jio 800x100
jio 800x100
728-pixel-x-90
<< >>

മൊയ്തീന്‍ കോയയുടെ ശ്രദ്ധ ക്ഷണിക്കലിലൂടെ വെളിവാകുന്ന ഗെയിലിന്റെ കാണാപ്പുറങ്ങളും ചില ചോദ്യങ്ങളും

അബുദാബി:ഗെയില്‍ പ്രക്ഷോഭങ്ങള്‍ ഇന്ധനമില്ലാതെ വഴി മുട്ടുന്ന ഈ ഘട്ടത്തില്‍ യുഎഇയിലെ മാധ്യമ രംഗത്തെ സജീവ സാന്നിധ്യമായ മൊയ്തീന്‍ കോയ സ്ഥലം എം എല്‍ യ്ക്ക് അയച്ച കത്ത് ശ്രദ്ധേയമാകുന്നു.ഗെയിലിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന കോയയുടെ കത്തിന്റെ പൂര്‍ണ്ണ രൂപം ചുവടെ :
“ബഹുമാനപ്പെട്ട എം.എൽ.എ.യുടെ സജീവശ്രദ്ധക്കും ശ്രമത്തിനും വേണ്ടി കഴിഞ്ഞ കാൽനൂറ്റാണ്ടായി യു.എ.ഇ.യിൽ മാധ്യമരംഗത്ത് ജോലി ചെയ്യുന്ന, കോഴിക്കോട് ജില്ലയിലെ കോട്ടൂർ വില്ലേജിൽ അച്ചിയത്ത് (പരേതനായ ഉമ്മർകുട്ടിയുടെ മകൻ) കെ.കെ.മൊയ്തീൻ കോയ സാദരം സമർപ്പിക്കുന്നത്: ഞങ്ങളുടെ ഗ്രാമം ഉൾപ്പെടെ വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലെ നിരവധി ജനവാസപ്രദേശങ്ങളിലൂടെ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഒത്താശയോടെ GAIL ആസൂത്രണം ചെയ്തിരിക്കുന്ന വാതക പൈപ്പ്‌ലൈൻ പദ്ധതിയുടെ അനേകായിരം ഇരകളിൽ ഒരാളാണ് ഞാനും.മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും മുമ്പയച്ച ആവലാതികൾക്കൊന്നും തൃപ്തികരമായി മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ, തികച്ചും നീതിയുക്തമായ ചില കാര്യങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെടുത്താനും, ഉടനെ നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളായി ഉന്നയിക്കണമെന്ന് അഭ്യർത്ഥിക്കാനുമാണ് ഈ കുറിപ്പ്.
gail 2
ഈ പ്രദേശങ്ങളിൽ കിടപ്പാടവും സ്വൈരജീവിതവും നഷ്ടപ്പെടാനിരിക്കുന്ന എത്രയോ മനുഷ്യർ ഗെയ്‌ലിന്റെ അനീതിക്കെതിരെ സമരത്തിലാണ്. ആത്മാഹൂതിക്കു വരെ തയ്യാറായിട്ടാണ് ഞങ്ങൾ നീങ്ങുന്നത്. ചില വസ്തുതകള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു, ഒപ്പം ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലാത്ത ചില ചോദ്യങ്ങളും. 
(1) പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി കരാറിൽ 2007 വർഷത്തിൽ ഒപ്പുവെച്ചത് ആരാണ്? അന്നത്തെ മുഖ്യമന്ത്രി ശ്രീ.വി.എസ് അച്ചുതാനന്ദനോ, വ്യവസായ വകുപ്പുമന്ത്രി ശ്രീ. എളമരം കരീമോ? കെ.എസ്.ഐ.ഡി.സി മാനേജിംഗ് ഡയറക്ടറോ?
(2) ഗെയില്‍ കരാറിൽ കൊച്ചി പുതുവൈപ്പിനിൽ നിന്ന് പ്രകൃതി വാതകം കർണ്ണാടകത്തിലെ മംഗലാപുരത്തേക്കും ബാംഗ്ലൂരിലേക്കും കൊണ്ടു പോകുന്നത് വ്യാവസായിക ആവശ്യത്തിനാണെന്ന് പറഞ്ഞിട്ടില്ലേ?
