jio 800x100
jio 800x100
728-pixel-x-90
<< >>

“മോഹന്‍ലാല്‍” പൊളിച്ചു !

മോഹൻലാൽ! മലയാളിയുടെ മനസ്സില്‍ നിലയ്ക്കാത്ത ഓളങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഈ സൂപ്പര്‍ ബ്രാന്‍ഡിനെ പ്രമേയമാക്കി എത്തിയിരിക്കുന്ന ഈ ചിത്രം ലോക സിനിമയിലെ തന്നെ ഒരപൂര്‍വ്വതയാണ്. മോഹന്‍ലാലിന്റെ തന്നെ കരിയര്‍ ബെസ്റ്റ്ആയ ഇരുവര്‍ ഉള്‍പ്പെടെ ചലച്ചിത്ര താരങ്ങളുടെ ജീവിതത്തെ അധികരിച്ച് ധാരാളം ബയോപിക്കുകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും വെള്ളിവെളിച്ചത്തില്‍ ഇന്നും വിരാജിക്കുന്ന ഒരു താരത്തെ അധികരിച്ച് അയാളുടെ ആരാധികയുടെ ജീവിതത്തിലൂടെ പേരുപോലെ, സർവത്ര മോഹൻലാൽ മയമുള്ളൊരു ചലച്ചിത്രാവിഷ്കാരം  സമ്മാനിക്കുന്നത് തീര്‍ത്തും ഒരു പുതുമ തന്നെയാണ്. ടൈറ്റിൽ കാർഡിലൂടെ കടന്ന് സംഭാഷണം, പാട്ട്, പശ്ചാത്തല സംഗീതം, സംഘട്ടനം, കഥാപാത്രങ്ങളുടെ പേര്  എന്നിങ്ങനെ ഒടുവിൽ തെളിയുന്ന നന്ദി പ്രകാശനം വരെ സിനിമയുടെ സർവ മേഖലകളിലും മോഹൻലാൽ മയമാണീ ചിത്രം.മോഹൻലാൽ കാഴ്ചകളിൽമാത്രം ഒതുങ്ങാതെ ഒരു സമ്പൂര്‍ണ്ണ എന്റര്‍ടെയിനര്‍ സമ്മാനിക്കാന്‍ സംവിധയകന്‍ സാജിദ് യഹിയയ്ക്ക് സാധിച്ചിരിക്കുന്നു.മോഹന്‍ലാല്‍ എന്ന വിസ്മയ നടനെ മനസ്സിലേറ്റിയവര്‍ക്ക് ഈ ചിത്രം സമ്മാനിക്കുന്ന ഗൃഹാതുരത്വം തന്നെയാണ് ഒരു വന്‍ വിജയത്തിലേക്ക് ചിത്രത്തെ എടുത്തുയര്‍ത്തുന്നത്.   

പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ കലവൂര്‍ രവികുമാറിന്റെ “മോഹന്‍ലാലിനെ എനിക്ക് പേടിയാണ്”എന്ന ചെറുകഥയില്‍ നിന്ന് ഊര്‍ജ്ജം കൊണ്ട ഈ ചിത്രത്തിനു തിരക്കഥ യൊരുക്കിയിരിക്കുന്നത് സുനീഷ് വാരനാടാണ്.നിരവധി കഥാപാത്രങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിൽ, മീനാക്ഷിയായെത്തുന്ന മഞ്ജു വാരിയരും സേതുവായെത്തുന്ന ഇന്ദ്രജിത്തും തന്നെയാണ് പ്രധാന ആകര്‍ഷണം.മഞ്ജു വാരിയര്‍ എന്ന നായികയെ കേന്ദ്രീകരിച്ചു നീങ്ങുന്ന ഈ  ചിത്രം മഞ്ജുവിന്റെ ആരാധകര്‍ക്കും ഉത്സവമാകും. സേതുലക്ഷ്മിയുമായുള്ള  മഞ്ജുവിന്റെ രംഗങ്ങള്‍ തിയേറ്ററില്‍ ഉയര്‍ത്തുന്ന ആരവം ചെറുതല്ല.നിയന്ത്രിത അഭിനയത്തിലൂടെ ഇന്ദ്രജിത്തും പ്രേക്ഷക പ്രീതി നേടുന്നു.തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നുമുള്ള ഒരു മോചനമായി മാറുകയാണ് ഇന്ദ്രജിത്തിന് “മോഹന്‍ലാല്‍”.

സൗബിൻ താഹിർ,സലിം കുമാർ,ബിജുക്കുട്ടൻ,ശ്രീജിത്ത് രവി,ബാലചന്ദ്രൻ ചുള്ളിക്കാട്, കെപിഎസി ലളിത, അജു വർഗീസ്,കോട്ടയം പ്രദീപ്,  സുനിൽ സുഖദ, കോട്ടയം നസീർ, ഹരീഷ് കണാരൻ, അഞ്ജലി നായർ, കൃഷ്ണകുമാർ, സുധി കോപ്പ, ഭാസ്കരന്‍ പിള്ള എന്ന നാമധേയവുമായി എത്തുന്ന നായ, ഇന്ദ്രജിത്തിന്റെയും മഞ്ജുവിന്റെയും കുട്ടിക്കാലം അവതരിപ്പി ച്ചവര്‍  തുടങ്ങി കടുത്ത പ്രേം നസീര്‍ ആരാധികയായി എത്തുന്ന സേതുലക്ഷ്മി  വരെയുള്ളവര്‍ തങ്ങളുടെ വേഷം ഗംഭീരമാക്കി. ഷാജികുമാറിന്റെ ക്യാമറയും ടോണി ജോസഫ്, നിഹാൽ സാദിഖ് എന്നിവരുടെ സംഗീതവും പ്രകാശ് അലക്സിന്റെ പശ്ചാത്തല സംഗീതവും മികച്ചുനിന്നു.mohanlal movie - 2

ഒരവധിക്കാല എന്റര്‍ടെയിനര്‍ പ്രതീക്ഷിച്ചു എത്തുന്ന പ്രേക്ഷകര്‍ക്ക് വിശിഷ്യാ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഈ ചിത്രം ഒരു വിരുന്നു തന്നെയാണ്.അതോടൊപ്പം മോഹന്‍ലാല്‍ എന്ന നടന്‍ ജനമനസുകളില്‍ എത്ര കണ്ടു കുടിയേറിരിക്കുന്നു എന്ന തിരിച്ചറിവും താരാരാധനയുടെ വിവിധ മാനങ്ങളും ഈ ചിത്രം പകര്‍ന്നു തരുന്നു.

INDIANEWS MOVIES DESK

 

Leave a Reply