728-pixel-x-90-2-learn
728-pixel-x-90
<< >>

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി; തമിഴ്‌നാട് വെള്ളം കൊണ്ടുപോയി തുടങ്ങി

ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സുപ്രീംകോടതി പരമാവധിയായി നിശയിച്ചിട്ടുള്ള 142 അടിയിലെത്തി.വ്യാഴാഴ്ച്ച രാത്രി അണക്കെട്ടിരിക്കുന്ന പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ജലനിരപ്പുയര്‍ന്നത്.വ്യാഴാഴ്ച്ച രാത്രി എട്ടോടെ തമിഴ്‌നാട് അണക്കെട്ടില്‍ നിന്നും കൂടിയ തോതില്‍ വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി.

സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് നിലവില്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്.ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകുമെന്ന് തമിഴ്‌നാട് കേരളത്തിനയച്ച കത്തില്‍ വ്യക്തമാക്കി.ഇതേ കത്തില്‍ തമിഴ്‌നാട് തന്നെയാണ് ജലനിരപ്പ് 142 അടിയിലെത്തിയ വിവരം കേരളത്തെ ഔദ്യോഗികമായി അറിയിച്ചത്.ഇടുക്കി ജില്ലാ കളക്ടര്‍ക്കാണ് കത്തയച്ചത്.അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നുണ്ട്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതില്‍ ആശങ്ക വേണ്ടെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അജിത് പാട്ടീല്‍ പറഞ്ഞു. മുന്‍കരുതല്‍ നടപടികളെടുത്തിട്ടുണ്ട്. മഴ കൂടിയാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട സന്നാഹങ്ങള്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ രാത്രി എട്ടു മണിയോടെ തമിഴ്‌നാട് വൈഗയിലേക്കു വെള്ളം കൊണ്ടുപോകുന്ന കനാലിന്റെ ഷട്ടര്‍ ഉയര്‍ത്തിയത്.രാവിലെ വൈഗയിലേക്കുള്ള ഷട്ടറുകളെല്ലാം അടച്ച് വെള്ളം കൊണ്ടുപോകുന്നത് പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു.പകല്‍ മഴയില്ലാതിരുന്നതിനാല്‍ കുഴപ്പമൊന്നും ഉണ്ടായില്ല.എന്നാല്‍ വൈകീട്ടോടെ ശക്തമായി മഴപെയ്യാന്‍ തുടങ്ങിയതോടെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു.മുല്ലപ്പെരിയാറില്‍ നിന്നു കൂടുതല്‍ വെള്ളമെത്തിയാല്‍ വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയരും.ഇതു നിയന്ത്രിക്കാന്‍ ഇവിടെ നിന്നും ശിവഗംഗ, രാമനാഥപുരം എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം തുറന്നുവിട്ടേക്കും.ഇതിനായി തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജലനിരപ്പുയര്‍ന്നാലും മുല്ലപ്പെരിയാറിലെ പ്രധാന ഷട്ടറുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് തമിഴ്‌നാട്.അണക്കെട്ടിലും ബേബി ഡാമിലും ചോര്‍ച്ച ശക്തമാണ്.അതേസമയം ന്യൂഡല്‍ഹിയില്‍ ഇന്ന് ചേരുന്ന സംസ്ഥാനങ്ങളിലെ ജലവിഭവമന്ത്രിമാരുടെ യോഗത്തില്‍ മുല്ലപ്പെരിയാറിന്റെ കാര്യവും ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന ജലസേചന മന്ത്രി പി ജെ ജോസഫ് പറഞ്ഞു.

INDIANEWS24 IDUKKI

Leave a Reply