jio 800x100
jio 800x100
728-pixel-x-90
<< >>

മേളയിലെ താരമായി യാഹിയ എന്ന ചായക്കടക്കാരന്‍

തിരുവനന്തപുരം: ഡോക്യുമെന്ററി വിഭാഗത്തില്‍ സ്ഥിരം ചട്ടക്കൂട് പൊളിച്ചടക്കി സാനു കുമ്മിള്‍ സംവിധാനം ചെയ്ത ‘ചായക്കടക്കാരന്റെ മന്‍കി ബാത്ത് ‘ കണ്ട് പ്രേക്ഷകര്‍ക്ക് പൊട്ടിച്ചിരിക്കാതിരിക്കാന്‍ ആയില്ല. സാധാരണ ഡോക്യമെന്ററികള്‍ ഗൗരവതരമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. പക്ഷേ അതി ഗൗരവസ്വഭാവമുള്ള ഒരു അതിജീവനത്തിന്റെ കഥ പറഞ്ഞ ഡോക്യു ആഖ്യാന രീതി കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ചുപറ്റി.ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്തപ്പോള്‍ അല്പം പോലും ഗൗരവം വിടാതെ പ്രേക്ഷകരെ സിനിമയിലേക്ക് അടുപ്പിച്ച് നിര്‍ത്തി.
തിരുവനന്തപുരം കൈരളി തിയ്യേറ്ററില്‍ നടക്കുന്ന രാജ്യാന്തര ഡോക്യമെന്ററി ഫോര്‍ട്ട്ഫിലിം ഫെസ്റ്റിവലിന്റെ നാലാം ദിനത്തിലാണ് ഈ ഡോക്യമെന്റി പ്രദര്‍ശിപ്പിച്ചത്.
ജനനം തൊട്ട് ദാരിദ്യത്തോട് പൊരുതിയ യാഹിയ ജീവിത സമ്മര്‍ദ്ദത്തിന് വഴങ്ങി പേര്‍ഷ്യയിലേക്ക് പോകുന്നു. മരുഭൂമിയില്‍ ആടുജീവിതം നയിച്ച യാഹിയ അഞ്ചു വര്‍ഷത്തിന് ശേഷം തിരിച്ചു വരുന്നു. മകളുടെ കല്ല്യാണത്തിന് സ്വര്‍ണ്ണം കണ്ടെത്തുന്നതിനായി വീണ്ടും ആടുജീവിതത്തിന്റെ അസഹ്യതയിലേക്ക് കൂപ്പുകുത്തുകയായിരുന്നു.നീണ്ട 18 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തി ചായക്കട നടത്തി ജീവിതം പച്ചപിടിക്കുമ്പോഴാണ് ഒരു രാത്രിയില്‍ പൊലീസിനു മുന്നില്‍ മുണ്ടഴിച്ചിടാത്തതിന് മുഖത്ത് ആഞ്ഞൊരടി കിട്ടിയത്. അന്ന് നിര്‍ത്തി മുണ്ടുടുപ്പ്. പിന്നെ
വേഷം നൈറ്റിയാക്കി. അത് പൊക്കുകയും അഴിക്കുകയും വേണ്ട. ഉന്തുവണ്ടിയില്‍ നിന്ന് ചെറിയ കടയിലേക്ക് മാറി .കൊല്ലം കടക്കലില്‍ മുക്കുന്നത്താണ് യാഹിയ തന്റെ തട്ടകം തീര്‍ത്തത്‌.
ഭക്ഷണത്തിലും യാഹിയ സ്‌പെഷ്യല്‍ നിലനിര്‍ത്തി. പണം ഉണ്ടായപ്പോള്‍ ഒരു നാള്‍ അര്‍ദ്ധരാത്രിയില്‍ രണ്ടുപേര്‍ മുട്ടന്‍ ചിക്കന്‍ കറിയും കഴിച്ച് യാഹിയയുടെ കഴുത്തിന് പിടിച്ച് പണം മുഴുവന്‍ കൊണ്ടുപോയി. പിന്നെ യാഹിയ പണം കടയില്‍ വെച്ചില്ല. കടയ്ക്ക് ചുറ്റും കൊണ്ടുപോയി കുഴിച്ചിട്ടു. അങ്ങനെ മണ്ണിനടിയിലെ ഫിക്‌സഡ് ഡോപ്പോസിറ്റ് നിറഞ്ഞ് വന്നു. ഒരുനാള്‍ മോഡി അര്‍ദ്ധരാത്രിയില്‍ നോട്ട് നിരോധിച്ചതോടെ യാഹിയയുടെ സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞു. ബാങ്കില്‍ നോട്ട് മാറാന്‍ കാത്ത് കാത്ത് നിന്ന് യാഹിയ ബോധം കെട്ട് വീണ് പോയി. അന്ന് രാത്രി സമ്പാദിച്ചപണം മുഴുവന്‍ കോഴിപൊരിക്കുന്ന തട്ടിലിട്ട് കത്തിച്ച് കളഞ്ഞു. രാത്രിയില്‍ യാഹിയ സുഖമായി കിടന്നുറങ്ങി. പിറ്റേന്ന് യാഹിയ തല പകുതി മുണ്ഡനം ചെയ്ത് ഒരു കാര്യം പ്രഖ്യാപിച്ച് കളഞ്ഞു. മോഡി പ്രധാന മന്ത്രി എന്നാണോ സ്ഥാനം വെടിയുന്നത് അന്ന് മുണ്ഡനം നിര്‍ത്തും. പക്ഷേ മോഡി ഇറങ്ങിയില്ല. വര്‍ഷം ഒന്ന് കഴിഞ്ഞു. യാഹിയ തന്റെ പകുതി മീശയും വടിച്ചു കളഞ്ഞു. പ്രതിഷേധത്തിന്റെ പുതിയ രീതികളുമായി യാഹിയ സിനിമയിലും എത്തി.
മാധ്യമം പത്രത്തിന്റെ ലേഖകനായ സാനു കുമ്മിളിന്റെ പ്രഥമ സംരംഭമാണ് ഈ ഡോക്യു.
നടന്‍ ജയശങ്കറിന്റെ വ്യത്യസ്തമായ നറേഷനാണ് ഡോക്യമെന്ററിയെ കൂടുതല്‍ ജീവന്‍ തുടിപ്പിക്കുന്നത്.സ്‌നേഹ മഹേഷിന്റെ കാരിക്കേച്ചറിലൂടെ പഴയ കഥകളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നു.
INDIANEWS24: JITHESHDAMODAR

Leave a Reply