കോഴിക്കോട്:ദുബായില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രമദ്ധ്യേ ഐ എസ് വിരുദ്ധ പരാമര്‍ശവുമായി വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചയാളെ ഇറക്കിവിട്ട് വിമാനം സുരക്ഷിതമായി കോഴിക്കോട്ടെത്തി.ബഹളമുണ്ടാക്കി അക്രമാസക്തനായ ആളെ മുംബൈ വിമാനത്താവളത്തില്‍ സി ഐ എസ് എഫ് കസ്റ്റഡിയിലെടുത്തു.മാനസിക വൈകല്യമുള്ളയാളാണെന്നാണ് വിവരം.സംഭവത്തെ തുടര്‍ന്ന് വിമാനം മൂന്ന് മണിക്കൂര്‍ വൈകിയാണ് പ്രവാസികളുമായി നാട്ടിലെത്തിയത്.
പുലര്‍ച്ചെ നാലരയോടെ ദുബായില്‍ നിന്നും പുറപ്പെട്ട വിമാനത്തിലാണ് ആശങ്ക ജനിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.യാത്ര തുടങ്ങി അരമണിക്കൂറായപ്പോഴേക്കും ഒരാള്‍ ഐ എസ് വിരുദ്ധ പ്രസംഗവുമായി എഴുന്നേല്‍ക്കുകയായിരുന്നുവെന്ന് കോഴിക്കോട്ടെത്തിയ യാത്രക്കാര്‍ പറഞ്ഞു.പ്രസംഗം നിര്‍ത്താന്‍ യാത്രക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ അക്രമാസക്തനായി.തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് കീഴ്പ്പെടുത്തി.ഒന്നര മണിക്കൂറോളം പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിനകത്ത് പരിഭ്രാന്തി പരത്തി.ഒടുവില്‍ കോഴിക്കോട്ടേക്കുള്ള വിമാനം അടിയന്തിരമായി മുംബൈയിലിറക്കി സി ഐ എസ് എഫിന് കൈമാറുകയായിരുന്നു.ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരനെയും സേനയ്ക്കൊപ്പം ഇറക്കിവിട്ടു.കസ്റ്റഡിയിലുള്ള ഇരുവരെയും അധികം താമസിയാതെ വിട്ടയച്ചേക്കുമെന്നാണ് അറിയുന്നത്.
രാവിലെ പത്തിന് കോഴിക്കോട്ടെത്തേണ്ട വിമാനം മൂന്ന് മണിക്കൂറാണ് വൈകിയത്.യാത്രക്കാരില്‍ അധികവും മലയാളികളായിരുന്നു.
INDIANEWS24.COM Kozhikode