ടൊറന്റോ: മോഷ്ടിക്കപ്പെടുകയോ കൈമോശം വരികയോ ചെയ്ത മൊബൈല്‍ ഫോണുകള്‍, ടാബ് ലെറ്റ്സ് , മറ്റ് വയര്‍ലെസ് ഉപകരണങ്ങള്‍ എന്നിവ ഇനി കാനഡയില്‍ പ്രവര്‍ത്തിക്കില്ല. ഇത്തരം ഉപകരണങ്ങളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിക്ക് കനേഡിയന്‍ വയര്‍ലെസ് ടെലികമ്മ്യൂണികേഷന്‍ തിങ്കളാഴ്ച തുടക്കമിട്ടു. മോഷണം പോയെന്നോ കാണാതായെന്നോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള മൊബൈല്‍ ഫോണുകള്‍ കാനഡയിലെ പ്രമുഖ കമ്പനികളൊന്നും ഇനി ആക്ടിവേറ്റ് ചെയ്യില്ല.
മോഷണം പോയെന്നോ കാണാതായെന്നോ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണുകള്‍ ഇന്റര്‍നാഷണല്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതിക്കും അസോസിയേഷന് തുടക്കമിട്ടു. ജിഎസ്എം , എച്ച്എസ്പിഎ , എച്ച്എസ്പിഎ+, എല്‍ടിഇ എന്നീ സംവിധാനം ഉപയോഗിക്കുന്ന ഡിവൈസുകളാകും ഇത്തരത്തില്‍ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തുക. സിഡിഎംഎ പോലുള്ള സംവിധാനം ഉപയോഗിക്കുന്ന പബ്ലിക് മൊബൈലിലും മറ്റും ഈ സേവനം ലഭിക്കില്ല.