(3) പാചക വാതകമായിഗെയില്‍  പ്രകൃതി വാതകം ഉപയോഗിക്കാൻ പറ്റുമോ?
(4) കേരളത്തിലെ ജനങ്ങൾക്ക് ഗെയില്‍  പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതി വഴി പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള ഗുണങ്ങളും നേട്ടങ്ങളും എന്തൊക്കെയാണെന്ന് വിശദീകരിക്കുമോ?
(5) 1962ലെ The Petroleum and Minerals Pipe Lines (Acquisition of right of user inland) Act ൽ ജനവാസ മേഖലയിലൂടെ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കരുത് എന്ന് വളരെ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത് ഗവൺമെൻറിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
(6) ഒന്നര മീറ്റർ ആഴത്തിൽ 24 ഇഞ്ച് പൈപ്പ് ഇടാൻ എന്തിനാണ് 20 മീറ്റർ വീതിയിൽ സ്ഥലം അളന്നെടുക്കുന്നത്? ഇതിലൂടെ ഒന്നിൽ കൂടുതൽ പൈപ്പുകൾ ഇടാൻ പദ്ധതിയുണ്ടോ?
(7) സാറ്റലൈറ്റ് സർവ്വെ നടത്തിയാണ് പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയുടെ സ്ഥലം നോട്ടിഫൈ ചെയ്തത് എന്നറിയുന്നു. യഥാർത്ഥ ഉടമസ്ഥനെ മനസ്സിലാക്കി കൃത്യമായ സർവ്വെ നമ്പറിലും റീ സർവ്വെ നമ്പറിലുമാണോ 2011 ജൂൺ 21 ചൊവ്വ തിയ്യതിയിലെ അസാധാരണ ഗസറ്റിൽ ഏറ്റെടുക്കുന്ന സ്ഥലം നോട്ടിഫൈ ചെയ്തിരിക്കുന്നത്?
(8) പ്രകൃതി വാതകത്തിന്റെ സമ്മർദ്ദം 1249 മീറ്ററും പൈപ്പ് ലൈൻ 24 ഇഞ്ചുമാണല്ലോ. ആയതിനാൽ റേഡിയേഷൻ സുരക്ഷാ അകലം ( Radiation Safety Distance) പാലിച്ചും കൂടിയ പ്രത്യാഘാതമേഖല ( High Consequences Area) എന്നുള്ള നിലക്കും ജനവാസ മേഖലയും പൈപ്പ് ലൈനും തമ്മിലുള്ള അകലം ചുരുങ്ങിയത് 800 മീറ്ററിൽ അധികമാവണമെന്നുണ്ട്. ഇത് വേണ്ടതു പോലെ പരിഗണിച്ചാണോ കേരളത്തിൽ ജനവാസ മേഖലകളിൽ സ്ഥലം ഏറ്റെടുക്കുന്നത്?
(9) ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ത്യയിലും ഗ്യാസ് പൈപ്പ് ലൈൻ അപകടങ്ങൾ നടന്നിട്ടുണ്ട്. 2009 ഏപ്രിൽ 27 ന് ഗുജറാത്തിലെ ഹസീറയിലും 2010 നവംബർ 9 ന് ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരിയിലും 2011 ഓഗസ്റ്റ് 20ന് ഗോവയിലെ വാസ്കോയിലും ഗ്യാസ് പൈപ്പ് ലൈൻ അപകടങ്ങളും മരണങ്ങളും നാശനഷ്ടങ്ങളും ഉണ്ടായത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
(10) വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുംഗ്യാസ് അപകടങ്ങൾ പതിവായതോടെ വൻ രാഷ്ട്രങ്ങൾ ജനവാസ മേഖലയിൽ നിന്നും 1300 മീറ്റർ അകലം പാലിച്ച് ദൂരപരിധി നിശ്ചയിക്കുകയാണ്. ആ സമയത്താണ് കേരളത്തിൽ ജനവാസ മേഖലകളിൽ വീടുകൾക്കടുത്തു കൂടെ പുരയിടങ്ങളിലൂടെ ഈ പദ്ധതിക്കായി ആളുകളുടെ സമ്മതമില്ലാതെ സ്ഥലം അളന്നെടുത്തിരിക്കുന്നത്. ഇത് ന്യായീകരിക്കാൻ കഴിയുന്നതാണോ? എന്തുകൊണ്ട്?
