ന്യൂഡല്‍ഹി:പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നടൻ മോഹൻലാൽ, മുന്‍ ഐ എസ് ആര് ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണൻ, കുൽദീപ് നെയ്യാര്‍ എന്നിവരുൾപ്പടെ 14 പേര്‍ക്ക് ഇത്തവണ പത്മഭൂഷണ്‍ പുരസ്കാരം.രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്, സംഗീതജ്ഞന് ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന പുരസ്ക്കാരം ലഭിച്ചു. നാനാജി ദേശ്മുഖിനും ഭൂപന്‍ ഹസാരികയ്ക്കും മരണാനന്തരബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളികളുടെ അഭിമാനമുയര്‍ത്തി അഞ്ച് പേര്‍ക്കാണ് പത്മപുരസ്കാരങ്ങള്‍ ലഭിച്ചത്. നടൻ മോഹൻലാൽ, ഐഎസ്ആർഒ മുൻ ശാസത്രജ്ഞൻ നമ്പി നാരായണൻ, സംഗീതജ്ഞൻ കെജി ജയൻ, പുരാവസ്തുവിദഗ്ദ്ധൻ കെ കെ മുഹമ്മദ്, ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനദ്ധ എന്നിവർ കേരളത്തിന്റെ പത്മ തിളക്കമായി മാറി.
അഭിനയജീവിതത്തില്‍ നാല്‍പ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന നടന് മോഹന്‍ലാല്‍ വമ്പന്‍ ബോക്സോഫീസ് വിജയങ്ങളുമായി തന്റെ കരിയറിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴാണ് പത്മഭൂഷണ്‍ പുരസ്കാരം സ്വന്തമാക്കുന്നത്. അഞ്ചു തവണ അദ്ദേഹത്തിനു മികച്ച നടന്0,നിര്‍മ്മാതാവ്,സഹനടന്‍ എന്നീ വിഭാഗങ്ങളില്‍ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഏറ്റവുമധികം തവണ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടിയ മോഹന്‍ലാലിനു 2001ല്‍ പത്മ ശ്രീ പുരസ്കാരവും ലഭിച്ചിരുന്നു.ഇതിനു മുമ്പ് പ്രേം നസീറിനും യേശുദാസിനും മാത്രമാണ് മലയാളത്തില്‍ നിന്നും പത്മഭൂഷന്‍ പുരസ്കാരം ലഭിച്ചിട്ടുള്ളത്.983-ലാണ് പ്രേംനസീറിന് പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചത്. പിന്നീട് 2002-ല്‍ യേശുദാസിനും പത്മഭൂഷണ്‍ ലഭിച്ചു. അതിനു ശേഷം 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്. ഏകദേശം നാല്‍പ്പത് വര്‍ഷമായി മലയാള സിനിമയുടെ സൂപ്പർതാരമായി തിളങ്ങുന്ന മോഹൻലാൽ പത്മഭൂഷൺ പുര്സകാരവാർത്ത അറിയുമ്പോൾ ഹൈദരാബാദിൽ പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു.
മോഹന്‍ലാലിന്റെ പ്രതികരണം ചുവടെ :
ഈ പുരസ്കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷവും ഒരുപാട് അഭിമാനവും തോന്നുന്നു. 40 വര്‍ഷമായി സിനിമയില്‍ തുടരുന്ന ഒരാളെന്ന നിലയില്‍ ഇതുവരെ ഒപ്പം നിന്ന എല്ലാവര്ക്കും എല്ലാ പ്രേക്ഷകര്‍ക്കും ഈ ഘട്ടത്തില്‍ നന്ദി പറയുകയാണ്.പ്രിയദര്ശന് ചിത്രം മരക്കാറിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് ഞാനിപ്പോള്‍ ഉള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയദര്‍ശന്റെ തന്നെ കാക്കക്കുയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദാരാബാദില്‍ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് എനിക്ക് പത്മശ്രീ പുരസ്കാരവും ലഭിച്ചത്. ഇതുവരെ ലഭിച്ച എല്ലാ അംഗീകാരങ്ങളും ഒരുപാട് ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. തീര്‍ച്ചയായും മുന്നോട്ടുള്ള യാത്രയില്‍ ഈ പുരസ്കാരവും വലിയ പ്രചോദനമാവും എന്ന് പ്രതീക്ഷിക്കുന്നു.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുങ്ങി ജയിലില്‍ കിടക്കുകയും സിബിഐയുടെ നീണ്ടകാലത്തെ വേട്ടയാടലിന് ഇരയാവുകയും ചെയ്ത നമ്പി നാരായണനാണ് മോഹൻലാലിനൊപ്പം പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച മറ്റൊരു മലയാളി. രാജ്യം ഉറ്റുനോക്കിയ കേസിലെ പ്രതിയായും വെറുക്കപ്പെട്ടവനായും ജീവിതത്തിലെ നല്ലൊരു കാലം കഴിച്ച നമ്പി നാരായണനോട് ജീവിതസായാഹ്നത്തിൽ രാജ്യം നൽകുന്ന പ്രായശ്ചിത്തം കൂടിയാണ് പത്മപുരസ്കാരം
