728-pixel-x-90-2-learn
728-pixel-x-90
<< >>

മുല്ലപ്പെരിയാര്‍:ജലനിരപ്പ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന ആവശ്യവുമായി കേരളം സുപ്രീംകോടതിയെ സമീപിച്ചേക്കും.ഇതിനായി സംസ്ഥാന അഡ്വക്കേറ്റ് ജനറലില്‍ നിന്നും നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിഷയം പരമോന്നത കോടതിയില്‍ ബോധിപ്പിക്കാനൊരുങ്ങുന്നത്.ഇത് സംബന്ധിച്ച് മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ച നടത്താന്‍ മുല്ലപ്പെരിയാര്‍ സെല്‍ അംഗങ്ങള്‍ ഡല്‍ഹിക്കു തിരിച്ചു.

ഞായറാഴ്ച്ചയോടെ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിലെത്തിയതോടെയാണ് കേരളം ഇത് കുറയ്ക്കാനാവശ്യപ്പെട്ടത്.തിങ്കളാഴ്ച്ച ചേര്‍ന്ന മേല്‍നോട്ട സമിതിയും കേരളത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞിരുന്നു.ഈ സാഹചര്യത്തിലാണ് കേരളം സുപ്രീംകോടതിയിലേക്ക് പോകാനൊരുങ്ങുന്നത്.

ജലനിരപ്പ് 136 അടിയിലെത്തിയാല്‍ ഘട്ടം ഘട്ടമായി ഷട്ടര്‍ ഉയര്‍ത്തണമെന്ന കേന്ദ്ര ജലക്കമ്മീഷന്‍ മാനുവലിന്റെ നിര്‍ദേശം തമിഴ്‌നാട് അവഗണിച്ചെന്നത് സുപ്രീംകോടതി മുമ്പാകെ ചൂണ്ടിക്കാട്ടാനാകുമെന്ന് കേരള സംഘത്തിന് എ ജി. കെ പി ദണ്ഡപാണി ഉപദേശം നല്‍കി.ജലനിരപ്പ് 142 അടി വരെയാകാം എന്ന സുപ്രീംകോടതി വിധിയുടെ ബലത്തിലാണ് തമിഴ്‌നാട് കേരളത്തിന്റെ ആവശ്യങ്ങള്‍ തള്ളിക്കളയുന്നത്.അതേസമയം അണക്കെട്ടിന്റെ 13 ഷട്ടറുകളും പ്രവര്‍ത്തന സജ്ജമാണെങ്കില്‍ മാത്രമേ ജലനിരപ്പ് 142 അടി ഉയരുന്നത് വരെ കാക്കേണ്ടതുള്ളുവെന്ന് സുപ്രീംകോടതി പറയുന്നുണ്ട്.പതിമൂന്നാം ഷട്ടര്‍ തകരാറിലാണെന്ന കാര്യം സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടാമെന്നും എ ജി ഉപദേശിച്ചു.

ഡല്‍ഹിയിലേക്ക് തിരിച്ചിരിക്കുന്ന കേരള സംഘം ഉന്നത അഭിഭാഷകരുമായി ചര്‍ച്ച നടത്തിയശേഷമേ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയുള്ളു.

INDIANEWS24.COM TVPM

Leave a Reply