jio 800x100
jio 800x100
728-pixel-x-90
<< >>

യാക്കോബായ സഭയോട്‌ കേരളസര്‍ക്കാര്‍ നീതി പുലര്‍ത്തുന്നില്ല: ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത

കെ.പി. യോഹന്നാന്‍ നേതൃത്വം നല്‌കുന്ന സഭയെ കേരളത്തില്‍ റീത്തായി അംഗീകരിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും യാക്കോബായ -ഓര്‍ത്തഡോക്‌സ്‌ സഭാത്തര്‍ക്കത്തെക്കുറിച്ചും ഇക്കാര്യത്തില്‍ കേരളത്തില്‍ സര്‍ക്കാരിന്റെ നിലപാടുകളെക്കുറിച്ചും മാത്യൂസ്‌ മെത്രാപ്പോലീത്ത മനസ്‌ തുറന്നു സംസാരിക്കുന്നു. ഗ്ലോബല്‍ മലയാളം ഡയറക്ടര്‍ വിനോദ്‌ മത്തായി നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ പൂര്‍ണരൂപം.

അഭിമുഖത്തിന്റെ പൂര്‍ണരൂപം.:

 ഇന്ന്‌ പരമ്പരാഗത ക്രൈസ്‌തവ സഭകള്‍ വിശ്വാസപരമായി ഏറെ വെല്ലുവിളി നേരിടുകയാണ്‌. ഇത്തരം വെല്ലുവിളികളെ നേരിടാന്‍ സഭകളുടെ ഏകീകരണം ആവശ്യമാണോ?
സുറിയാനി യാക്കോബായസഭയുടെ തലവന്‍ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ സത്യസഭകളുടെ വിശ്വാസഐക്യത്തെ അനുകൂലിക്കുന്നുണ്ട്‌. പക്ഷേ സത്യവിശ്വാസികളും കാനോന്‍ നിയമം അനുസരിക്കുന്നവരുമായിട്ടായിരിക്കും സഭ അത്തരം കൂട്ടുകെട്ട്‌ അനുവദിക്കുകയുള്ളുവെന്നുമാത്രം. സത്യവിശ്വാസമെന്നാല്‍ യേശുക്രിസ്‌തുവിനെ ദൈവമായി അംഗീകരിക്കുക, പരിശുദ്ധ മാതാവിലുള്ള വിശ്വാസം, നമ്മളില്‍ നിന്ന്‌ മരണം കൊണ്ട്‌ വേര്‍പ്പെട്ടവര്‍ക്കായി മരണാനന്തര പ്രാര്‍ത്ഥനകള്‍ ഇതൊക്കെ സത്യവിശ്വാസത്തിന്റെ ലക്ഷണമാണ്‌. അങ്ങനെ വിശ്വാസത്തിലുള്ള ഏകീകരണം സാധ്യമായ ഏതു മേഖലയിലും സഭ അത്തരം ഒരു പരീക്ഷണത്തിന്‌ തയാറാണ്‌. എപ്പിസ്‌കോപ്പല്‍ സഭകളുമായി അത്തരത്തില്‍ സവിശ്വാസ സൗഹൃദമുണ്ട്‌ സഭയ്‌ക്ക്‌.
എന്നാല്‍ യാക്കോബായ സഭ സത്യവിശ്വാസം പുലര്‍ത്താത്ത ഏറെ ആരോപണ വിധേയനായ കെ.പി യോഹന്നാന്റെ സഭയെ കേരളത്തില്‍ യാക്കോബായ സഭയുടെ റീത്തായി അംഗീകരിക്കാന്‍ നീക്കം നടത്തുന്നതായി കേള്‍ക്കുന്നു. ഇതില്‍ വാസ്‌തവമുണ്ടോ?
ഇത്തരം അവാസ്‌തവ വിവരങ്ങള്‍ നല്‌കി സഭയെ മോശമാക്കുന്നത്‌ ഏത്‌ കുത്സിത ശക്തിയുടെ ഗൂഢാലോചനയുടെ ഫലമാണെന്ന്‌ മനസിലാവില്ല. സത്യവിശ്വാസം പുലര്‍ത്താത്ത ഏതൊരു സഭയെയും അംഗീകരിക്കാന്‍ പത്രോസിന്റെ പരിശുദ്ധ സിംഹാസനത്തില്‍ വാണരുളുന്ന പാത്രിയാര്‍ക്കീസ്‌ ബാവ തയ്യാറല്ല. കെ.പി യോഹന്നാന്റെ സഭയെക്കുറിച്ച്‌ എല്ലാവര്‍ക്കും അറിയാം. അവര്‍ സത്യവിശ്വാസം പുലര്‍ത്തുന്ന സഭയല്ല എന്നാണ്‌ എന്റെ വിശ്വാസം. അദ്ദേഹത്തിനെതിരെ വിശ്വാസപരമായും അല്ലാതെയും നേരിടുന്ന ആരോപണങ്ങള്‍ എല്ലാവര്‍ക്കും പരിചിതമാണല്ലോ.
