jio 800x100
jio 800x100
728-pixel-x-90
<< >>

മോഹൻലാൽ പങ്കെടുത്താൽ എന്താണ് കുഴപ്പം?

ആഗസ്റ്റിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ നടൻ മോഹൻലാൽ പങ്കെടുക്കുമോ ഇല്ലയോ എന്ന് ഇനിയും തീരുമാനമായിട്ടില്ല.എന്നാൽ ആ ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയായി വരുന്നത് സംസ്ഥാനത്തിന് മൊത്തത്തിൽത്തന്നെ അപമാനകരമാകുമെന്ന മട്ടിൽ ആദ്യം ഒരു സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.എന്നാൽ ഇപ്പോൾ പ്രസ്തുത സംവിധായകൻ മാത്രമല്ല അവാർഡ് ദാനച്ചടങ്ങ് സംഘടിപ്പിക്കുന്ന കേരള ചലച്ചിത്ര അക്കാഡമി ഭാരവാഹികൾ മുതൽ കവി സച്ചിദാനന്ദനും എൻ.എസ്.മാധവനും തുടങ്ങി 108 പേരുടെ ഭീമ ഒപ്പുഹർജി മുഖ്യമന്ത്രിക്കു സമർപ്പിക്കപ്പെട്ടിരിക്കുകയാണ്.അതിൽ പരാമർശിക്കുന്ന പേരുകാർക്കെല്ലാം ഒരേ അഭിപ്രായമാണോയെന്ന് അറിയില്ല. മാത്രമല്ല നടന്‍  പ്രകാശ്‌ രാജ്, ക്യാമറമാന്‍ സന്തോഷ്‌   തുണ്ടിയില്‍ തുടങ്ങിയവര്‍ തങ്ങളെ    തെറ്റിദ്ധരിപ്പിച്ച് ഭീമ ഹര്‍ജിയുടെ ഭാഗമാക്കിയതാനെന്നും  മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഒരു പ്രതിഷേധവുമില്ലെന്നും  അതിനെ സര്‍വ്വാത്മനാ   സ്വീകരിക്കുന്നുവെന്നും പറയുന്നു.
“ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ്. മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ ആ താരം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട ഒരു വിധി നിര്‍ണ്ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ വല്ലാതെ ചെറുതാക്കുന്ന ഒരു നടപടി ആകും അത്. അത്തരം ഒരു കീഴ്‌വഴക്കം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ അനുവര്‍ത്തിക്കരുത് എന്ന് ഞങ്ങള്‍ ഓര്‍മപ്പെടുത്തുന്നു.’-ആ ഹർജിയുടെ സാരാംശമാണിത്.
ഈ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ജേതാവായ പ്രതിഭാധനനായ നടൻ ഇന്ദ്രൻസിന് തനിക്ക് അവാർഡ് ലഭിക്കുന്ന ചടങ്ങിൽ മോഹൻലാൽ പങ്കെടുത്താൽ അത് തന്നെ ചെറുതാക്കുമെന്ന ഒരു അഭിപ്രായം ഉണ്ടാകുമെന്ന് ദീർഘകാലമായി അദ്ദേഹത്തെ പരിചയമുള്ള ഒരാളെന്ന നിലയിൽ ഇതെഴുതുന്നയാൾക്ക് തോന്നുന്നില്ല.മറിച്ച് മോഹൻലാലിനെപ്പോലെ പ്രതിഭാശാലിയായ ഒരു നടൻ പങ്കെടുക്കുന്നത് ആ ചടങ്ങിനെ സമ്പന്നമാക്കുമെന്ന അഭിപ്രായമേ ഇന്ദ്രൻസിന് ഉണ്ടാവാനിടയുള്ളു.യഥാർത്ഥത്തിൽ മോഹൻലാൽ മാത്രമല്ല മമ്മൂട്ടി,അടൂർ ഗോപാലകൃഷ്ണൻ,എം.ടി.വാസുദേവൻനായർ,ഷാജി.എൻ.കരുൺ ,ശാരദ,ഉർവ്വശി തുടങ്ങി ഈ മേഖലയിലെ മഹാപ്രതിഭകളെയെല്ലാം ക്ഷണിക്കേണ്ടതാണ്.കാരണം ഇത് സിനിമയിൽ കഴിഞ്ഞ വർഷം മികവ് പ്രകടമാക്കിയവർക്ക് അവാർഡ് നൽകുന്ന ചടങ്ങാണ്.അവിടെ മുൻകാലങ്ങളിൽ മികവ് തെളിയിക്കുകയും മലയാളസിനിമയ്ക്ക് അന്തർദേശീയ തലത്തിൽ ആദരം നേടിക്കൊടുത്തവരുമായവരുടെ സാന്നിദ്ധ്യം ആ ചടങ്ങിന്റെ ശോഭ കൂട്ടുമെന്ന് മാത്രമല്ല ഈ പ്രതിഭകളുടെ മുന്നിൽ അംഗീകാരം സ്വീകരിക്കുന്നതിന്റെ ആഹ്ളാദവും അവാർഡ് ജേതാക്കൾക്ക് ഉണ്ടാകും.