(11) ഈ പ്രകൃതി വാതക പൈപ്പ് ലൈൻ പദ്ധതിയിലൂടെ ആർക്കാണ് കമ്മീഷൻ ലഭിക്കുന്നത്? എത്ര കോടി രൂപ ? മൊത്തം പദ്ധതി പ്രതീക്ഷിത ചെലവെത്ര? ലാഭം ആർക്കാണ് ലഭിക്കുക? പ്രതീക്ഷിക്കുന്ന ലാഭമെത്ര?
(12) സമ്മതമില്ലാതെ, സാറ്റലൈറ്റ് സർവ്വെ വഴി പിടിച്ചെടുക്കുന്ന സ്ഥലത്ത് പഞ്ച നാമ മഹസർ തയ്യാറാക്കാൻ വന്ന ഉദ്യോഗസ്ഥരെ ജനങ്ങൾ തടഞ്ഞപ്പോൾ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസിനെ ഉപയോഗിച്ചു കൊണ്ട് അധികൃതർ കടന്നാക്രമണങ്ങൾ നടത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.ഇതൊക്കെ സർക്കാരിന്റെ അറിവോടും സമ്മതത്തോടും കൂടിയാണോ?
(13) ഗ്യാസ് പൈപ്പ് ലൈൻ സർവ്വേ , മഹസർ നടപടികൾ നിർത്തിവെക്കാനും പിന്നീട് പ്രാരംഭനിർമ്മാണ
പ്രവൃത്തികൾ നിർത്തിവെക്കാനും ഹൈക്കോടതി സ്‌റ്റേ വന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
(14) 1962ലെ പൈപ്പ് ലൈൻ ആക്ടിൽ അഞ്ചാം ഖണ്ഡികയിൽ Hearing of objection (1) Any Person interested in the land may, within 21 days from the date of the notification under Sub- Section (1) of Section 3, object to the laying of the pipelines under the land എന്നും ( 2 ) Every objection under Sub- Section (1) shall be made to the competent authority in writing എന്നുമുണ്ട്. എന്നാൽ സാറ്റലൈറ്റ് സർവ്വെ നടത്തി സർവ്വെ നമ്പർ പ്രകാരം നോട്ടിഫൈ ചെയ്ത സ്ഥലത്തിന്റെ ഉടമക്കോ വീട്ടുകാരനോ നോട്ടീസ് ലഭിക്കാത്തതിനാൽ പരാതിപ്പെടാൻ പോലും അവസരം ഉണ്ടായിട്ടില്ല എന്ന കാര്യം ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ?
(15) വില്ലേജ് ഓഫീസുകളിലും രജിസ്ട്രാർ ഓഫീസുകളിലും വസ്തു ക്രയവിക്രയം ചെയ്യുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് യാതൊരു തടസ്സവും ഇല്ലാത്തതു കൊണ്ട് ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി നോട്ടിഫൈ ചെയ്യപ്പെട്ട ഒട്ടേറെ സ്ഥലങ്ങൾ ഈ കാലയളവിനുള്ളിൽ കൈമാറ്റങ്ങൾക്ക് വിധേയമാവുകയും രജിസ്ട്രേഷൻ പൂർത്തിയാവുകയും ചെയ്യപ്പെട്ട് കിണറുകൾ കുഴിക്കുകയും, വീടുകൾ നിർമ്മിക്കുകയും, മറ്റ് വസ്തുവകകൾ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ളവരെ കുടിയൊഴിപ്പിക്കുന്നത് വലിയ ക്രൂരതയും വഞ്ചനയുമല്ലേ?
(16) കിലോമീറ്ററുകളോളം 20 മീറ്റർ വീതിയിൽ സ്ഥലങ്ങൾ ഏറ്റെടുക്കുമ്പോൾ പരിസ്ഥിതിനാശം വളരെ വലുതല്ലേ? ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ആര്? ഇല്ലെങ്കിൽ എന്തുകൊണ്ട്?
