728-pixel-x-90-2-learn
728-pixel-x-90
<< >>

യാത്രക്കാരുടെ നഷ്ടപരിഹാരം: വിമാനക്കമ്പനികള്‍ക്ക് സൗദിയില്‍ കര്‍ശന നിബന്ധന

റിയാദ്:സൗദിയില്‍ വിമാനം വൈകലടക്കമുള്ള യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശമുള്‍പ്പെടുന്ന ഉത്തരവുകള്‍ സര്‍ക്കാര്‍ ഇറക്കി.വിമാനം വൈകുന്നതിന് പുറമെ ലഗേജ് നഷ്ടപ്പെട്ടാല്‍ ഒരു ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കണമെന്നാണ് പുതിയ നിബന്ധനയിലുള്ളത്.വരുന്ന ഓഗസ്റ്റ് 11 മുതല്‍ നിബന്ധനകള്‍ പ്രാബല്യത്തിലാകും.

സൗദിയിലെ സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി തലവന്‍ കൂടിയായ ഗതാഗത മന്ത്രി സുലൈമാന്‍ അല്‍ ഹംദാന്‍ ആണ് വ്യോമയാന മന്ത്രാലയം രൂപംനല്‍കിയ പുതിയ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.വിമാനക്കമ്പനിയുടെ പിഴവ് മൂലം ഫ്‌ളൈറ്റ് വൈകുന്നതിനുള്ള പിഴ സംബന്ധിച്ച് പുതിയ നിബന്ധനയില്‍ പറയുന്നതിങ്ങനെ:വിമാനം വൈകുന്നത് മൂലം കാത്തിരിക്കാന്‍ നിര്‍ബന്ധിതരാകുന്ന യാത്രക്കാര്‍ക്ക് ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ കുടിക്കാന്‍ ശീതളപാനീയം നല്‍കണം.മൂന്നു മണിക്കൂറിലധികം സമയമായാല്‍ ഭക്ഷണം നല്‍കണം.പിന്നെയും സമയം നീണ്ടുപോയി ആറ് മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നാല്‍ എല്ലാവര്‍ക്കും യാത്രാ സൗകര്യം വിമാനക്കമ്പനി നല്‍കണം.കൂടാതെ ഓരോ യാത്രക്കാരനും 370 റിയാല്‍(ഏകദേശം 6500 രൂപ) പിഴ നല്‍കാനും വിമാനക്കമ്പനി ബാധ്യസ്ഥരാണ്.

വിമാനക്കമ്പനിയുടെ പിഴവുമൂലം ലഗേജുകള്‍ യാത്രക്കാരന് നഷ്ടപ്പെട്ടാല്‍ ഒരു ലക്ഷം രൂപവരെ നഷ്ടപരിഹാരം നല്‍കണമെന്നും പുതിയ നിബന്ധനയിലുണ്ട്.ഇത്തരത്തില്‍ യാത്രക്കാരന് ലഭിക്കാവുന്ന പരമാവധി നഷ്ടപരിഹാരത്തുകയായിരിക്കും 5900 റയാല്‍ (ഏകദേശം ഒരു ലക്ഷത്തി ആറായിരം രൂപ).ലഗേജ് നഷ്ടപ്പെടുന്നത് ആഭ്യന്തര യാത്രക്കാരനാണെങ്കില്‍ 1700 റയാലും രാജ്യാന്തര യാത്രക്കാരനാണെങ്കില്‍ 2800 റയാലുമായിരിക്കും നഷ്ടപരിഹാര തുക.നഷ്ടപ്പെടുന്ന ലഗേജിന്റെ മൂല്യമനുസരിച്ച് വ്യതിയാനമുണ്ടാകുമെങ്കിലും മേല്‍ പറഞ്ഞ തുകയായിരിക്കും പരമാവധി നഷ്ടപരിഹാരമായി ലഭിക്കുക.

മുന്‍കൂട്ടി നിശ്ചയിച്ച സര്‍വ്വീസുകല്‍ റദ്ദാക്കുമ്പോള്‍ യാത്രക്കാരനെ 21 ദിവസം മുമ്പ് അറിയിക്കണം.വികലാംഗര്‍ക്ക് നിശ്ചയിച്ച സേവനങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ ടിക്കറ്റിന്റെ രണ്ടിരട്ടി പിഴ നല്‍കേണ്ടിവരും.യാത്രക്കാര്‍ക്ക് നല്‍കേണ്ടിവരുന്ന പിഴ കൂടാതെ പതിനായിരം റയാല്‍ മുതല്‍ 25000 റയാല്‍ വരെ വിമാനക്കമ്പനികളും പിഴ ഒടുക്കേണ്ടിവരും.

INDIANEWS24.COM Gulf Desk

Leave a Reply