പ്രശസ്ത സംഗീതജ്ഞന്മാരായ ജയവിജയന്മാരിലെ കെ.ജി ജയന് ഇക്കുറി പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സംഗീതരംഗത്ത് ആറ് പതിറ്റാണ്ടിലേറെ സജീവമായ അദ്ദേഹത്തിന് വളരെ വൈകിയാണെങ്കിലും അര്‍ഹിച്ച പുരസ്കാരമാണ് ലഭിക്കുന്നത്. ആറാം വയസ്സ് മുതല്‍ സഹോദരനൊപ്പം സംഗീതം അഭ്യസിച്ചു തുടങ്ങിയ കെജി ജയന് അദേഹത്തിന്റെ 85-ാം വയസ്സിലാണ് പത്മ പുരസ്കാരം ലഭിക്കുന്നത്. സഹോദരൻ കെജി വിജയന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയിലും സംഗീതത്തിൽ സ്വയം സമർപ്പിച്ചു ജീവിക്കുന്ന കെജി ജയന് ചലച്ചിത്ര താരം മനോജ് കെ ജയന്റെ പിതാവാണ്.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ ഉത്തരമേഖല ഡയറക്ടറായി വിരമിച്ച കോഴിക്കോട്ടുകാരന് കെകെ മുഹമ്മദ് രാജ്യത്തെ അറിയപ്പെടുന്ന പുരവാസ്തുവിദഗ്ദ്ധരില്‍ ഒരാളാണ്. പത്മശ്രീ പുരസ്കാരം നൽകിയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും പുരവസ്തുവകുപ്പിനും അദ്ദേഹം നൽകിയ സംഭാവനകളെ രാജ്യം ഇപ്പോൾ ആദരിക്കുന്നത്. സര്‍വ്വീസിലിരിക്കുന്ന കാലത്ത് ഒട്ടനവധി ചരിത്രസ്മാരകങ്ങളും അവശേഷിപ്പുകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വീണ്ടെടുത്തിരുന്നു. അക്ബര്‍ പണി കഴിപ്പിച്ച ഇബാദത് ഖന്ന, ഫത്തേഫൂര്‍ സിക്രിയില്‍ അക്ബര്‍ പണിത ഉത്തരേന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളി, അശോക ചക്രവര്‍ത്തി കേസരിയയില്‍ സ്ഥാപിച്ച ബുദ്ധസ്തൂപം, വൈശാലിയിലെ ബുദ്ധസ്തൂപം, എന്നിവ വീണ്ടെടുത്തത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന പര്യവേക്ഷണത്തിലാണ്. ഞാന്‍ ഭാരതീയന് എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനദ്ധയ്ക്ക് പത്മശ്രീ പുരസ്കാരമാണ് ഇക്കുറി ലഭിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് വിശ്വാസികളെത്തുന്ന ശിവഗിരി മഠത്തിന്റെ അധിപതിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന് ആത്മീയമേഖലയ്ക്ക് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പത്മശ്രീ പുരസ്കാരം നല്‍കിയിരിക്കുന്നത്.
മൊത്തം 94 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്കാരം നല്‍കിയിരിക്കുന്നത് 14 പേര്‍ക്ക് പത്മഭൂഷണും നല്കിയപ്പോള് സംഗീതജ്ഞന് ടീജന്‍ ഭായി, വിദേശിയായ ഇസ്മയില്‍ ഒമര്‍ ഗുല്ലേല (ജിബൂട്ടി), വ്യവസായിയായ അനില്‍കുമാര്‍ മണിഭായ് നായിക്, നടന് ബല്‍വന്ത് മൊറേശ്വര്‍ പുരന്ദേര്‍ എന്നിവര്‍ക്ക് രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ ലഭിച്ചു. അന്തരിച്ച മാധ്യമപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തരബഹുമതിയായി പത്മഭൂഷണ്‍ നല്കി. സിനിമാ താരങ്ങളായ മനോജ് ബാജ്പേയ്, പ്രഭുദേവ, ഫുട്ബോള്‍ താരം സുനില്‍ ഛേത്രി, ക്രിക്കറ്റ് താരം ഗൗതം ഗൗഭീര്‍, ഗായകന് ശങ്കര്‍ മഹാദേവന്, ഡ്രം മാന്ത്രികന് ശിവമണി എന്നിവര്‍ക്ക് പത്മശ്രീ ലഭിച്ചു.
INDIANEWS24 NEW DELHI DESK