jio 800x100
jio 800x100
728-pixel-x-90
<< >>

മോസയിലെ കുതിര മീനുകള്‍ അത്ര മോശമല്ല !

മോസയിലെ കുതിരമീനുകള്‍ മോശമായ കാലാവസ്ഥയിലും നാല്‍പ്പത് ശതമാനം തിയേറ്റര്‍ കളക്ഷനുമായി പിടിച്ച് നില്‍ക്കുന്നു എന്നത് അത്ര മോശമല്ലാത്ത കാര്യമാണ്.മികച്ച കുതിര മീന്‍ ക്യാമറ ചലിപ്പിച്ച അഭിനന്ദ് രാമാനുജന്‍ തന്നെയാണ്.ഒരു മോശം തിരക്കഥയെ സിനിമയാക്കാന്‍ സംവിധായകന് കരുത്തേകാന്‍ അഭിനന്ദിനു കഴിഞ്ഞു.ജയിലിനുള്ളിലെയും ലക്ഷദീപിലെയും കാഴ്ചകളും അണ്ടര്‍ വാട്ടര്‍ സീക്വന്‍സുകളും ചിത്രത്തെ കുറച്ചൊന്നുമല്ല സഹായിച്ചത്.ജിബ്-ക്രയിന്‍ ഷോട്ടുകളുടെ വിന്ന്യാസം ചിത്രത്തിന്റെ മൂഡ്‌ നില നിര്‍ത്താനും തിരക്കഥയുടെ ബലഹീനത മറികടക്കുവാനും ഉപയോഗിച്ച അഭിനന്ദിന്‍റെ യും സംവിധായകന്‍ അജിത്ത് പിള്ളയുടെയും ശ്രമം ശ്ലാഘനീയമാണ്.

ഏതായാലും ക്ലീഷേ സിനിമകളുടെ കുത്തൊഴുക്കില്‍ തന്റേതായ വ്യക്തിത്വം സൂക്ഷിക്കാന്‍ അഭിനന്ദിന്‍റെ സഹായത്തോടെയാണെങ്കിലും നവാഗതനായ അജിത്‌ പിള്ളയ്ക്ക് കഴിഞ്ഞു.ലക്ഷദീപിന്റെ തനതു ഭാഷയുടെ അവതരണം ചിത്രത്തിനു മിഴിവേകുന്നു.ഇക്കാര്യത്തില്‍ തിരക്കഥാകൃത്ത് അഭിനന്ദനം അര്‍ഹിക്കുന്നു.പക്ഷെ  പ്രശാന്ത് പിള്ളയുടെ സംഗീതം ചിത്രത്തിന്റെ സാധ്യതകളെ ഒരു പരിധി വരെ ഇല്ലാതാക്കി.ജീവസുറ്റ സംഗീതം കൂടി ഉണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷെ കുതിര മീനുകള്‍ തിയേറ്ററില്‍ സ്വര്‍ണ്ണ മീനുകളായി മാറിയേനെ.

സ്വാഭാവിക അഭിനയത്തിലൂടെ മലയാളിക്ക് ചുരുക്കം ചിത്രങ്ങളിലൂടെ പ്രിയങ്കരനായ സണ്ണി വെയ്ന്‍ കുതിര മീനിലെ ഏറ്റവും വലിയ മീനായി മാറുകയാണ്.സ്ഥിരം നായക വേഷക്കാരുടെ അടുത്ത ചങ്ങാതിയായി അവരുടെ കഥ പറയാന്‍ നിയോഗിക്കപ്പെട്ടിരുന്ന സണ്ണിയ്ക്ക് കുതിര മീനിലൂടെ തന്റെ കഥ പറയാന്‍ ആസിഫ് അലിയിലൂടെ ഒരു ഉറ്റ ചങ്ങാതിയെ ലഭിച്ചിരിക്കുന്നു.

ആസിഫ് സ്ഥിരം ശൈലിയിലൂടെ തന്റെ കഥാപാത്രത്തെ അവതരീപ്പിച്ചിരിക്കുന്നു.തന്റെ അഭിനയത്തില്‍ കുറച്ചു കൂടി പുതുമ കൊണ്ട് വരാന്‍ ഈ നടന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.എല്ലാ ചിത്രങ്ങളിലും ഒരേ തരാം വേഷങ്ങള്‍ ഒരേ ശൈലിയില്‍ അവതരിപ്പിച്ചു മറവിയുടെ യവനികക്ക് പിന്നിലൊളിച്ച ഒത്തിരി നായകന്മാരുടെ അനുഭവം ആസിഫ് ഓര്‍ക്കുന്നത് നന്നായിരിക്കും.കുതിര മീനിലെ കഥാപാത്രത്തെ ആസിഫ് മോശമാക്കി എന്നല്ല ഉദ്ദേശിക്കുന്നത്.

swathi reddiനായികമാരില്‍ തമ്മില്‍ ഭേദം സ്വാതി റെഡ്ഡിയാണ്.ജനനി അയ്യര്‍ നിര്‍ജ്ജീവതയുടെ ആള്‍ രൂപമായി തോന്നി.ആസിഫ് അലിക്ക് വേണ്ടി മനപൂര്‍വ്വം  ഒരു നായികയെ സൃഷ്ടിച്ചത് പോലെ തോന്നിപ്പിച്ചു ജനനിയുടെ കഥാപാത്രം.അത് കൊണ്ട് തന്നെ ആ കഥാപാത്രം മുഴച്ചുനില്‍ക്കുന്നതായി പ്രേക്ഷകന് അനുഭവപ്പെടുന്നു.ഒരു സുഹൃത്തിന്റെ മുഖത്ത് തെളിയുന്ന പുഞ്ചിരിക്കായുള്ള നിസ്വാര്‍ത്ഥതയാവണം ജീവിതലക്ഷ്യം  എന്ന് തുടങ്ങി ചില നല്ല കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞു എന്ന് ജനനിക്ക് ആശ്വസിക്കാം.

പത്മരാജന്റെ സീസണ്‍ എന്ന ചിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൌതുകമായി.മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമയെ കൊച്ചിയില്‍ നിന്നും ലക്ഷദീപിലെത്തിച്ച ചിത്രം പലപ്പോഴും ഒരു നാടോടിക്കഥയെ അനുസ്മരിപ്പിക്കുന്നുണ്ട്.കേവലം  ഒരു മണിക്കൂര്‍ മാത്രമുള്ള ആദ്യ പകുതി പ്രേക്ഷകന്റെ ക്ഷമ വല്ലാതെ പരീക്ഷിക്കുമെങ്കിലും ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റുള്ള രണ്ടാം പകുതി ചിത്രത്തെ ഒരു പരിധി വരെ രക്ഷിച്ചു എന്ന് പറയാം.

SANU INDIANEWS24

 

Leave a Reply