(17) വയലുകളുടെ നാടായ, കേരവൃക്ഷങ്ങളുടെ നാടായ, പച്ചപ്പിന്റെ നാടായ കേരളത്തിൽ ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിക്കായി നശിപ്പിക്കപ്പെടുന്ന ഹെക്ടർ കണക്കിന് വയലുകളുടെയും, ജലാശയങ്ങളുടെയും, ലക്ഷക്കണക്കിന് തെങ്ങുകളുടെയും മറ്റ് കാർഷിക ഇനങ്ങളുടെയും മരങ്ങളുടെയും എണ്ണവും അളവും സർക്കാർ കണക്കാക്കിയിട്ടുണ്ടോ? ഇത് കേരളത്തിന്റെ പരിസ്ഥിതിക്ക് കനത്ത ആഘാതം ഏൽപ്പിക്കില്ലേ?
(18) ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി സാമൂഹ്യ ആഘാത പഠനം നടത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ ആര്? എന്താണ് റിപ്പോർട്ട്? ഇല്ലെങ്കിൽ എന്തുകൊണ്ട്?
gail 4(19) ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെങ്കിൽ എന്താണ് റിപ്പോർട്ട്? ഗെയിൽ വാതക പൈപ്പ് ലൈൻ ജനങ്ങളുടെ ജീവൻ്റെ വില പങ്കിട്ടെടുത്തവർ ആരെല്ലാം. ? ജനങ്ങളുടെ സുരക്ഷയ്ക്ക് പൈപ്പിൽ ലീക്കുണ്ടായിൽ അപകടത്തിൻ്റെ തീവ്രത കുറയ്ക്കാൻ വേണ്ടി കൊച്ചിയ്ക്കും കാസർഗോഡിനുമിടയിൽ ഓയിൽ ഇൻഡസ്ട്രി സേഫ്ററി ഡയറക്റ്ററേറ്റിൻ്റെ കണക്ക് പ്രകാരം 62 വാൽവ് സ്റ്റേഷനുകൾ വേണം. പക്ഷേ നിലവിൽ 25 വാൽവ് സ്റ്റേഷനുകളേ ഉള്ളൂ. 37 വാൽവ് സ്റ്റേഷനുകൾ കുറച്ചപ്പോൾ ഗെയിലിന് 455 കോടി ലാഭിക്കാൻ കഴിഞ്ഞു. ലൊക്കേഷൻ നമ്പർ നാലിൽപ്പെട്ട കേരളത്തിലെ ജനവാസ മേഖല ലൊക്കേഷൻ നമ്പർ രണ്ടിലേക്ക് മാറ്റി ഗുണമേന്മയുള്ള പൈപ്പുകൾക്ക് പകരം ഗുണനിലവാരം കുറഞ്ഞ ജനവാസമില്ലാത്ത മേഖലയിൽ ഉപയോഗിക്കേണ്ട പൈപ്പ് ഉപയോഗിക്കുന്നതിൽ നിന്നും ലഭിക്കുന്ന ലാഭം വേറെയും. നാല് മീറ്റർ താഴ്ചയിൽ സ്ഥാപിക്കേണ്ട പൈപ്പുകൾ ഒന്നര മീറ്റർ മാത്രം താഴ്ചയിൽ ഇടുമ്പോൾ പണി ചിലവിനത്തിൽ ലാഭിക്കുന്ന കോടികൾ വേറെയും. ഈ കോടികളുടെ വിഹിതം കൈപ്പറ്റിയവരുണ്ടെങ്കില്‍ അവര്‍ ഒന്ന് മനസ്സിലാക്കുക. സത്യം എല്ലാ കാലത്തും മറച്ച് വെക്കാൻ കഴിയില്ല. അവർ കൈപ്പറ്റിയ വിഹിതം കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ്റെ വിലയാണ്. ജനങ്ങളോടൊപ്പമാണെന്ന് ഞങ്ങൾ കരുതുന്ന താങ്കൾ തികഞ്ഞ ഗൗരവത്തോടെ, ഉത്തരവാദിത്തത്തോടെ ഈ പ്രശ്നത്തിൽ ഇടപെടുമെന്നും ഞങ്ങൾക്ക് നീതി ഉറപ്പാക്കുമെന്നും വിശ്വസിക്കുന്നു. മറുപടി പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ,മൊയ്തീന്‍ കോയ,അബുദാബി ,യു എ ഇ”.
MOIDEENKOYA KK /ABU DHABI
OK

Leave a Reply