ഇത്തരം ഒരു ചര്‍ച്ച നടന്നുവെന്ന്‌ പറയുന്നത്‌ അവാസ്‌തവമാണെന്നാണ്‌ എനിക്ക്‌ പറയുവാന്‍ ഉള്ളത്‌. സഭാ ആസ്ഥാനത്ത്‌ അത്തരം ഒരു ചര്‍ച്ച സംഘടിപ്പിക്കപ്പെട്ടിട്ടില്ല. ആരെയും പാത്രിയാര്‍ക്ക ബാവ അത്തരം ഒരു ചര്‍ച്ചയ്‌ക്കായി ചുമതലപ്പെടുത്തിയിട്ടുമില്ല. മാധ്യമങ്ങള്‍ ആരുടെയെങ്കിലും ആഗ്രഹങ്ങളെ സഭാചര്‍ച്ചകളായി വളച്ചൊടിച്ച്‌ സഭയെ കരിവാരി തേക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്നത്‌ ദുഃഖകരമാണ്‌.
സഭയുടെ യോജിപ്പിന്‌ സാമ്പത്തികത്തര്‍ക്കങ്ങള്‍ തടസമാകുന്നുണ്ടല്ലോ? ഇത്തരം വിയോജിപ്പുകള്‍ മാറ്റിവച്ച്‌ ഏകീകരണത്തിന്‌ സാധ്യതയുണ്ടോ? അതുവഴി സഭാവഴക്കുകള്‍ ഒരു പരിധി വരെ ഒഴിവാക്കുവാന്‍ സാധ്യതയില്ലേ?
അത്തരം ഒരു ഐക്യത്തെക്കുറിച്ച്‌ സഭ ഇപ്പോള്‍ ചിന്തിക്കുന്നില്ല. െൈദവശാസ്‌ത്രപരമായ തലത്തില്‍ കൂടി പരിഗണിക്കപ്പെടേണ്ട വിഷയമാണിത്‌. കത്തോലിക്ക സഭയുടെ തലവന്‍മാരുമായി ഇപ്പോള്‍ നല്ലൊരു സൗഹൃദം നാം കാത്തു സൂക്ഷിക്കുന്നുണ്ട്‌. കത്തോലിക്ക സഭയുടെ പാരമ്പര്യം റോമിലെ പോപ്പിന്റെ പരമാധികാരത്തെയാണ്‌ അംഗീകരിക്കുന്നത്‌. സുറിയാനി യാക്കോബായ സഭ പാത്രിയാര്‍ക്കീസ്‌ ബാവയെയാണ്‌ പത്രോസിന്റെ സിംഹാസനത്തിന്റെ വാണരുളുന്ന ശ്ലൈഹികപ്രതിനിധിയായി കാണുന്നത്‌. അത്തരം ദൈവശാസ്‌ത്ര വിഷയങ്ങള്‍ കടന്നുവരുന്ന വിഷയമാണ്‌ സഭാഐക്യമെന്നത്‌. അത്തരം വിഷയങ്ങളെ വെറും സമ്പത്തിന്റെ വിഷയമായി ചുരുക്കി ലൗകികമായി കാണുന്നത്‌ ശരിയല്ല. അത്‌ സഹസ്രാബ്ദം പഴക്കമുള്ള വിശ്വാസത്തിന്റെ നീതിസംഹിതകളില്‍ നിന്നും ദൈവശാസ്‌ത്ര പഠനങ്ങളില്‍നിന്നും രൂപപ്പെട്ടതാണ്‌.
യാക്കോബായ -ഓര്‍ത്തഡോക്‌സ്‌ സഭാത്തര്‍ക്കം ഇന്ന്‌ രൂക്ഷമായി കൊണ്ടിരിക്കുകയാണ്‌. ഒരു വിശ്വാസി എന്ന നിലയില്‍ ഇത്തരം തര്‍ക്കങ്ങളില്‍ എന്നെപ്പോലെയുള്ളവര്‍ ദുഃഖിതരാണ്‌. ഇത്തരം തര്‍ക്കങ്ങള്‍ സഭയുടെ പ്രതിച്ഛായ സമൂഹമധ്യത്തില്‍ മോശമാക്കുന്നില്ലേ?
