728-pixel-x-90-2-learn
728-pixel-x-90
<< >>

മൂന്നാം ജയം: ഇന്ത്യ സെമിയില്‍

മിര്‍പൂര്‍: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ ട്വന്‍റി- ട്വന്‍റി ലോകകപ്പ് സെമിയില്‍. മിര്‍പുരില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റിന് ബംഗ്ലാദേശിനെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ ഡാരന്‍ സമ്മി കൊടുങ്കാറ്റായപ്പോള്‍ ഓസ്ട്രേലിയക്കെതിരെ വെസ്റ്റിന്‍ഡീസ് 6 വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി.

ബംഗ്ലാദേശിനെ 138ല്‍ ഒതുക്കിയ ഇന്ത്യ 18.3 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ അനായാസം ലക്ഷ്യം മറികടന്നു. സ്കോര്‍: ബംഗ്ലാദേശ് 7-138 ; ഇന്ത്യ 2-141.

26ന് 3 വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര, 15ന് 2 വിക്കറ്റ് നേടിയ അശ്വിന്‍ എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിനെ ഒതുക്കാന്‍ ഇന്ത്യയെ സഹായിച്ചത്. അനമുല്‍ ഹക്ക് [44], മഹ്മദുള്ള [പുറത്താകാതെ 33] എന്നിവര്‍ മാത്രമാണ് ബംഗ്ല നിരയില്‍ പിടിച്ചുനിന്നത്. രോഹിത് ശര്‍മ [44 പന്തില്‍ 56], വിരാട് കൊഹ്‌ലി [50 പന്തില്‍ പുറത്താകാതെ 57] എന്നിവര്‍ ഇന്ത്യയെ വിയര്‍പ്പൊഴുക്കാതെ വിജയത്തിലേക്ക് നയിച്ചു.

ഇതോടെ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് 6 പോയിന്‍റായി. ഞായറാഴ്ച ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ഇനി ഇന്ത്യക്ക് നിര്‍ണായകമല്ല.

ഓസ്ട്രേലിയ ഉയര്‍ത്തിയ 179 റണ്‍ വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് വിന്‍ഡീസ് പ്രതീക്ഷ നിലനിര്‍ത്തി. സ്കോര്‍: ഓസ്ട്രേലിയ 8-178; വിന്‍ഡീസ് 4-179 [19.4].

13 പന്തില്‍ പുറത്താകാതെ 34 റണ്‍ നേടിയ ഡാരന്‍ സമ്മി അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടാണ് വിന്‍ഡീസിനെ വിജയത്തിലെത്തിച്ചത്. മുന്‍നിരയില്‍ ക്രിസ് ഗെയ് ലും [35 പന്തില്‍ 53] തിളങ്ങി. 22 പന്തില്‍ 45 റണ്‍ നേടിയ ഗ്ലെന്‍ മാക്സ് വെല്‍ ആണ് ഓസീസിന്‍റെ ടോപ്‌സ്കോറര്‍.

മൂന്ന് കളിയില്‍ നിന്ന് 4 പോയിന്റോടെ വിന്‍ഡീസാണ് പട്ടികയില്‍ രണ്ടാമത്. 2 മത്സരങ്ങളില്‍ നിന്ന് 2 പോയിന്റുമായി പാക്കിസ്ഥാന്‍ മൂന്നാമത്. രണ്ട് മത്സരം പൂര്‍ത്തിയാക്കിയ ഓസ്ട്രേലിയയും ബംഗ്ലാദേശും അക്കൗണ്ട് തുറന്നിട്ടില്ല.

Leave a Reply