728-pixel-x-90-2-learn
728-pixel-x-90
<< >>

മോഹന്‍ലാലും മിയാന്‍ദാദും പിന്നെ “ആ സിക്സറും”

കൊച്ചി : 1986 ലെ ആസ്ത്രലേഷ്യ കപ്പിന്‍റെ ഷാര്‍ജയില്‍ നടന്ന ഫൈനല്‍ ക്രിക്കറ്റ്‌ പ്രേമികള്‍ മറക്കാനിടയില്ല. ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയ ആ ഫൈനല്‍ മത്സരത്തിന്‍റെ അവസാന പന്ത് വരെ ഇന്ത്യയ്ക്കായിരുന്നു വ്യക്തമായ മുന്‍‌തൂക്കം.തപ്പിയും തടഞ്ഞും വിക്കറ്റ് കളയാതെ നിന്ന മിയാന്‍ദാദിനെ ആരും കാര്യമാക്കിയില്ല. പക്ഷെ പ്രതിഭകള്‍ എത്ര ചാരംമൂടിയാലും വര്‍ദ്ധിത തിളക്കത്തോടെ തിരികെ വരും എന്ന പ്രപഞ്ച സത്യം ആരും ഓര്‍ത്തതുമില്ല.ചേതന്‍ ശര്‍മ്മ എന്ന ഫോമിലുള്ള ഹരിയാന പേസ് ബൌളര്‍ അവസാന പന്ത് എറിയാനെത്തുമ്പോള്‍ പാകിസ്താന് നാല് റണ്‍സ് അകലെയായിരുന്നു വിജയം. പക്ഷെ പിന്നീട് നമ്മള്‍ കണ്ടത് അവിസ്മരണീയമായ ഒരു പ്രകടനമാണ്. ചേതന്‍ ശര്‍മ്മയുടെ അവസാന പന്ത് ഗാലറിയില്‍ നിന്നാണ് പിന്നീട് കണ്ടെത്തിയത്.അവസാന പന്തില്‍ നേടിയ ആ സിക്സര്‍ ഒരു അസാമാന്യ പ്രതിഭയ്ക്ക് മാത്രം നേടാന്‍ പറ്റുന്ന ഒന്നായിരുന്നു.27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ മുഹൂര്‍ത്തം നമുക്ക് (കണ്ടവര്‍ക്ക്) മറക്കാനാവാത്ത ഒരു ദൃശ്യം തന്നെയാണ് ഇന്നും എന്നും.

സമാനമായ ഒരു പ്രകടനമാണ് തണുത്തു വിറങ്ങലിച്ച ഈ ഡിസംബറില്‍ തീ കോരിയിട്ടുകൊണ്ടിരിക്കുന്നത്. ഇവിടെ മിയാന്‍ദാദിനു പകരം മോഹന്‍ലാല്‍ എന്ന പ്രതിഭയാണ് എന്ന വ്യത്യാസമേയുള്ളൂ.2013 ല്‍ ഒരു വിജയ ചിത്രം പോലുമില്ലാതെ ഉഴറിയ മോഹന്‍ലാല്‍ ദൃശ്യം എന്ന ചിത്രത്തിലൂടെ തന്റെ എക്കാലത്തെയും ഹിറ്റുകളെ മറികടക്കുന്ന ഒരു മഹാവിജയം സമ്മാനിച്ചിരിക്കുന്നു,ഒരു സൂപ്പര്‍ താര പരിവേഷവുമില്ലാതെ.തനി കര്‍ഷകനായി രണ്ടു പെണ്‍കുട്ടികളുടെ അച്ഛനായ 45 വയസിനു മുകളിലുള്ള ഒരു സാധാരണ മനുഷ്യനെ അവതരിപ്പിച്ചു കൊണ്ട് 2013 തന്റെ ഏറ്റവും മികച്ച വര്‍ഷമാക്കി മാറ്റിയിരിക്കുന്നു.അതിനവസരമൊരുക്കിയത് മികച്ച തിരക്കഥയുമായി ദൃശ്യത്തെ മുന്നില്‍ നിന്ന് നയിച്ച ജീത്തു ജൊസഫ് എന്ന യുവ പ്രതിഭയും.

2013ല്‍ ആറ് ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി പൂര്‍ത്തിയായത്.ഇതില്‍ ചില ചിത്രങ്ങള്‍ റിലീസ് ചെയ്യാനിരിക്കുന്നതേയുള്ളു.വിജയുമൊത്തുള്ള ജില്ലയായാണ് ലാലിന്‍റെ അടുത്ത റിലീസ്. ജനുവരിയില്‍ ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ജില്ലയിലും മികച്ച കഥാപാത്രമാണ് ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് സെക്കന്‍ഡ് ഷോ ഫെയിം ശ്രീനാഥ് രാജേന്ദ്രന്‍റെ കൂതറ എന്ന ചിത്രമാണ് ലാലിന്റെതായി എത്തുക.കൂതറയില്‍ സുപ്രധാനമായ ഒരു അതിഥി വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത് എന്നറിയുന്നു.

