അബുദാബി:റിക്കി പോണ്ടിങ്ങും ഡേവിഡ് വാര്‍ണറും ഏറ്റുമുട്ടിയ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 17 റണ്‍സ് വിജയം.ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർകസ് സ്റ്റോയിനിസിന്റെയും കഗീസോ റബാദയുടെയും തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഡൽഹി ക്യാപിറ്റൽസിനെ ആദ്യമായി ഐപിഎൽ ക്രിക്കറ്റ് ഫൈനലിൽ എത്തിച്ചത്. ഓപ്പണറായി ഇറങ്ങി 27 പന്തിൽ 38 റണ്ണടിച്ച സ്റ്റോയിനിസ് മൂന്ന് വിക്കറ്റും നേടി.ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ ബലത്തിലാണ് ഡൽഹി 3 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടിയത്.ധവാൻ 50 പന്തിൽ 78 റണ്ണടിച്ചു. നാലാം അർധസെഞ്ചുറി കണ്ട ധവാൻ ആറ് ഫോറും രണ്ട് സിക്സറും പറത്തി. അഞ്ച് ഫോറും ഒരു സിക്സറും അടിച്ച സ്റ്റോയിനിസ് ധവാനോടൊത്ത് 8.2 ഓവറിൽ 86 റൺ നേടി.ടോസ് നേടി ബാറ്റ് ചെയ്യാനും മാർകസ് സ്റ്റോയിനിസിനെ ഓപ്പണറാക്കാനുമുള്ള ഡൽഹിയുടെ തീരുമാനം നിർണായകമായി. മൂന്ന് റണ്ണിൽ നിൽക്കെ സ്റ്റോയിനിസ് നൽകിയ ക്യാച്ച് ജാസൺ ഹോൾഡർ വിട്ടിരുന്നു.
ജയിക്കാൻ 190 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് കെയ്ൻ വില്യംസണിന്റെ ബാറ്റുമായി അവസാനംവരെ പൊരുതി. 45 പന്തിൽ 67 റണ്ണെടുത്ത് വില്യംസൺ മടങ്ങിയതോടെ ഡൽഹി വിജയം ഉറപ്പിച്ചു. പ്രിയം ഗാർഗും (17) ഡേവിഡ് വാർണറും (2) ജാസൺ ഹോൾഡറും (11) വേഗം മടങ്ങിയതോടെ വില്യംസണിലായിരുന്നു പ്രതീക്ഷ. കൂട്ടിന് കശ്മീരിൽനിന്നുള്ള പത്തൊമ്പതുകാരൻ അബ്ദുൽ സമദുണ്ടായിരുന്നു. പതിനേഴാം ഓവറിൽ വില്യംസൺ പുറത്താകുമ്പോൾ സ്കോർ 5–-147. ഒരോവറിൽ മൂന്ന് വിക്കറ്റെടുത്ത് കഗീസോ റബാദ ഡൽഹിയെ ഫൈനലിലേക്ക് നയിച്ചു. റബാദയ്ക്ക് നാല് വിക്കറ്റുണ്ട്. സമദ് 16 പന്തിൽ 33 റണ്ണെടുത്തു. റഷീദ് ഖാൻ 11 റണ്ണെടുത്തപ്പോൾ വിക്കറ്റ്കീപ്പർ ഗോസ്വാമി ആദ്യപന്തിൽ മടങ്ങി.
നാളെ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിനെ നേരിടും. ഇരുവരും ആദ്യ ക്വാളിഫയറിൽ ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ വിജയം മുംബൈക്കായിരുന്നു.മുംബൈ തന്നെയാണ് നാളത്തെ ഫൈനലിലെ ഫേവറിറ്റ് !
INDIANEWS24 CRICKET DESK
Read more: https://www.deshabhimani.com/news/sports/ipl-2020-live/906244