jio 800x100
jio 800x100
728-pixel-x-90
<< >>

മിസ്റ്റര്‍ ഫ്രോഡ് എത്തി, മോഹന്‍ലാല്‍ ആരാധകര്‍ക്കായി !

ദൃശ്യം എന്ന സര്‍വ്വകാല ഹിറ്റിന് ശേഷമെത്തുന്ന മോഹന്‍ലാല്‍ ചിത്രം, 2014 ല്‍ മലയാളത്തിലെ ആദ്യ ലാല്‍ ചിത്രം എന്നീ വിശേഷണങ്ങള്‍ പേറിയെത്തിയ മിസ്റ്റര്‍ ഫ്രോഡ് എന്ന മാസ് മൂവി  ലാല്‍ ആരാധകര്‍ക്ക് ഉത്സവ പ്രതീതി ജനിപ്പിക്കുന്നു.മെഡിമിക്സ് അനൂപ്‌ എ വി എ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച മിസ്റ്റര്‍ ഫ്രോഡിന്‍റെ കഥ,തിരക്കഥ,സംഭാഷണം,സംവിധാനം ബി ഉണ്ണികൃഷ്ണനാണ്.വിതരണം മാക്സ് ലാബിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്.ബി ഉണ്ണികൃഷ്ണന്‍ നേരിട്ട വിലക്കിനെത്തുടര്‍ന്ന് മാധ്യമങ്ങളിലൂടെ വന്‍ ജന ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു ഈ ചിത്രം.

മോഹന്‍ലാല്‍ എന്ന വിസ്മയം മാത്രമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.അത് തന്നെയാണ് ചിത്രത്തിന്‍റെ ശക്തിയും ബലഹീനതയും.മോഹന്‍ലാല്‍ എന്ന എക്കാലത്തെയും വലിയ ക്രൌഡ് പുള്ളറെ വല്ലാതെ ആശ്രയിച്ചിരിക്കുന്നു സംവിധായകന്‍.ചിത്രം നേടുന്ന ഗംഭീര ഇനിഷ്യല്‍ മോഹന്‍ലാല്‍ എന്ന താരത്തിനു മുപ്പതു വര്‍ഷത്തിനു ശേഷവും വന്‍ ജനപ്രീതിയുണ്ട് എന്നതിന്റെ അളവ് കോലാകുന്നു.

മോഹന്‍ലാലിന്റെ വിവിധ ഗെറ്റ് അപ്പുകളും സാള്‍ട്ട് ആന്‍ഡ്‌ പേപ്പര്‍ ലുക്കും ആരാധകരെ ആവേശത്തിലാക്കുന്നു.ലാലിന്റെ പഞ്ച് ഡയലോഗുകള്‍ക്കും സ്റൈലിഷായ ശരീര ചലങ്ങള്‍ക്കും വന്‍ കയ്യടിയാണ് തിയേറ്ററില്‍ ലഭിക്കുന്നത്.റോക്ക് ഗായകനായ് അവതരിപ്പിക്കുന്ന ഇന്‍ട്രോ സീന്‍ മുതല്‍ ക്ലൈമാക്സിലെ വേഷപ്പകര്‍ച്ചകള്‍ക്കും വരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മോഹന്‍ലാല്‍ എന്ന താരത്തിന്റെ മികവില്‍ ചിത്രം വാണിജ്യ വിജയം നേടുമെങ്കിലും ബി ഉണ്ണികൃഷ്ണന്‍ കഥാകൃത്ത്‌ എന്ന നിലയില്‍ പരാജയമായി മാറി.ഒരു സസ്പെന്‍സ് ത്രില്ലര്‍ തലത്തിലേക്ക് ഉയരേണ്ടിയിരുന്ന മിസ്റ്റര്‍ ഫ്രോഡ് ഒരു കേവല മാസ് മൂവി ആയി മാറിയതിന്റെ ഉത്തരവാദിത്തം ഉണ്ണിക്കു തന്നെയാണ്.ഒരു റോബറി പ്ലാനിനും ചുറ്റും കറങ്ങി ത്തിരിയുന്ന ചിത്രം പ്രേക്ഷകന് ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നില്ല.

ഹിസ്‌ ഹൈനസ് അബ്ദുള്ളയുടെ കഥാ തന്തുവില്‍  ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറ രഹസ്യം വിളക്കിചേര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപണമുയര്‍ന്നാല്‍ ഉണ്ണികൃഷ്ണന് പ്രതിരോധിക്കാനാവില്ല.ഹിസ്‌ ഹൈനസ് അബ്ദുള്ളയിലെ രാജാവിനു സമാനമായ ഒരു അഭിനവ കമ്മ്യൂണിസ്റ്റ് കഥാപാത്രത്തെയും മിസ്റ്റര്‍ ഫ്രോഡ് പ്രേക്ഷകന് സമ്മാനിക്കുന്നു.കൊട്ടാരവും നിലവറയുമൊക്കെ എന്നേ പ്രേക്ഷകന് മടുത്തിരിക്കുന്നു.

അഭിനേതാക്കളില്‍ മോഹന്‍ലാലിന്റെ ഉജ്ജ്വല പ്രകടനത്തിന് പുറമേ ശ്രദ്ധയാകര്‍ഷിക്കുന്നത് സിദ്ദിക്ക് അവതരിപ്പിച്ച രാജശേഖര വര്‍മ്മയാണ്.ദേവനെപ്പോലുള്ള നടന്മാരെ എന്തിനാണ് ഇങ്ങിനെ ഒതുക്കുന്നത് എന്ന് മനസിലാകുന്നേയില്ല.ഒരു റോയല്‍ ലുക്ക് ഉള്ളതിനാല്‍ കൊട്ടാരം കഥയില്‍ ഉള്‍ക്കൊള്ളിച്ചേക്കാം എന്ന് സംവിധായകന്‍ കരുതി  എന്ന് സമാധാനിക്കാം.സ്ത്രീ കഥാപാത്രങ്ങളില്‍ തമ്മില്‍ ഭേദം മിയ അവതരിപ്പിച്ച കഥാപാത്രമാണ്.

സതീഷ്‌ കുറുപ്പിന്റെ ക്യാമറ മികവു പുലര്‍ത്തി.ആര്‍ട്ട്-ഗ്രാഫിക്സ് ഡിപ്പാര്‍ട്ട്മെന്ടുകളുടെ മേന്മ ചിത്രത്തിനെ ഏറെ സഹായിച്ചു.ഗോപി സുന്ദര്‍ നിരാശപ്പെടുത്തി.പശ്ചാത്തല സംഗീതം ശരാശരി നിലവാരം പുലര്‍ത്തിയെങ്കിലും ഗാനങ്ങള്‍ ചിത്രത്തെ സാഹായിക്കുന്നില്ല.

ചിത്രത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകള്‍ ഒന്നുമില്ലാതെ ലാലിന്റെ പുതിയ ലുക്ക്‌ & സ്റ്റൈല്‍ കാണാനിഷ്ടപ്പെടുന്നവര്‍ക്ക് മിസ്റ്റര്‍ ഫ്രോഡ് തീര്‍ച്ചയായും ഒരു നല്ല വിരുന്നായിരിക്കും. Mr.Fraud, One LAL, Many Faces !

SANU INDIANEWS24

misttar fraud 1

mr fraud 3

Leave a Reply