728-pixel-x-90-2-learn
728-pixel-x-90
<< >>

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ സംസ്ഥാന മന്ത്രി സഭ യോഗത്തില്‍ തീരുമാനിച്ചു.വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ സമീപിച്ച് ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യം ഉന്നയിക്കാന്‍ തീരുമാനിച്ചത്.

ഒരാഴ്ച്ച മുമ്പ് വിഷയത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ കേരളത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞിരുന്നു.ജലനിരപ്പ് 140 അടിയായാല്‍ മുന്നറിയിപ്പ് നല്‍കാമെന്നാണ് സമിതിയധ്യക്ഷന്‍ എല്‍ എ വി നാഥന്‍ വ്യക്തമാക്കിയത്. ഇതേ തുടര്‍ന്നാണ് കേരളം സുപ്രീം കോടതിയെ സമീപിക്കുന്നത്.വെള്ളിയാഴ്ച്ച മുതല്‍ അണക്കെട്ടില്‍ ജലനിരപ്പ് 140 അടി കവിഞ്ഞു തുടങ്ങി.

വൃഷ്ടിപ്രദേശത്ത് മഴ തുടര്‍ന്നുകൊണ്ടിരിക്കുന്നത് വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.സ്പില്‍വേയിലെ പതിമൂന്നാം നമ്പര്‍ഷട്ടറിന്റെ തകരാറ് തമിഴ്‌നാട് ഇതുവരെ പരിഹരിച്ചിട്ടുമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കുന്നതിന് ആറ് മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കണമെന്ന് തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു. ഇത് ചൂണ്ടികാട്ടി ഇടുക്കി എഡിഎം തേനി ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി. അടിയന്തിര സാഹചര്യം നേരിടാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

തീരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി അലര്‍ട്ട് ലൈറ്റുകളും അലാമുകളു സ്ഥാപിക്കാന്‍ നടപടി തുടങ്ങി. ഗ്രാമീണ റോഡുകളില്‍ 1500 വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കി. വിദഗ്ദ ഡോക്ടര്‍മാരുള്‍പ്പെടുന്ന വൈദ്യസംഘത്തിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. എന്‍സിസി, എന്‍എസ്എസ് കാഡറ്റുകളുടെ സേവനം പ്രയോജനപ്പെടുത്തു. ആവശ്യമെങ്കില്‍ കൊച്ചിയില്‍ നിന്ന് ദുരന്തനിവാരണ സേനയെയും സ്ഥലതെത്തിക്കും. പീരുമേട് താലൂക്കിലേയും കീഴിലുള്ള വില്ലേജുകളിലെയും ജീവനക്കാര്‍ അവധിയെടുക്കരുതെന്നും ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

INDIANEWS24 TVPM

Leave a Reply