728-pixel-x-90-2-learn
728-pixel-x-90
<< >>

മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ഇ ചന്ദ്രശേഖരന്‍ നായര്‍(89) അന്തരിച്ചു. തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സി പി ഐ അംഗമായിരുന്ന അദ്ദേഹം 1996-2001 ലെ ഇ കെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഏറ്റവും ഒടുവില്‍ മന്ത്രിയായിരുന്നത്. സംസ്‌കാരം വെള്ളിയാഴ്ച്ച വൈകീട്ട് ശാന്തികവാടത്തില്‍ നടക്കും.

ഈശ്വരപിള്ളയുടെയും മീനാക്ഷിയമ്മയുടെയും മകനായി 1928 ഡിസംമ്പര്‍ 02ന് കൊട്ടാരക്കരയില്‍ ജനിച്ചു. അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍നിന്നും ബിഎസ്.സി ബിരുദവും എറണാകുളം ലോ കോളേജില്‍നിന്നും ബി.എല്‍ ബിരുദവും നേടി. അണ്ണാമല യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്തുതന്നെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സില്‍ അംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് ഐഎസ്പിയില്‍ ചേര്‍ന്നു. 1952ല്‍ സിപിഐയിലെത്തി. മനോരമ നായര്‍ ആണ് ഭാര്യ.

1957ല്‍ ഐക്യ കേരളത്തിലെ ആദ്യ നിയമസഭാംഗമായി. അന്ന് തോപ്പില്‍ ഭാസിയും പുനലൂര്‍ രാജഗോപാലന്‍ നായരും ഇ ചന്ദ്രശേഖരന്‍ നായരും പി ഗോവിന്ദപ്പിള്ളയും ചേര്‍ന്ന സംഘം ജിഞ്ചര്‍ ഗ്രൂപ്പ് എന്നാണറിയപ്പെട്ടിരുന്നത്. 6 തവണ നിയമസഭാംഗവും 3 തവണ മന്ത്രിയുമായി. ഭക്ഷ്യം, സിവില്‍ സപ്ലൈസ്, ഹൗസിങ്, മൃഗസംരക്ഷണം, ടൂറിസം, നിയമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

1987ലാണ് ആദ്യമായി മന്ത്രിയായത്. പത്തനാപുരം മണ്ഡലത്തില്‍ നിന്നും ജയിച്ചെത്തിയ അദ്ദേഹം നായനാര്‍ മന്ത്രിസഭയിലെ ഭക്ഷ്യ, പോതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 1996ല്‍ ഇടതുപക്ഷം വീണ്ടും അധികാരത്തിലേറിയപ്പോള്‍ മന്ത്രിസഭയില്‍ ഇ ചന്ദ്രശേഖരന്‍ നായരും ഉണ്ടായിരുന്നു. ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ പരിശ്രമത്തിലാണ്, മാര്‍ക്കറ്റ് വില നിയന്ത്രിക്കാനും, സാധാരണക്കാര്‍ക്ക് അവശ്യ സാധനങ്ങള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കാനും മാവേലി സ്‌റ്റോര്‍ ശൃംഖല ആരംഭിച്ചത്.

Leave a Reply