728-pixel-x-90-2-learn
728-pixel-x-90
<< >>

മുന്നിലൂടെ പാഞ്ഞത് ആംബുലന്‍സിന് വഴിയൊരുക്കാന്‍ വേണ്ടിയെന്ന് കാറുടമ

കൊച്ചി: അത്യാസന്ന നിലയിലുള്ള നവജാതശിശുവുമായി വന്ന ആംബുലന്‍സിനെ തടസ്സപ്പെടുത്തിയ കാര്‍ ഡ്രൈവര്‍ പോലീസിന് നല്‍കിയത് വിചിത്രമായ മൊഴി. ആംബുലന്‍സിന് വഴിയൊരുക്കാന്‍ വേണ്ടിയാണ് താന്‍ അതിന്റെ മുന്നിലൂടെ പാഞ്ഞുപോയതെന്നാണ് നിര്‍മ്മല്‍ ജോസ് പോലീസിന് നല്‍കിയ മൊഴി. ഇയാളെ കസ്റ്റഡിയിലെടുത്ത എടത്തല പോലീസ് ഈ വാദം മുഖവിലയ്‌ക്കെടുത്തിട്ടില്ല. കെ എല്‍ 17 എല്‍ 202-ാം നമ്പര്‍ രജിസ്‌ട്രേഷനിലുള്ള എസ് യു വി കാര്‍ ഓടിച്ചിരുന്ന നിര്‍മല്‍ ജോസിനെ വ്യാഴാഴ്ച്ച രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു. കാര്‍ കസ്റ്റഡിയിലെടുത്ത് ആര്‍ ടി ഓയ്ക്ക് കൈമാറി.

വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും പിഞ്ചുകുഞ്ഞുമായി കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് വന്ന ആംബുലന്‍സിനെ കാര്‍ തടസ്സപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മിഡിയയില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നിര്‍മ്മല്‍ ജോസ് ഓടിച്ച കാര്‍ സൈഡ് കൊടുക്കാതിരുന്നത് മൂലം കുഞ്ഞുമായി മെഡിക്കല്‍ കോളജിലെത്താന്‍ 15 മിനിറ്റ് അധികമെടുത്തെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ പി കെ മധു പറയുന്നത്. ആംബുലന്‍സിലുണ്ടായിരുന്ന കുഞ്ഞിന്റെ ബന്ധുക്കളുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണ് കാര്‍ ഡ്രൈവര്‍. ഇയാള്‍ പറയുന്നത് അസംബന്ധമായ കാര്യമാണെന്നും മധു പോലീസിനോട് പറഞ്ഞു.

കേസില്‍ നടപടികള്‍ തുടങ്ങിയ ആലുവ ജോയിന്റ് ആര്‍ ടി ഒ. സി എസ് അയ്യപ്പന്‍ നിര്‍മ്മല്‍ ജോസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്നത് ഉറപ്പാണെന്ന് അറിയിച്ചു. ഇയാള്‍ പറയുന്ന ന്യായീകരണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കൂടുതല്‍ നടപടികള്‍ക്ക് ഉന്നതരുമായി കൂടിയാലോചന നടത്തണമെന്നും വ്യക്തമാക്കി.

INDIANEWS24.COM Kochi

Leave a Reply