2014ല്‍ 11 ചിത്രങ്ങള്‍ക്ക് ലാല്‍ കരാറൊപ്പുവച്ചു എന്നാണു അറിയുന്നത്ത്.ഇവ പൂര്‍ത്തിയാനും റിലീസ് ചെയ്യാനും 2015 ആകും.2011-2012 വര്‍ഷങ്ങളില്‍ അഞ്ച് ചിത്രങ്ങള്‍ വീതമാണ് ലാല്‍ പൂര്‍ത്തിയാക്കിയത്. അതേ സമയം 2014ല്‍ നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിനെ കാത്തിരിക്കുന്നത്.2014ല്‍ ലാലിന്‍റെ പ്രധാന ചിത്രങ്ങളിലൊന്ന് സ്പിരിറ്റിന് ശേഷം രഞ്ജിത്തുമായി ഒന്നിക്കുന്ന ചിത്രമാണ്.ഇതിന്‍റെ ഷൂട്ടിംഗ് ജനുവരി 10നു ആരംഭിക്കും എന്നറിയുന്നു.ചിത്രത്തില്‍ മഞ്ജു വാര്യരും പൃഥ്വിരാജും ഉണ്ടാകുമോയെന്ന കാര്യം ഇനിയും സ്ഥിരീകരിച്ചിട്ടില്ല.രഞ്ജിത്ത് ചിത്രത്തെതുടര്‍ന്ന് ജോഷിയുടെ ലൈല ഓ ലൈല എന്ന ചിത്രമാണ്. ജോഷി-മോഹന്‍ലാല്‍ – അമല പോള്‍ ടീം റണ്‍ ബേബി റണ്‍ എന്ന മെഗാ ഹിറ്റിന് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്.ഇതിനിടെ റിലീസായ ലാല്‍ – ജോഷി ചിത്രം ലോക്പാലിന്‍റെ പരാജയവും സലാം കശ്മീര്‍ എന്ന ചിത്രം വൈകുന്നതും മൂലം ലൈല ഓ ലൈല ജോഷിക്ക് നിര്‍ണ്ണായകമാണ്.അതുകൊണ്ട്തന്നെ ചിത്രത്തെകുറിച്ചുള്ള പ്രതീക്ഷയും ഏറുകയാണ്.

ഏപ്രില്‍ മെയ് മാസങ്ങളില്‍ അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയ്ക്കുവേണ്ടിയാകും മോഹന്‍ലാല്‍ ഒരുങ്ങുക.തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ ചിത്രമാണ് ചാര്‍ട്ട് ചെയ്തിരിക്കുന്നതെന്നറിയുന്നു.ഈ ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.മാടമ്പി,ഗ്രാന്‍ഡ്‌ മാസ്റ്റര്‍ എന്നീ ഹിറ്റുകള്‍ക്ക്ര്‍ ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ഫ്രോഡ്, മുരളി ഗോപിയുടെ തിരക്കഥയില്‍ ട്രാഫിക് ഫെയിം രാജേഷ് പിള്ള ഒരുക്കുന്ന ലൂസിഫര്‍ എന്നിവയും ലാലിന്റെ 2014ലെ പ്രൊജക്ടുകളാണ്.കൂടാതെ ദൗത്യം ഫെയിം അനിലിന്റെ ചിത്രം, വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയെല്ലാം 2014ലും 2015 ലുമായി തയ്യാറാകാന്‍ പോകുന്ന മോഹന്‍ലാല്‍ ചിത്രങ്ങളാണ്.പ്രിയദര്‍ശന്‍റെ കുഞ്ഞാലി മരയ്ക്കാരും 2014ലെ പ്രമുഖ ലാല്‍ ചിത്രങ്ങളിലൊന്നാണ്.

കരിയറിന്‍റെ മുപ്പത്തിയഞ്ചാം വര്‍ഷത്തിലും ഒരു നായക നടനെ കാത്ത് നിര്‍മ്മാതാക്കള്‍ കാത്തുനില്‍ക്കുന്നു എന്നത് അപൂര്‍വ്വമാണ്.അതില്‍തന്നെ തുടര്‍ച്ചയായി ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍ (1986ലെ രാജാവിന്‍റെ മകന്‍ മുതല്‍ )സൂപ്പര്‍ സ്റ്റാറായി നിലകൊള്ളുക എന്നത് അത്യപൂര്‍വ്വം. ഏതായാലും ദൃശ്യത്തിലൂടെ ഒരു പരിധി വരെ “ബാധ്യതയായി” മാറിയ “നരസിംഹ പരിവേഷം” പൂര്‍ണ്ണമായും അഴിച്ചുവെയ്ക്കാന്‍ സാധിച്ച മലയാളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയും ജനപ്രിയതാരവുമായ മോഹന്‍ലാലിനു മലയാള സിനിമയുടെ യശസ്സുയര്‍ത്താന്‍ പര്യാപ്തമായ ഒരു പിടി നല്ല ചിത്രങ്ങള്‍ക്ക് വരും വര്‍ഷങ്ങളില്‍ ചുക്കാന്‍ പിടിക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കാം.

SANU INDIANEWS24.COM

Leave a Reply