യാക്കോബായ സഭ ഒരു കേസിനും ഇതുവരെ പോയിട്ടില്ല. സഭയ്‌ക്ക്‌ എതിരെ കേസിനു പോയത്‌ ഓര്‍ത്തഡോക്‌സ്‌ സഭയാണ്‌. ആ കേസിനെ പ്രൊട്ടക്ട്‌ ചെയ്യേണ്ട ചുമതല സഭയ്‌ക്കുണ്ട്‌. യേശുക്രിസ്‌തു ആര്‍ക്കെതിരെയും കേസു കൊടുത്തിട്ടില്ല. പ്രതിയായി മാത്രമേ നിന്നിട്ടുള്ളു, വാദിയായിട്ടില്ല. അത്തരം ഒരവസ്ഥയാണ്‌ യാക്കോബായ സഭയ്‌ക്കും കേരളത്തില്‍.
യാക്കോബായ സഭയ്‌ക്ക്‌ തുടര്‍ച്ചയായി പല കേസുകളിലും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണല്ലോ?
കേരളത്തിലെ നിലവിലുള്ള യുഡിഎഫ്‌ സര്‍ക്കാര്‍ നിലപാട്‌ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ അനുകൂലമാണെന്നാണ്‌ സഭാവിശ്വാസികളുടെ പൊതു വികാരം. ഉദാഹരണത്തിന്‌ കുറിഞ്ഞിപള്ളിയുടെ കാര്യംമാത്രം പരിഗണിച്ചാല്‍ മതി. എതിര്‍ യാക്കോബായ വിഭാഗത്തിന്‌ കുര്‍ബാനയര്‍പ്പിക്കാന്‍ എല്ലാവിധ ഒത്താശയും ചെയ്‌തുകൊടുത്ത സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തോട്‌ എന്താണ്‌ കാണിച്ചത്‌? ഞങ്ങളുടെ മെത്രാനെ പള്ളിയിലേയ്‌ക്കുള്ള വഴിയില്‍വച്ച്‌ തന്നെ പോലീസ്‌ തടഞ്ഞു. തര്‍ക്കമുള്ളവരില്‍ ഒരു വിഭാഗത്തിന്‌ ആര്‍ടിഒയുടെ ഒത്താശയോടെ കുര്‍ബാന നടത്താന്‍ അനുമതി നല്‌കുക, മറ്റൊരു കൂട്ടരെ പോലീസ്‌ തല്ലിയോടിക്കുക. ഇത്തരത്തില്‍ വ്യക്തമായ പക്ഷപാതപരമായ നിലപാടു സ്വീകരിക്കുന്ന മറ്റൊരു സര്‍ക്കാരിനെയും യാക്കോബായ സഭ ഇതുവരെ കണ്ടിട്ടില്ലെന്നാണ്‌ സഭാ വിശ്വാസികളുടെ പൊതുവികാരം. തൃക്കുന്നത്ത്‌ സെമിനാരി വിഷയത്തിലും സര്‍ക്കാര്‍ നിലപാടെന്താണെന്ന്‌ വിശ്വാസികള്‍ കാണുകയാണ്‌. അങ്ങനെ പല വിഷയങ്ങളിലും സര്‍ക്കാര്‍ നിലപാട്‌ നീതിപൂര്‍വ്വമല്ല. അതിന്‌ ഈ സര്‍ക്കാര്‍ കനത്ത വില നല്‌കേണ്ടി വന്നേക്കാം.
യാക്കോബായ സഭയുടെ ഇടുക്കി മെത്രാപ്പോലീത്ത ക്ലിമീസ്‌ തിരുമേനി സഭാതലവന്‌ പണം നല്‌കിയാണ്‌ മെത്രാന്‍പദവി സ്വന്തമാക്കിയതെന്ന ആരോപണത്തെക്കുറിച്ച്‌ എന്താണ്‌ പാത്രീയര്‍ക്കീസ്‌ നിലപാട്‌?
