കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തക ലീലാ മേനോൻ(86) അന്തരിച്ചു. കൊച്ചിയിലെ സിഗ്നേച്ചർ ഓൾഡേജ് ഹോമിലായിരുന്നു അന്ത്യം. രോഗബാധിതയായി ചികിത്സയിലായിരുന്നു.1978–ൽ ഇന്ത്യൻ എക്സ്പ്രസിന്റെ ഡൽഹി യൂണിറ്റിൽ പത്രപ്രവർത്തനത്തിൽ ഹരിശ്രീ കുറിച്ചു. ഇന്ത്യൻ എക്സ്പ്രസിന്റെ ഡൽഹി, കൊച്ചി എഡിഷനുകളിൽ സബ് എഡിറ്ററായും പിന്നീട് ബ്യൂറോ ചീഫ് ആയും പ്രവർത്തിച്ചു. ന്യൂഡൽഹി, കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. പ്രിൻസിപ്പൽ കറസ്പോണ്ടന്റായിരിക്കെ 2000–ൽ പിരിഞ്ഞു. ജൻമഭൂമി പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു.ഒൗട്ട്ലുക്ക്, ദി ഹിന്ദു, മാധ്യമം, മലയാളം, മുതലായവയിൽ പംക്തികൾ കൈകാര്യം ചെയ്തിരുന്നു. മാധ്യമപ്രവർത്തന രംഗത്തേക്കു പ്രവേശിക്കുന്നതിനുമുന്പ് പോസ്റ്റോഫീസിൽ ക്ലാർക്കായും ടെലിഗ്രാഫിസ്റ്റായും ജോലി നോക്കി. നിലയ്ക്കാത്ത സിംഫണി എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു.
ഇന്ത്യൻ മാധ്യമ മേഖലയിൽ മറ്റൊരു സ്ത്രീക്കും കഴിയാത്ത നേട്ടങ്ങളുടെ ഉടമയാണു ലീല. മാധ്യമപ്രവർത്തനത്തിലേക്കു വരാൻ പൊതുവേ സ്ത്രീകൾ മടിച്ചുനിന്ന കാലത്തു ആ വെല്ലുവിളി ഏറ്റെടുത്തു വെന്നിക്കൊടി പാറിച്ചു, ലീല. 1932–ൽ എറണാകുളം വെങ്ങോല തുമ്മാരുകുടി വീട്ടിൽ പാലക്കോട്ട് നീലകണ്ഠൻ കർത്താവിന്റെയും ജാനകിയമ്മയുടേയും മകളായി പിറന്ന ലീലയ്ക്ക് പത്രപ്രവർത്തനം ആവേശവും ആഘോഷവുമായിരുന്നു. വെങ്ങോല പ്രൈമറി സ്കൂൾ, പെരുമ്പാവൂർ ഇംഗ്ലിഷ് സ്കൂൾ ഹൈദരാബാദ് നൈസാം കോളജ് എന്നിവടങ്ങളിൽ വിദ്യാഭ്യാസം. 1948–ൽ, പതിനേഴാം വയസിൽ പോസ്റ്റ് ഓഫീസിൽ ടെലിഗ്രാഫറായി ജോലി. ആദ്യം ഹൈദരാബാദിലും പിന്നീട് കൊച്ചിയിലുമായിരുന്നു നിയമനം. കൊച്ചിയിൽ ജോലി ചെയ്യവേ പരിചയപ്പെട്ട ഭാസ്കര മേനോനെ വിവാഹം ചെയ്തു. പഠനം തുടർന്ന ലീല ബിരുദവും പത്രപ്രവർത്തനത്തിൽ പരിശീലനവും നേടി. ഭാരതീയ വിദ്യാഭവന്റെ ജേണലിസം ഡിപ്ലോമ സ്വർണ മെഡലോടെ പാസായി.
ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും പിന്നീട് ബാധിച്ച അർബുദത്തിനുമൊന്നും ലീല മേനോനെ തളര്‍ത്താനായില്ല. അഭംഗുരം തന്റെ ഇഷ്ട മേഖലയില്‍ തുടര്‍ന്ന ലീലാ മേനോന് പത്ര പ്രവര്‍ത്തകര്‍ക്ക് പ്രത്യകിച്ചു വനിതാ പത്രപ്രവര്‍ത്തകര്‍ക്ക് എന്നും പ്രചോദനമായി നില കൊള്ളും.
ടീം ഇന്ത്യാ ന്യൂസ് 24 ലീലാ മേനോനു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
INDIANEWS24 KOCHI DESK