jio 800x100
jio 800x100
728-pixel-x-90
<< >>

യഥാര്‍ത്ഥ ജനസമ്പര്‍ക്കത്തിനു മുഖ്യമന്ത്രി തയ്യാറുണ്ടോ…?

ജീവിതത്തില്‍ വിഷമങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി അതിനു കണ്ടെത്തിയ പരിപാടിയാണ് ജനസമ്പര്‍ക്ക പരിപാടി.കൊള്ളാം നല്ല ആശയം.വികലാംഗര്‍ക്ക് വീല്‍ ചെയര്‍ അനുവദിക്കുക,പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം അനുവദിക്കുക,ഗ്രാമ പഞ്ചയാത്തില്‍ അപേക്ഷ നല്‍കിയിട്ടും വീട് ലഭിക്കാത്തവര്‍ക്ക് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക തുടങ്ങിയ എല്ലാ സമ്പര്‍ക്ക സഹായവും നല്ലത് തന്നെ.വരുന്ന ആളുകളുടെ ഒക്കെ പ്രശ്നങ്ങള്‍ കേട്ട് ശേഷം ഒരു ഒപ്പിട്ട് പിന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥനെ എല്‍പ്പിക്കുന്നു.ആ ഉദ്യോഗസ്ഥന്‍ ആ കടലാസുമായി അനൌണ്‍സ് ചെയ്യുന്ന ആളുടെ അടുക്കലേക്ക് ഓടുന്നു.ഉടന്‍ തന്നെ അദ്ദേഹം മൈക്കിലൂടെ വിളിച്ചു പറയും  .ഉദാ:കോട്ടയം വിജയപുരം പഞ്ചായത്തില്‍ നിന്നും വന്ന രാജപ്പന്‍റെ ചികിത്സാ ചിലവിലേക്ക് ‘മൂവായിരം രുപ അനുവദിച്ചിരിക്കുന്നു’.അങ്ങനെ ജനസമ്പര്‍ക്കത്തിന് വന്ന ആയിരങ്ങളില്‍ നിന്നും ഒരു രോഗിയെ അടര്‍ത്തി എടുത്ത് മൂവായിരം രൂപ നല്‍കി അവിടെ കൂടി നിന്ന ജനസാഗരത്തിന്‍റെ മുന്നില്‍ ഭംഗിയായി മാര്‍ക്കറ്റ് ചെയ്യും.അത് തത്സമയം വെബ് കാസ്റ്റ് ചെയിത് ലോകം മുഴവനും അറിയിക്കുന്നു.അദ്ദേഹം ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ക്ക് പോലും രാഷ്ട്രീയമായ ലാഭം ഉണ്ടാക്കണം,എന്ന് ഗ്ലോബല്‍ മാര്‍ക്കറ്റിലെ ഒരു നേതാവ് ആഗ്രഹിക്കുന്നതില്‍ തെറ്റ് പറയാന്‍ ആവില്ല.

പക്ഷെ ,സ്വന്തം ജില്ലയിലെ മെഡിക്കല്‍ കോളെജിന്‍റെ ഏതെങ്കിലും ഒരു വാര്‍ഡിലേക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ കേരളത്തില്‍ ആരുമില്ലാതായിപ്പോയി.കിടക്കാന്‍ കട്ടില്‍ ഇല്ലാതെ വൃത്തിഹീനമായ നിലത്ത് കിടക്കുന്ന രോഗികള്‍ക്ക് സഹായം നല്‍കാന്‍ കേരളത്തിലെ ഭരണത്തലവനു ചുമതല ഇല്ലേ ? കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്കാനിംഗ് മെഷിനുകള്‍ ,ചില കറുത്ത കൈകളുടെ ഇടപെടല്‍ മൂലം പ്രവര്‍ത്തന രഹിതമാകുന്നു.അതിന്റെ പേരില്‍ മാത്രം തഴച്ചു വളരുന്ന സ്കാനിംഗ് സെന്ററുകള്‍ എന്ന കൊള്ളക്കാരെ കാണുന്നില്ലേ.അങ്ങനെ കാണുന്നില്ലെങ്കില്‍ സമ്പര്‍ക്കവും  ചങ്ങാത്തവും നല്ല ആളുകളുമായി അല്ല എന്ന് കരുതേണ്ടി വരും.

കേരളത്തിലെ ഭരണകര്‍ത്താക്കളുടെ ഏതെങ്കിലും തെറ്റായ കാര്യങ്ങളെ ചൂണ്ടി കാണിച്ചാല്‍ ആദ്യം പറയുന്ന മറുപടി ‘അത് കഴിഞ്ഞ ഇടതു സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ പദ്ധതി ആണ്.ഇടതു മുന്നണി ഭരിക്കുമ്പോള്‍ തിരിച്ചും ഇതേ പല്ലവി ഉപയോഗിച്ചു ചെറുത്ത് നില്‍ക്കും.ബഹുമാനപ്പെട്ട കേരള മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെ കുറിച്ച് ഇടതു /വലത് രാഷ്ട്രീയത്തിന്റെ ആരോപണ പ്രത്യാരോപണങ്ങള്‍ അവര്‍ നടത്തട്ടെ.

