കൊച്ചി:മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ദൃശ്യങ്ങള്‍ 14 ദിവസത്തില്‍ കൂടുതല്‍ റെക്കോഡ് ചെയ്യാവുന്ന സംവിധാനത്തിലല്ലെന്ന് മൊഴി.സോളാര്‍ കമ്മീഷന് സിറ്റിങ്ങിനു മുമ്പാകെ കെല്‍ട്രോണ്‍ ജനറല്‍ മാനേജര്‍ ആര് പ്രദീപ്കുമാര്‍ നല്കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പ്രവേശിക്കുന്ന ഇടനാഴിയിലാണു ക്യാമറ സ്ഥാപിച്ചിട്ടുള്ളത്.കെല്‍ട്രോണ്‍ സിസിടിവി ദൃശ്യം പ്രത്യേകമായി റിക്കോര്‍ഡ് ചെയ്യാറില്ലെന്നും ഇതിന്റെ ചുമതല സെക്രട്ടേറിയറ്റിലെ ചീഫ് സെക്യൂരിറ്റി ഓഫിസര്ക്കാണെന്നും ജനറല്‍ മാനേജര്‍ മൊഴി നല്കി.ക്യാമറ ദൃശ്യങ്ങള്‍ 14 ദിവസം കഴിഞ്ഞാല്‍ സ്വമേധയാ നഷ്ടപ്പെടും.14 ദിവസത്തെ ദൃശ്യങ്ങള്‍ മാത്രം റിക്കോര്‍ഡ് ചെയ്യുന്ന 500 ജിബി ഹാര്‍ഡ് ഡ്രൈവിലെ ദൃശ്യങ്ങള്‍ മാഞ്ഞുപോയാലും ഭാവിയില്‍ വീണ്ടെടുക്കുന്ന സംവിധാനം ആവശ്യമുണ്ടെങ്കില്‍ അതും കെല്‍ട്രോണിന് ചെയ്യാന്‍ കഴിയും.എന്നാല്‍ കെല്‍ട്രോണിന് സര്‍ക്കാര്‍ തന്ന വര്‍ക്ക് ഓര്‍ഡറില്‍ അത്തരം ഒരാവശ്യം ഉണ്ടായിരുന്നില്ല.അതുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫിസിലെ ക്യാമറയില്‍ പതിഞ്ഞ് 14 ദിവസം കഴിഞ്ഞ ദൃശ്യങ്ങള്‍ ഇനി വീണ്ടെടുക്കാനാകില്ലെന്ന് പ്രദീപ്കുമാര്‍ വ്യക്തമാക്കി.
2009ല്‍ ഇടതു സര്‍ക്കാരിന്റെ കാലത്തു പൊതുമരാമത്ത് വകുപ്പ് നിര്‍ദേശിച്ചതനുസരിച്ചാണു സിസിടിവി സ്ഥാപിച്ചതെന്നും മൊഴിയിലുണ്ട്.
INDIANEWS24.COM Kochi