728-pixel-x-90-2-learn
728-pixel-x-90
<< >>

മുൻ ലോക്‌സഭാ സ്‌പീക്കറും സിപിഐ എം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു

ദില്ലി: മുന്‍ ലോക്‌സഭ സ്പീക്കറും സിപിഐഎം നേതാവുമായ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു.രാവിലെ  8.15 ഓടെ കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതവും ഉണ്ടായി.

പത്തുതവണ ലോക്‌സഭാംഗമായിരുന്നു സോമനാഥ് ചാറ്റര്‍ജി. 2004 മുതല്‍ 2009 വരെയുള്ള  മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹം സ്പീക്കറായിരുന്നത്.ഇന്ത്യ കണ്ട എറ്റവും മികച്ച സ്പീക്കര്‍മാരില്‍ പ്രഥമ ഗണനീയനായിരുന്നു സോമനാഥ്  ചാറ്റര്‍ജി.ഒരു പാര്‍ലമെനറെറിയന്‍ എന്ന നിലയില്‍ അദ്ദേഹം ഒരു മികച്ച മാതൃകയായിരുന്നു.രണ്ടു തവണ അദ്ദേഹം മികച്ച പാര്‍ലമെന്റെറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കൊൽക്കത്തയിലും കേംബ്രിഡ്ജ്‐മിഡിൽ ടെമ്പിൽ യൂണിവേഴ്സിറ്റികളിലും പഠനം പൂർത്തിയാക്കിയ സോമനാഥ് 1968ലാണ് സിപിഐ എം അംഗമാകുന്നത്. 1987ൽ ബംഗാൾ സംസ്ഥാന കമ്മിറ്റിയിൽ. 1998ൽകേന്ദ്രകമ്മിറ്റിയിൽ എത്തി. കൊൽക്കത്ത ഹൈക്കോടതിയിൽ അഭിഭാഷകനായാണ് ഔദ്യോഗിക ജീവിതാരംഭം. തൊഴിൽതർക്കം സംബന്ധിച്ച കേസുകൾ വാദിച്ചാണ് സിപിഐ എമ്മിനോട് അടുക്കുന്നത്. ഫീസ് ഈടാക്കാൻ വിസമ്മതിച്ചത് സ്വാഭാവികമായും അവരുടെ കണ്ണിലുണ്ണിയാക്കി. പിന്നീട് നിരവധി ട്രേഡ്യൂണിയനുകളുടെ നേതാവായ സോമനാഥിന്റെ ഇടതുപക്ഷബന്ധം കോടതിമുറികളിൽനിന്നാണ് ആരംഭിച്ചത്. അഭിഭാഷകൻ എന്ന നിലയിൽ പ്രസിദ്ധനായ അദ്ദേഹം മേഖല സുപ്രീംകോടതിയിലേക്കും വ്യാപിപ്പിച്ചു. ഈ ഘട്ടത്തിൽ നിരവധി ഔദ്യോഗിക വാഗ്ദാനങ്ങൾ തേടിയെത്തി. ഹൈക്കോടതി ജഡ്ജി, അന്വേഷണ കമീഷൻ ചെയർമാൻ തുടങ്ങിയ പദവികൾ. അതൊന്നും സ്വീകരിക്കാതെ അഭിഭാഷകനായി തുടർന്നു. 1971ൽ ബംഗാളിലെ ബാങ്കുറ മണ്ഡലത്തിൽനിന്ന് സിപിഐ എം പിന്തുണയോടെ സ്വതന്ത്രനായാണ് സോമനാഥ് ആദ്യം ലോക്സഭയിലെത്തിയത്.പാർലമെന്റ് ദർശിച്ച വാഗ്മികളിലൊരാൾ, ഭരണഘടനാ വിദഗ്ധൻ, ട്രേഡ്യൂണിയൻ നേതാവ്, കമ്യൂണിസ്റ്റ് പ്രവർത്തകൻ ‐ സോമനാഥ് ചാറ്റർജിയുടെ വിശേഷണങ്ങൾ അവസാനിക്കുന്നില്ല.വിട വാങ്ങുമ്പോള്‍ അദ്ദേഹത്തിനു 89 വയസ്സായിരുന്നു.

INDIANEWS24 NEW DELHI DESK

Leave a Reply