തിരുമേനിയുടെ ആരോപണം തികച്ചും തെറ്റാണെന്നാണ്‌ ഞാന്‍ കണ്ടെത്തിത്‌. അദ്ദേഹം സഭയെ അവഹേളിക്കുന്ന നിലപാടാണ്‌ സ്വീകരിച്ചത്‌. സുറിയാനി സഭയുടെ ഇന്ത്യന്‍ ചുമതല വഹിക്കുന്നയാള്‍ എന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തോട്‌ നേരിട്ട്‌ വ്യക്തിപരമായി കണ്ട്‌ സംസാരിച്ചിരുന്നു. ഇനിയും ഇത്തരത്തില്‍ അദ്ദേഹത്തിന്‌ ഒരു പരാതി ഉണ്ടെങ്കില്‍ അത്‌ ഉന്നയിക്കാന്‍ സഭയില്‍ നൂറുകണക്കിന്‌ വേദികളുണ്ട്‌. മെത്രാന്മാരുടെ സംഘത്തില്‍ പറയാം, അല്ലെങ്കില്‍ നേരിട്ട്‌ പാത്രിയാര്‍ക്കയോട്‌ തന്നെ പറയാന്‍ സ്വാതന്ത്യമുണ്ട്‌ ഈ സഭയില്‍. എന്നാല്‍ അതൊന്നും ചെയ്യാതെ മാധ്യമങ്ങളെ വിളിച്ച്‌ പരാതി സഭയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചതിനെ യാതൊരുവിധത്തിലും ന്യായീകരിക്കാന്‍ സാധ്യമല്ല. അദ്ദേഹം പണം കൊടുത്ത്‌ മെത്രാന്‍പട്ടം സ്വന്തമാക്കിയാല്‍ അതും തെറ്റു തന്നെയല്ലേ.
അദ്ദേഹം ഒരു സന്യാസിനിയെ കൂടെ താമസിപ്പിക്കുകയും അവരുടെ വെളിപാടുകള്‍ ദൈവത്തിന്റെ ദര്‍ശനങ്ങളായി വ്യാഖ്യാനിക്കുകയും ചെയ്‌തിരുന്നുവല്ലോ?
ദൈവം ദര്‍ശനങ്ങള്‍ നല്‌കുമെന്നത്‌ വാസ്‌തവമാണ്‌. എന്നാല്‍ ഈ കന്യാസ്‌ത്രീ വഴി നല്‌കിയ ദര്‍ശനങ്ങള്‍ തികച്ചും തെറ്റാണ്‌. സഭാവിരുദ്ധമാണ്‌. ഇത്തരം കീഴ്‌വഴക്കങ്ങളെ വച്ചുപൊറുപ്പിക്കാന്‍ സഭ ഒരുക്കമല്ല. ദര്‍ശനം പലവിധത്തിലാവാം. ദര്‍ശനം ദൈവീകമാണോ പൈശാചികമാണോ എന്ന്‌ തിരിച്ചറിയാനുള്ള പക്വത സഭാനേതാക്കള്‍ കാണിക്കണം.
ഇത്തരം ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സഭ അപക്വമതികളെ മെത്രാന്മാരുക്കുന്നതാണ്‌ പ്രശ്‌നമെന്ന്‌ പറയപ്പെടുന്നുവല്ലോ?
ചോദ്യം എന്നെ ഉദ്ദേശിച്ചാണോ? പ്രലോഭനങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകുന്നുണ്ട്‌. ലൗകീകതയുടെ വലിയൊരു ലോകമാണ്‌ നമുക്ക്‌ ചുറ്റും. ഇവിടെ പ്രാര്‍ത്ഥനാ ജീവിതമാണ്‌ അതിനൊരു പോം വഴി. ഏറെ അലോചനകള്‍ക്കും പഠനങ്ങള്‍ക്കും ശേഷമാണ്‌ നാം സന്യാസത്തിന്റെ വഴി തിരഞ്ഞെടുക്കുന്നത്‌ നമ്മള്‍ തിരഞ്ഞെടുക്കുന്ന വരത്തോട്‌ നാം വിശ്വസ്‌തരാകണം. എങ്കില്‍ മാത്രമേ വിശ്വാസികളെ നയിക്കാന്‍ നാം പ്രാപ്‌തരാകുകയുള്ളു. ദൈവം തന്റെ ജനത്തെ നയിക്കാന്‍ തിരഞ്ഞെടുത്തത്‌ യുവാക്കളെയാണ്‌. അവര്‍ വിശ്വാസത്തില്‍ തീക്ഷണതയുള്ളവരായിരുന്നു. അത്തരം തീക്ഷണതയില്‍ ജ്വലിച്ചാല്‍ മാത്രമേ സഭാനേതാക്കള്‍ക്ക്‌ നല്ല മാതൃകയാവാന്‍ കഴിയൂ.
