728-pixel-x-90-2-learn
728-pixel-x-90
<< >>

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ജലനിരപ്പ് 140 അടിയായി

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക് ഉയര്‍ന്നു.വ്യാഴാഴ്ച്ച രാത്രി വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെയാണ് ജലനിരപ്പുയര്‍ന്നത്.ഇടുക്കി ജില്ലാ കലക്ടറെ തമിഴ്‌നാട് അറിയിക്കുകയായിരുന്നു ഇക്കാര്യം.എന്നാല്‍ ഷട്ടറുകള്‍ ഉയര്‍ത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല.വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ തന്നെ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്കുമേല്‍ ഉയര്‍ന്നുകഴിഞ്ഞിരുന്നു.രാത്രിയില്‍ ശക്തമായ മഴയാണ് ലഭിച്ചത്.

ഒരാഴ്ച്ച മുമ്പേ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടി കവിഞ്ഞിരുന്നതാണ്.ഇതേ തുടര്‍ന്ന് മേല്‍ നോട്ട സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ ജലനിരപ്പ് 140 അടിയിലേക്കുയര്‍ന്നാല്‍ മാത്രമേ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുകയുള്ളുവെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു.അണക്കെട്ടില്‍ 142 അടി വരെ ജലനിരപ്പാകാം എന്ന സുപ്രീംകോടതി ഉത്തരവിന്റെ ബലത്തിലാണ് തമിഴ്‌നാട് തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നത്.

ജലനിരപ്പ് 140 അടിയിലെത്തുമ്പോള്‍ മുതല്‍ ഷട്ടറുകള്‍ തുറന്ന് നിയന്ത്രിച്ചാല്‍ വെള്ളം 142 അടിക്കു മേല്‍ ഉയരാതെ നോക്കാന്‍ കഴിയുമെന്നാണ് തമിഴ്‌നാട് പറഞ്ഞിരുന്നത്.അതേസമയം ജലനിരപ്പ് ഉയര്‍ത്തുന്നത് 48 മണിക്കൂറിനകം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി തമിഴ്‌നാടിന് അയച്ച കത്തിന് അനുകൂല പ്രതികരണം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ച് ഇടക്കാല ഹര്‍ജി നല്‍കാന്‍ കേരളം തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭായോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു.

INDIANEWS24 IDUKKI

Leave a Reply