jio 800x100
jio 800x100
728-pixel-x-90
<< >>

യു എ ഇയില്‍ പുതിയ തൊഴില്‍നിയമത്തിന് അംഗീകാരം

അബുദാബി: പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാകുന്നതടക്കം തൊഴിലാളികള്‍ക്ക് സുരക്ഷിതത്ത്വമേകുന്ന നിബന്ധനകളടങ്ങിയ പുതിയ ഗാര്‍ഹിക തൊഴില്‍ നിയമത്തിന് യു എ ഇ സര്‍ക്കാരിന്റെ അംഗീകാരം. പരിഷ്‌കരിച്ച ഗാര്‍ഹികതൊഴിലാളി നിയമത്തിന് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആണ് അംഗീകാരം നല്‍കിയത്. രാജ്യത്ത് ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ നിയമം.വീട്ടുജോലിക്കാര്‍, ബോട്ടുതൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ പരിശീലകര്‍, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍, ഗാര്‍ഡുകള്‍ തുടങ്ങി 19 തൊഴില്‍ വിഭാഗക്കാര്‍ക്കാണ് പരിഷ്‌കരിച്ച നിയമത്തിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുക.

പരിഷ്‌കരിച്ച ഗാര്‍ഹിക തൊഴില്‍ നിയമപ്രകാരമുള്ള മാറ്റങ്ങള്‍ ഇവയൊക്കെ: തൊഴിലാളികളുടെ പ്രായപരിധി 18 വയസ്സായിരിക്കും. പാസ്‌പോര്‍ട്ട് അടക്കമുള്ള വ്യക്തിഗത രേഖകള്‍ കൈവശം സൂക്ഷിക്കാന്‍ അവകാശമുണ്ടായിരിക്കും. തൊഴിലാളിക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധം. രണ്ട് വര്‍ഷത്തിലൊരിക്കല്‍ വീട്ടില്‍ പോയി മടങ്ങിവരാനുള്ള ടിക്കറ്റ് തൊഴിലുടമ നല്‍കണം. വര്‍ഷത്തില്‍ 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിയും 30 ദിവസത്തെ മെഡിക്കല്‍ ലീവും അനുവദനീയം. തൊഴിലുടമയുടെ ചിലവില്‍ മികച്ച ഭക്ഷണം ഉറപ്പാക്കണം. വസ്ത്രം വാങ്ങാന്‍ ശേഷിയില്ലെങ്കില്‍ തൊഴിലുടമ നല്‍കണം. അനുയോജ്യമായ താമസസ്ഥലം ഒരുക്കിക്കൊടുക്കണം. ജോലി സംബന്ധിച്ച എല്ലാ വിവരങ്ങളും സ്വന്തം രാജ്യാതിര്‍ത്തി കടക്കും മുമ്പേ നിയമന നടപടികള്‍ നടത്തുന്ന ഏജന്‍സികള്‍ തൊഴിലാളികളെ അറിയിച്ചിരിക്കണം. ദിവസവും 12 മണിക്കൂര്‍ ഒഴിവ് സമയം നിര്‍ബന്ധം. അതില്‍ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായതാകണം. ആഴ്ച്ചയില്‍ ഒരു ദിവസം അവധിക്ക് അവകാശമുണ്ടായിരിക്കും. എ്ല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് ശമ്പളം ലഭിച്ചിരിക്കണം. നിശ്ചയിച്ച പ്രകാരമുള്ള ശമ്പളത്തില്‍ കുറവ്, കിട്ടാതിരിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാന്‍ പാടില്ല.

ആദ്യത്തെ ആറ് മാസത്തെ പ്രൊബേഷന്‍ കാലത്ത് തോഴിലാളിയെ ബോധിച്ചില്ലെങ്കില്‍ അവരെ തിരിച്ച് രാജ്യത്തേക്ക് അയക്കാനുള്ള ചിലവ് തൊഴിലുടമ വഹിക്കണം. ഇതിന്റെ ബാധ്യത നിയമനം നടത്തിയ ഏജന്‍സിക്കായിരിക്കും. തൊഴിലാളികളുടെ ഭാഗത്തു നിന്നുള്ള വീഴ്ച്ചകൊണ്ട് തൊഴിലുടമയ്ക്ക് ശമ്പളത്തില്‍ നിന്ന് ഈടാക്കണമെങ്കില്‍ കോടതിവിധിപ്രകാരം മാത്രമേ കഴിയൂ. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ട്രൈബ്യൂണലുകളെ സമീപിക്കാം രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഒത്തുതീര്‍പ്പായില്ലെങ്കില്‍ കോടതിയിലേക്ക് കേസ് മാറും. ഇത്തരം കേസുകള്‍ക്ക് കോടതിചിലവുകള്‍ സൗജന്യം.

തൊഴിലാളികള്‍ സ്വമേധയാ തൊഴില്‍ കരാറില്‍ നിന്നും പിന്‍മാറിയാല്‍ ഏജന്‍സികള്‍ തൊഴിലുടമയില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കണം. തൊഴിലാളികള്‍ക്ക് ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള കത്തിന്റെ പകര്‍പ്പ് നിയമനം നടത്തുന്ന ഏജന്‍സി തൊഴില്‍ മന്ത്രാലയത്തെ കാണിച്ചിരിക്കണം. അതില്‍ സ്വരാജ്യത്തേക്കുള്ള അവരുടെ തിരിച്ചുപോക്ക് എന്നാണെന്നതും രേഖപ്പെടുത്തിയിരിക്കണം. ജോലി വിടുന്നതിന് 48 മണിക്കൂര്‍ മുമ്പ് മന്ത്രാലയത്തെ അറിയിച്ചിരിക്കണം.

പുതിയ നിയമമനുസരിച്ച് നടപടികള്‍ പുനക്രമീകരിക്കാന്‍ ഏജന്‍സികള്‍ക്ക് ആറു മാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. അന്താരാഷ്ട്ര തൊഴില്‍ നിയമ നിലവാരത്തിലേക്ക് യു എ ഇ ഉയരുന്നതായി മാനവശേഷി വികസനമന്ത്രി പറഞ്ഞു. ഔദ്യോഗിക ഗസറ്റ് പ്രഖ്യാപനം വന്ന് രണ്ട് മാസത്തിനകം നിയമം പ്രാബല്യത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

INDIANEWS24.COM Gulf Desk

Leave a Reply