പൗരസ്‌ത്യസഭയുടെ ആസ്ഥാനമായ സിറിയ ഇന്ന്‌ കലാപഭൂമിയാണ്‌. അവിടുത്തെ അനുഭവം എന്താണ്‌?
സിറിയയില്‍ ആഭ്യന്തര കലഹം രൂക്ഷമാണ്‌. ഒരിക്കല്‍ വരുമ്പോള്‍ പട്ടാളക്കാര്‍ ഒരു യുവാവിനെ വെടിവച്ചു കൊല്ലുന്നത്‌ നേരില്‍ കാണുവാന്‍ ഇടയായി. ഇവിടെ സിറിയയില്‍ മിസൈലുകള്‍ ആകാശത്തിലൂടെ പാറിനടക്കുന്നു. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. കഠിനമായ അരാജകത്വത്തിലാണ്‌ ജനം ജീവിക്കുന്നത്‌. പക്ഷേ ഈ പ്രതിസന്ധി ഘട്ടത്തിലും ജനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മനോധൈര്യം പ്രശംസനീയമാണ്‌. സിറിയയില്‍ നിന്ന്‌ സഭയുടെ തലസ്ഥാനം താല്‌കാലികമായി മാറ്റിയിരിക്കുകയാണ്‌.
അവിടെ സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍?
ദാരിദ്ര്യവും തൊഴിലില്ലായ്‌മയും രാജ്യത്തെ പിടിച്ചുകുലുക്കുന്നു. സഭ ഇവിടെ ക്യാമ്പുകളില്‍ ഭക്ഷണവും വസ്‌ത്രവും എത്തിക്കുന്നുണ്ട്‌. കൂടാതെ ജനങ്ങള്‍ക്ക്‌ യൂറോപ്യന്‍ രാജ്യങ്ങളിലേയ്‌ക്ക്‌ കുടിയേറുവാന്‍ സഹായം ചെയ്‌തു കൊടുക്കുന്നുണ്ട്‌. സിറിയയിലെ ആഭ്യന്തര കലഹം ശമിക്കാന്‍ ജനങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്നാണ്‌ എന്റെ അഭ്യര്‍ത്ഥന.
എന്തുകൊണ്ടാണ്‌ സന്യാസത്തിന്റെ വഴി തിരഞ്ഞെടുത്തത്‌?
ഹോട്ടല്‍ മാനേജ്‌മെന്റ്‌ പഠനം പൂര്‍ത്തിയാക്കി ഒരു വലിയ ഹോട്ടലില്‍ ജോലി ചെയ്‌തുകൊണ്ടിരിക്കെയാണ്‌ ഞാന്‍ വൈദീകജീവിതം തിരഞ്ഞെടുക്കുവാന്‍ തീരുമാനിച്ചത്‌. അന്ന്‌ ഹോട്ടലിന്റെ ഉടമസ്ഥനായ ദീപക്‌ ചോപ്ര എനിക്ക്‌ ജോലിയില്‍ പ്രമോഷന്‍ തരുവാന്‍ തീരുമാനിച്ച ദിവസമാണ്‌ ഞാന്‍ ജോലി രാജിവച്ച്‌ വൈദികനാകുവാന്‍ തീരുമാനിച്ച വിവരം അദ്ദേഹത്തോട്‌ പറയുന്നത്‌. സന്യാസം മണ്ടന്മാരുടെ വഴിയാണെന്നും പിന്നീട്‌ ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം ഉപദേശിച്ചു. മണ്ടന്മാരെയാണ്‌ കര്‍ത്താവിന്‌ ആവശ്യമെന്ന്‌ പറഞ്ഞുകൊണ്ടാണ്‌ ഞാന്‍ വൈദിക ജീവിതാന്തസ്‌ തിരഞ്ഞെടുത്തത്‌.
അമ്മയുടെ മരണം മനസിലെ വല്ലാതെ ഉലച്ചിരുന്നുവെന്ന്‌ കേട്ടിട്ടുണ്ട്‌?
മാതാപിതാക്കള്‍ അധ്യാപകരായിരുന്നു. അമ്മയുടെ മരണമാണ്‌ എന്നെ ലൗകിക ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്‌മയെക്കുറിച്ച്‌ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്‌. അവര്‍ നല്‌കിയ ശിക്ഷണവും മാതൃകയും എല്ലാ മനുഷ്യരിലും ദൈവത്തെ കാണുവാന്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്‌.

 കടപ്പാട് :ജേക്കബൈറ്റ് ഓണ്‍ ലൈന്‍ 

Leave a Reply