728-pixel-x-90-2-learn
728-pixel-x-90
<< >>

പാവം കുഞ്ഞൂഞ്ഞ്, കണ്ടകശനി കൊണ്ടേപോകൂ!

കളിയില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കാണുന്ന താരം കളത്തിനു പുറത്താകും. രമേശ്‌ ചെന്നിത്തലയെ അഭ്യന്തരമന്ത്രിയാക്കാന്‍ തീരുമാനിച്ചതിലൂടെ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് നേരെ കോണ്ഗ്രസ് ഹൈക്കമാണ്ട് വീശിയത് ആദ്യ മഞ്ഞക്കാര്‍ഡ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡും കിട്ടും. കുഞ്ഞൂഞ്ഞിന്റെ കാര്യം ഏറെക്കുറെ തീരുമാനമായി എന്ന് ചുരുക്കം.

ലോകം ദൈവപുത്രന്‍റെ തിരുപ്പിറവി ആഘോഷിക്കുന്ന വേളയില്‍ത്തന്നെയാണ് കുഞ്ഞൂഞ്ഞിനെ ആണിയടിച്ച് തൂക്കാനുള്ള  കുരിശിന് ഹൈക്കമാണ്ട് ഓര്‍ഡര്‍ കൊടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എ കെ ആന്റണിയാണ് പെരുന്തച്ചന്‍. ഇതിനാണ് കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പറയുന്നത്. ആദ്യം കരുണാകരനും പിന്നെ ആന്റണിക്കും പാലുംവെള്ളത്തില്‍ പണികൊടുത്ത ഉമ്മന്‍‌ചാണ്ടിക്ക് ഈ പത്മവ്യൂഹം പൊളിക്കാനുള്ള കൌശലം കയ്യിലുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്.

എതിരാളി ദുര്‍ബലനായിരിക്കുമ്പോള്‍ അഞ്ഞടിക്കുക എന്നതാണ് യുദ്ധതന്ത്രം. ഉമ്മന്‍‌ചാണ്ടിയുടെ കാര്യത്തില്‍ ഇപ്പോള്‍ നടപ്പായതും അതുതന്നെ. ആഭ്യന്തരവും ചോദിച്ചുചെന്ന ചെന്നിത്തലയോട് സൂചികുത്താനുള്ള ഇടം നല്‍കില്ലെന്ന് പറയാന്‍ മാത്രം ശക്തനായിരുന്നു കുറച്ചുനാള്‍ മുമ്പുവരെ ഉമ്മന്‍‌ചാണ്ടി. എന്നാല്‍, ഇപ്പോള്‍ ശനിയുടെ അപഹാരമാണ്. വെറും ശനിയല്ല. സോളാറും സരിതയും ജോപ്പനും തോക്കുകാരനും ഒക്കെ ചേര്‍ന്ന് കണ്ടകശനിതന്നെ. അതിനിടയിലാണ് പിന്നില്‍നിന്ന് ആന്റണിയുടെയും മുന്നില്‍നിന്ന് ചെന്നിത്തലയുടെയും ഈ കുത്ത്. കുത്ത് കൊണ്ടത്‌ കിട്ടിയത് ഉമ്മന്‍‌ചാണ്ടിയുടെ ചങ്കിന് ആയതിനാല്‍ സഹതപിക്കേണ്ട കാര്യമില്ല. നീ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് ദൈവം നിനക്ക് തിരിച്ചുതരുമെന്നാണല്ലോ ബൈബിള്‍വചനം.

‘ഗണേശചതുര്‍ഥി’ മുതല്‍  ‘സരിതാസ്വയംവരം’ വരെയുള്ള വിഷയങ്ങളില്‍ കസേര പോകാതെ പിടിച്ചുനിന്ന ഉമ്മന്‍ ചാണ്ടി തീര്‍ത്തും നിഷ്പ്രഭനാകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം ദില്ലിയില്‍ കണ്ടത്. പുതുപ്പള്ളിക്കാര്‍ക്ക് അവരുടെ സ്വന്തം  കുഞ്ഞുഞ്ഞിനെ മുഴുവന്‍ സമയ എംല്‍എ ആയി ലഭിക്കാനുള്ള എല്ലാ വഴിയും ഹൈക്കമാന്റിന്‍റെ അനുമതിയോടെ എകെ ആന്റ്ണി നടപ്പാക്കും എന്ന് വേണമെങ്കില്‍ തീര്‍ച്ചപ്പെടുത്താവുന്ന വിധം  മുഖ്യമന്ത്രി അവഗണിക്കപ്പെട്ടു.

