728-pixel-x-90-2-learn
728-pixel-x-90
<< >>

മുരുകനെ കാത്ത് കാനഡ; ടിക്കറ്റിന് വന്‍തിരക്ക്‌

ടൊറന്റോ: കാട്ടിലെ പുലികളെയും മലയാളക്കരയുടെ മനസിനെയും കീഴടക്കി മുരുകന്‍ കാനഡയിലേക്ക്. കേരളത്തിലെ തിയറ്ററുകളെ പൂരപ്പറമ്പാക്കിയ മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്‍’ ഈ വാരാന്ത്യം പ്രദര്‍ശനത്തിനെത്തുമ്പോള്‍ മണിക്കൂറുകളെണ്ണി കാത്തിരിക്കുകയാണ് ഇവിടത്തെ പ്രവാസിമലയാളികള്‍. മോഹന്‍ലാലിന്‍റെ അഭിനയമികവും ഹോളിവുഡിനോട് കിടപിടിക്കുന്ന സാങ്കേതികമികവും കൊണ്ട് മലയാളസിനിമയുടെ അഭിമാനമുയര്‍ത്തിയ ചിത്രം വെള്ളിത്തിരയില്‍തന്നെ കാണാനുള്ള അവസരം പാഴാകാതിരിക്കുന്നതിന് വേണ്ടി ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ വന്‍തിരക്കാണ് പ്രദര്‍ശനകേന്ദ്രങ്ങളില്‍.

റിച്ച്മണ്ട് ഹില്‍, സ്കാര്‍ബറോ, ഇറ്റോബിക്കോ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി 16 പ്രദര്‍ശനങ്ങളാണ് ഉള്ളത്. കാനഡയില്‍ ഒരു മലയാള ചലച്ചിത്രത്തിന് ഇത്രയധികം പ്രദര്‍ശനങ്ങള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും ടിക്കറ്റ് കിട്ടാതെ കേരളത്തില്‍ സിനിമാപ്രേമികള്‍ നെട്ടോട്ടമോടുന്നതിനിടെയാണ് പുലിമുരുകന്‍ കാനഡയില്‍ എത്തുന്നത്‌. വരുമാനത്തിന്‍റെ കാര്യത്തില്‍ മലയാള സിനിമാചരിത്രത്തിലെ എല്ലാ റെക്കോഡുകളും പുലിമുരുകന്‍ ഇതിനകം തകര്‍ത്തു കഴിഞ്ഞു. ബോക്സോഫീസില്‍ 100 കോടി വാരുന്ന ആദ്യ മലയാളസിനിമയെന്ന നാഴികക്കല്ലിലേക്കുള്ള പ്രയാണത്തിലാണ് 25 കോടിയില്‍പരം രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച ഈ ചിത്രം.

കാനഡയിലും ചിത്രം കാണാന്‍ വന്‍തിരക്കാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ വിജയം നേടിയ ചിത്രങ്ങളെല്ലാം കാനഡ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ സിനിമകള്‍ കാണാന്‍ ഇന്‍റര്‍നെറ്റിനെ ആശ്രയിച്ചിരുന്നവര്‍ കൂടി പുലിമുരുകന്‍ കാണാന്‍ തിയറ്ററില്‍ എത്തുമെന്നാണ് വിതരണക്കാര്‍ കരുതുന്നത്. അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ തയ്യാറാക്കിയ സിനിമ തിയറ്ററുകളില്‍ കാണുന്നതാണ് കൂടുതല്‍ ആസ്വാദ്യകരം എന്നതുതന്നെ കാരണം. മോഹന്‍ലാലിന്‍റെ തമിഴ് ആരാധകരും കാത്തിരുന്ന ചിത്രമാണിത്. തിരക്ക് കണക്കിലെടുത്ത് ടിക്കറ്റുകള്‍ മുന്‍കൂട്ടി വാങ്ങാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രദര്‍ശനം നടക്കുന്ന കേന്ദ്രങ്ങളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസങ്ങളില്‍ വൈകിട്ട് 4.00നും രാത്രി 10.00നുമിടയില്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാം.

മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് പുലിമുരുകന്‍. പുലികളുടെയും കടുവകളുടെയും ആക്രമണത്തില്‍ നിന്ന് പുലിയൂര്‍ എന്ന ഗ്രാമത്തിന്‍റെ രക്ഷകനാണ്‌ മുരുകന്‍. വന്യമൃഗങ്ങളെ മാത്രമല്ല, മനുഷ്യന്‍റെ സ്വൈരജീവിതത്തിന് ഭീക്ഷണിയാകുന്ന സമൂഹ്യവിരുദ്ധരെയും നേരിടേണ്ടിവരുന്നുണ്ട് മുരുകന്. കടുവകളോടുള്ള മല്‍പ്പിടുത്തം ഉള്‍പ്പെടെ അതീവസാഹസികമായ രംഗങ്ങളില്‍ ഡ്യൂപ്പ് പോലുമില്ലാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നത്. ഈ അതുല്യപ്രതിഭയില്‍ നിന്ന് മലയാളസിനിമയ്ക്ക് ഇനിയും ഒട്ടേറെ പ്രതീക്ഷിക്കാനുണ്ടെന്ന് പുലിമുരുകന്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകപ്രശസ്ത ത സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നാണ് ആക് ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ തമിഴ്, തെലുങ്ക് ഉള്‍പ്പെടെ നിരവധി അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ കരാറായിക്കഴിഞ്ഞു.

റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] ഒമ്പത് പ്രദര്‍ശനങ്ങള്‍ ഉണ്ട്. ഒക്ടോബര്‍ 21 വെള്ളിയാഴ്ച രാത്രി 9.30നാണ് ആദ്യപ്രദര്‍ശനം. 22, 23 തിയതികളില്‍ രാത്രി 7.00നും 9.30നും രണ്ട് പ്രദര്‍ശനങ്ങള്‍ വീതം. 24 മുതല്‍ 27വരെ എല്ലാ ദിവസവും രാത്രി 8.00നും പ്രദര്‍ശനമുണ്ട്.

സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍  [1571 SANDHURST CIRCLE] ഒക്ടോബര്‍ 21 രാത്രി 7.00ന് ആദ്യപ്രദര്‍ശനം. 22,23 തിയതികളില്‍ ഉച്ചയ്ക്ക് 1.00നും വൈകിട്ട് 6.30നും രണ്ട് പ്രദര്‍ശനം വീതം. ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION ROAD] 22, 23 തിയതികളില്‍ വൈകിട്ട് 3.45നാണ് പ്രദര്‍ശനങ്ങള്‍.

വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക- ഫോണ്‍: 647-892-7650

Leave a Reply