728-pixel-x-90-2-learn
728-pixel-x-90
<< >>

യുഎഇയില്‍ ഗാര്‍ഹികപീഡനം വര്‍ധിക്കുന്നു

ദുബായ്: യുഎഇയില്‍ ഗാര്‍ഹികപീഡനക്കേസുകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്നിരട്ടിയായി വര്‍ദ്ധിച്ചെന്ന് കണക്കുകള്‍. ഗാര്‍ഹികപീഡനം സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരണമെന്ന് നിയമവിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു.

2010ല്‍ 313 ഗാര്‍ഹികപീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2013ല്‍ ഇത് 840 ആയി വര്‍ധിച്ചു. ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ചതോ ഭീഷണിപ്പെടുത്തിയതോ അപകീര്‍ത്തിപ്പെടുത്തിയതോ ആയ കേസുകളാണ് ഇതില്‍ കൂടുതല്‍. 504 കേസുകളും ഇത്തരത്തില്‍ ഉള്ളവയാണ്.

ജീവിതപങ്കാളി, കുട്ടികള്‍, സഹോദരങ്ങള്‍ ഇവര്‍ക്കെതിരെ ഉള്ള പീഡനങ്ങള്‍ തടയാന്‍ ഇപ്പോള്‍ നിലവില്‍ ഉണ്ടെങ്കിലും ശിക്ഷ ഏകീകൃതമല്ല. ഈ സാഹചര്യത്തില്‍ ഏകീകൃതമായ ശിക്ഷയോടെ പുതിയ നിയമം കൊണ്ടുവരണമെന്ന നിര്‍ദേശം അറ്റോര്‍ണി ജനറലിന് സമര്‍പ്പിച്ചതായി അബുദാബി പബ്ലിക് പ്രൊസിക്യൂഷനിലെ ഫാമിലി പ്രോസിക്യൂഷന്‍ മേധാവി മുഹമ്മദ്‌ അല്‍ ദന്‍ഹാനി പറഞ്ഞു. വീട്ടില്‍ അരക്ഷിതരായ ഇരകള്‍ക്ക് വേണ്ടി കൂടുതല്‍ അഭയകേന്ദ്രങ്ങള്‍ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീകള്‍ കൂടുതലായി തൊഴില്‍രംഗത്തേക്ക് വന്നതാണ്‌ ഗാര്‍ഹികപീഡനം വര്‍ധിക്കാന്‍ ഒരു കാരണമെന്ന് ദന്‍ഹാനി പറഞ്ഞു. തന്നെക്കാള്‍ വരുമാനം ഭാര്യക്ക്‌ ഉണ്ടാകുന്നത്തില്‍ ഭര്‍ത്താവ് അസൂയാലുവാകുന്നത് പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഗാര്‍ഹികപീഡനങ്ങളില്‍ ഏറെയും ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്ന് ഫാമിലി പ്രോസിക്യൂട്ടര്‍ അലിയ അല്‍ കാബി പറഞ്ഞു.

Leave a Reply