ഉമ്മന്‍ ചാണ്ടി ദില്ലിയില്‍ ഉള്ളപ്പോള്‍ തന്നെയാണ് ഹൈക്കമാന്റ് രമേശ്‌ ചെന്നിത്തലയെ വിളിച്ചു വരുത്തി മന്ത്രിസഭയില്‍ ചേരാന്‍ ആവശ്യപ്പെട്ടത്. ഈ ചര്‍ച്ചകളിലൊന്നും ഉമ്മന്‍ ചാണ്ടിയെ പങ്കെടുപ്പിച്ചതുമില്ല.ഹൈക്കമാന്റ് മുന്‍ കൂട്ടി എടുത്ത തീരുമാനങ്ങള്‍ രണ്ടു നേതാക്കളെയും വിളിച്ച് അറിയിക്കുക മാത്രമാണ് ചെയ്തത്. കുടുംബവീടിന്റെ ഉത്തരം മാറ്റിവെക്കുന്ന കാര്യം തറവാട്ടുകാരണവര്‍ അറിഞ്ഞതേയില്ല എന്ന് ചുരുക്കം. ഉമ്മന്‍‌ചാണ്ടിയുടെ അഭിപ്രായംപോലും ചോദിക്കാതെ എകെ ആന്റണി വഴി തങ്ങളുടെ തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്ന നയം ആണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രി ആകുന്നതിനോട് ഉമ്മന്‍ ചാണ്ടിക്കും എ ഗ്രൂപ്പിനും ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നു എങ്കിലും ആ അഭിപ്രായം  കയ്യില്‍ ഇരിക്കട്ടെ എന്ന നിലപാട് ആണ് ഹൈക്കമാന്റും എകെ ആന്റണിയും സ്വീകരിച്ചത്.

ഉമ്മന്‍ ചാണ്ടിയെയും എ ഗ്രൂപ്പിനെയും നോക്ക്കുത്തി ആക്കിക്കൊണ്ട് ഇപ്പോള്‍ കേന്ദ്ര നേതൃത്വം എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ക്ക് എകെ ആന്റണി തന്നെ പറയുന്ന ന്യായം ശ്രദ്ധിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേരളത്തിലെ കോണ്‍ഗ്രസിന്റെ മുഖം മെച്ചപ്പെടുത്തണം. ഉമ്മന്‍‌ചാണ്ടിയുടെ മുഖം മോശമാണ് എന്ന് പറയാതെ പറയുകയായിരുന്നു ആന്റണി. മാത്രമല്ല, കോണ്ഗ്രസിന്റെ മുഖംമിനുക്കാന്‍ ഉമ്മന്‍‌ചാണ്ടിയുടെ എതിരാളിയായ രമേശ്‌ ചെന്നിത്തലയെ രണ്ടാമനായി വാഴിക്കുകകൂടി ചെയ്യുമ്പോള്‍ ചുവരെഴുത്ത് വ്യക്തം. വി എം സുധീരന്‍ കെപിസിസി പ്രസിഡന്‍റ് കൂടി ആയാല്‍ ഉമ്മന്‍‌ചാണ്ടിക്ക് ഇനി സ്വസ്ഥം ഗൃഹഭരണം.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കത്തോലിക്കാ സഭ അകന്നതോടെ ഭൂരിപക്ഷസമുദായത്തെ ഒപ്പം നിര്‍ത്താനുള്ള തന്ത്രംകൂടിയാണ് കോണ്ഗ്രസിന്റെ നീക്കം. അതുകൊണ്ടുതന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനെങ്കിലും കോണ്ഗ്രസിന് കഴിഞ്ഞാല്‍ പാര്‍ടിയില്‍ ചെന്നിത്തല കൂടുതല്‍ ശക്തനാകുകയും ചെയ്യും. കോണ്ഗ്രസിന് സീറ്റ് കൂടിയാലും കുറഞ്ഞാലും കുഞ്ഞൂഞ്ഞിന് കിടക്കപ്പൊറുതി ഉണ്ടാകില്ല എന്ന് സാരം.

Leave a Reply