പന്തല്‍ കെട്ടി രോഗികളെയും നിരാലംബരെയും വികലംഗരെയും വിളിച്ചു വരുത്തി പരിഹാരം കാണാന്‍ അപേക്ഷയില്‍ ഒപ്പിട്ടു തള്ളുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യഥാര്‍ത്ഥ പ്രശ്നങ്ങളെ നേരിടാന്‍ തയ്യാറുണ്ടോ?അതിനുള്ള കരളുറപ്പ് ബഹുമാന്യനായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടെങ്കില്‍ തന്‍റെ  സ്വന്തം തട്ടകമായ പുതുപ്പള്ളിയോട് ചേര്‍ന്ന് കിടക്കുന്ന വിജയപുരം പഞ്ചായത്തിലെ വടവാതൂര്‍ എന്ന സ്ഥലത്തേക്ക് ചെല്ലൂ.ആ നാട്ടിലെ ആളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ പന്തല്‍ കെട്ടേണ്ട.ക്ഷണക്കത്ത് വേണ്ട.കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡണ്ടിനെ കൊണ്ട് ഒരു അറിയിപ്പ് നല്‍കിയാല്‍ മതി.അവിടെ ആയിരങ്ങള്‍ തടിച്ചു കൂടും.കോട്ടയം നഗരത്തിന്‍റെ മാലിന്യങ്ങള്‍ കൊണ്ട് ചെന്ന് തള്ളുന്ന സ്ഥലത്ത് ജീവിക്കാന്‍ വിധിക്കപ്പെട്ട പാവം മനുഷ്യരാണ് അവിടെയുള്ളത്.വിളപ്പില്‍ശാലയും കൊച്ചിയും ഒക്കെ പോലെ തന്നെ മറ്റുള്ളവന്റെ മാലിന്യങ്ങള്‍ പേറാന്‍ വിധിക്കപ്പെട്ട പാവം മനുഷ്യര്‍ .ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവ് മാസത്തില്‍ മൂന്ന്‍ തവണ എങ്കിലും ആ വഴി സഞ്ചരിക്കുന്നുണ്ട്.ജലദോഷം ഇല്ലാത്ത സമയങ്ങളില്‍ മൂക്ക് പൊത്താതെ ആ വഴി പോകില്ല എന്നും ആ നാട്ടില്‍ ഉള്ളവര്‍ക്ക് അറിയാം.അല്ലെങ്കില്‍ കാറിന്‍റെ  ചില്ലുകള്‍ അടച്ചു എയര്‍ കണ്ടിഷന്‍ ഓണ്‍ ചെയിത് എയര്‍ ഫ്രെഷനര്‍ അടിക്കുന്നുണ്ടാകും.

ഗ്രാമങ്ങളില്‍ രാപ്പാര്‍ക്കാത്ത ജഡ്ജിമാരും ആ പാവങ്ങളെ കൈവിട്ടു. മുഖ്യമന്ത്രി കേരളം മുഴുവനും നടന്നു പ്രശ്നങ്ങള്‍ പരിഹരിക്കുന്ന തിരക്കില്‍ സ്വന്തം നാട്ടിലെ മാലിന്യ പ്രശ്നം മറന്നതാകാന്‍ ഇടയില്ല.അത് പരിഹരിക്കാന്‍ ഉള്ള ശേഷി ഇല്ല എന്നതല്ലേ സത്യം. അദ്ദേഹത്തെ പോലെയുള്ളവര്‍ ഭരിച്ചും , ക്രിയാത്മക പ്രതിപക്ഷം ആയിരുന്ന്‍ ഭരണം നടത്തിച്ചും ഒക്കെ ഉണ്ടാക്കി വെച്ച ,പ്രശ്നങ്ങളുടെ പടുകുഴിയില്‍ വീണ് പോകുന്നവരില്‍ നിന്നും ചിലരെ തിരഞ്ഞെടുത്ത് ആയിരവും പതിനായിരവും നല്‍കി മൈക്കിലൂടെ വിളിച്ചു പറഞ്ഞു പ്രശസ്തി നേടേണ്ടി വന്ന ഈ ഗതികേട് ഇതിനു മുന്‍പ് ഒരു നേതാവിനും ഉണ്ടായിട്ടില്ല.

രാഷ്ട്ര നിര്‍മ്മാണ പ്രക്രിയ കേരള മുഖ്യമന്ത്രിയുടെ ആദ്യ പരിഗണന അല്ല എന്ന് അദ്ദേഹം സ്വയം പ്രഖ്യാപിച്ചിട്ടുണ്ട് .ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടല്‍ ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ പരിഗണന എങ്കില്‍ അതും നല്ലത് തന്നെ .എങ്കില്‍ കാസര്‍കോഡ് എന്‍ഡോള്‍ഫാന്‍ ദുരിത ബാധിതര്‍ മുതല്‍ വിളപ്പില്‍ശാലയിലെ മാലിന്യത്തിന്റെ ദുരിതം അടക്കം നിരവധി പ്രശ്നങ്ങള്‍ പരിഹാരം കാത്തു കിടക്കുന്നുണ്ട്.ജനസമ്പര്‍ക്കം ഉള്ള ഒരു ഭരണാധികാരിയെ അവര്‍ തിരയുന്നു.തിരഞ്ഞെടക്കപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പോലെയുള്ളവര്‍ സെല്‍ഫ് പ്രമോഷന്‍ മാര്‍ക്കെറ്റിങ്ങ് പരിപാടികളുമായി തടി തപ്പുന്നു.കഷ്ടം എന്നല്ലാതെ ഒന്നും പറയാനില്ല.

Leave a Reply