അമ്മയുടെ പ്രസിഡന്റ് എന്ന മേൽവിലാസത്തിൽ ക്ഷണിക്കപ്പെടേണ്ട ഒരു കലാകാരനാണോ മോഹൻലാൽ? ഇന്ന് ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന അതുല്യനായ നടൻമാരിലൊരാളാണ്.നടനെന്ന നിലയിലും താരമെന്ന നിലയിലും ജനലക്ഷങ്ങളുടെ ആരാധനാപാത്രവുമാണ്.പലവട്ടം ദേശീയ-സംസ്ഥാന അവാർഡുകൾ നേടിയ വ്യക്തിയുമാണ്.തന്റെ നാട്ടിൽ താൻ പ്രവർത്തിക്കുന്ന രംഗവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് മോഹൻലാലിനെ വിലക്കണമെന്ന് പറയുന്നത് ഒരു സർഗാത്മക രചനാസൃഷ്ടിയെ പിൻവലിപ്പിച്ചതുപോലെ ഫാസിസമല്ലേ?.കഴിഞ്ഞവർഷത്തെ ചലച്ചിത്ര അവാർഡിന് മോഹൻലാൽ അഭിനയിച്ച ചിത്രങ്ങൾ മത്സരിച്ചിട്ടുണ്ടാകാം.അതിൽ അവാർഡ് ലഭിച്ചില്ലെന്നതിനാൽ മോഹൻലാൽ എന്ന നടന്റെ പ്രതിഭയ്ക്ക് മങ്ങലേൽക്കുമോ? സംസ്ഥാന അവാർഡ് നേടിയ ഇന്ദ്രൻസിന് ദേശീയ അവാർഡ് കിട്ടാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് കോട്ടം തട്ടുമോ? അഭിപ്രായം ആർക്കും പറയാം .പക്ഷേ വസ്തുതകൾ പരിപാവനമാണെന്നത് ഓർക്കുന്നത് നല്ലത്.
രസകരമായ ഒരു കാര്യം.ലക്ഷങ്ങൾ ചെലവഴിച്ച് സർക്കാർ തിരുവനന്തപുരത്ത് നടത്തുന്ന രാജ്യാന്തര ഡോക്യുമെന്ററി-ഹൃസ്വ ചലച്ചിത്രമേളയിൽ ലോംഗ് ഡോക്യുമെന്ററി മത്സര വിഭാഗത്തിൽ ഒരൊറ്റ മലയാള ചിത്രമില്ലായിരുന്നു.അതേക്കുറിച്ച് കമായെന്നൊരക്ഷരം മിണ്ടാൻ ഈ ഒപ്പിട്ട സാംസ്കാരിക ബുദ്ധിജീവികളിൽ ആരെയും കണ്ടില്ല.മലയാള സിനിമയ്ക്ക് ദേശീയാംഗീകാരം ആദ്യമായി നേടിക്കൊടുത്ത രാമുകാര്യാട്ടിനെക്കുറിച്ചുള്ള ചിത്രം ഈ മേളയിൽ കാണിക്കാതിരുന്നതിനെക്കുറിച്ചും ഒരു വാക്ക് മിണ്ടിയില്ല. ധിഷണാശാലിയായ ഒ.വി.വിജയനെതിരെ പരിഹാസരൂപേണ പ്രതികരിക്കുകയും ആക്രോശിക്കുകയും ചെയ്തത് ശരിയായില്ലെന്ന് പറയാൻ ആരുമുണ്ടായില്ല. ആദരവർഹിക്കുന്ന ഒരു പത്രാധിപരെ ചെറ്റയെന്ന് വിളിച്ചിട്ട് ഒരുകാലത്ത് അദ്ദേഹത്തിന്റെ തൂലികത്തുമ്പിൽ നിന്ന് നല്ലവാക്ക് കേൾക്കാൻ കൊതിച്ച എഴുത്തുപരമ്പരയിലെ ഒരാളും പ്രതികരിച്ചില്ല. ഇത് ഒരുതരം സാംസ്കാരിക ടെററിസമാണ്.പക്ഷേ കേരളത്തിലെ ജനങ്ങൾ മണ്ടൻമാരല്ല.അവർക്ക് ഈ കാപട്യമൊക്കെ തിരിച്ചറിയാൻ കഴിയും.
നിർഭാഗ്യകരമായ ഒരുകാര്യം ഈ കാര്യങ്ങളിലൊന്നും ഉറച്ച നിലപാട് സ്വീകരിക്കാൻ സാംസ്കാരിക വകുപ്പിന് കഴിയുന്നില്ലെന്നതാണ്.ഡോക്യുമെന്ററി ഫെസ്റ്റിവലിൽ നടക്കാൻ പാടില്ലാത്തത് നടന്നിട്ടും പ്രതികരിക്കാൻപോലും മന്ത്രി തയ്യാറായില്ല.ഇപ്പോൾ മോഹൻലാലിനെ മുഖ്യാതിഥിയായി അദ്ദേഹം ക്ഷണിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉറച്ചു നിൽക്കാൻ അദ്ദേഹം തയ്യാറാകുമോ? നിശ്ചയദാർഢ്യമുള്ള ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോൾ അതിന്റെ പത്തിലൊന്ന് ഇച്ഛാശക്തിയെങ്കിലും മന്ത്രി പ്രകടമാക്കണ്ടേ?
വാൽക്കഷണം:മോഹൻലാലിന്റെ കാൾഷീറ്റിന് ഇതെഴുതുന്നയാൾ അപേക്ഷ കൊടുത്തിട്ടില്ല.
കടപ്പാട് : വി എസ് രാജേഷ് , കേരളകൗമുദി.
lal award 4 lal award 2

Leave a Reply