്ഷനേതാവ് ജെറെമി കോര്‍ബെന്‍,ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍,മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ തുടങ്ങിയവര്‍ യൂണിയനില്‍ തുടരണമെന്ന പക്ഷത്തിനായി ഉറച്ചുനിന്നു.അനധികൃത കുടിയേറ്റത്തിനെതിരായ ശക്തമായ ജനവികാരം മുതലാക്കാനായതാണ്പിന്‍മാറല്‍ പക്ഷത്തിന് കരുത്തായത്.

INDIANEWS24.COM International Desk

Leave a Reply