jio 800x100
jio 800x100
728-pixel-x-90
<< >>

മാസ്റ്റർ സംവിധായകരിലെ “സൂപ്പർതാരത്തിന്” ഇന്ന് ജന്മദിനം

മലയാള സിനിമയുടെ വാണിജ്യ ചരിത്രത്തിലെ ഒന്നാം നമ്പറുകാരൻ ജോഷിക്ക്  ഇന്ന് ജന്മദിനം.സത്യൻ ഒഴികെയുള്ള മലയാളത്തിലെ പ്രതിഭാധനരായ നായകന്മാരുടെ വിജയ ചരിത്രം ജോഷിയുടേത് കൂടിയാണ്.ജോഷി ചിത്രങ്ങളുടെ ഭാഗായകൻ കൊതിക്കാത്ത നടീനടന്മാരോ എഴുത്തുകാരോ സാങ്കേതിക പ്രവർത്തകരോ മലയാള സിനിമയിലില്ല.ദക്ഷിണേന്ത്യൻ സിനിമകളിലും  ബോളിവുഡിലും വരെ എത്തിയ ജോഷിയുടെ മാസ്റ്റർ ടച്ചിന് 2020 യിലും ഒരു കോട്ടവും തെറ്റിയിട്ടില്ല.പൊറിഞ്ചു മറിയം ജോസിന് ശേഷം നിരവധി ചിത്രങ്ങളാണ് ജോഷിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.
ജോഷിയുടെ ജീവിത ചക്രം ഇതുവരെ: 
വർക്കല സ്വദേശിയായ ജി വാസുവിന്റെയും ഗൗരിയുടെയും മകനായി 1952 ജൂലൈ 18നു രോഹിണി നാളിൽ ജനിച്ചു. വർക്കല ഗവൺമെന്റ് ഹൈസ്ക്കൂളിലും, ചേർത്തല എസ് എൻ കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യ കാലത്ത് എം കൃഷ്ണൻ നായരുടേയും ശശികുമാറിന്റേയും അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്തു.ക്രോസ് ബെൽറ്റ് മണിയുടെ സഹായിയായി ധാരാളം ചിത്രങ്ങളിൽ പ്രവർത്തിച്ച ജോഷി  1978-ൽ ടൈഗർ സലീം എന്ന ചിത്രത്തിലുടെയാണ് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.സിന്ധുവാണു ഭാര്യ.അഭിലാഷ്, ഐശ്വര്യ എന്നിവർ മക്കളാണ് വാഹനാപകടത്തിൽ മകൾ ഐശ്വര്യ വിട പറഞ്ഞത് ജോഷിയുടെ ജീവിതത്തിലെ നൊമ്പരമുണർത്തുന്ന ഒരേടാണ്.മകൻ അഭിലാഷിൻറെ സിനിമാ പ്രവേശനം ഏറെക്കാലമായി ജോഷി ചിത്രങ്ങളുടെ ആരാധകർ കാത്തിരിക്കുകയാണ്.
സത്യൻ  ഒഴികെയുള്ള  മലയാള സിനിമയിലെ പ്രതിഭാധനരായ അഭിനേതാക്കളെല്ലാം ജോഷിയുടെ സിനിമകളില് അഭിനയിച്ചിട്ടുണ്ട്. നസീര്, മധു, ജയന്, സോമന്, സുകുമാരന്, മമ്മുട്ടി, മോഹൻലാൽ ശങ്കർ, രതീഷ്, സുരേഷ് ഗോപി, ജയറാം, റഹ്‌മാൻ, വിക്രം, ബിജു മേനോൻ, ദിലീപ്, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, ജയസൂര്യ, നിവിൻ പോളി, നരേൻ, ആസിഫ് അലി, ചെമ്പൻ വിനോദ്, ജോജു ജോർജ് തുടങ്ങി എല്ലാതലമുറയിലെയും താരങ്ങളെ വച്ച് ജോഷി സിനിമകള് ചെയ്തിട്ടുണ്ട്. താരങ്ങൾ ആരുമായിക്കൊള്ളട്ടെ ഏത് സിനിമയും ആയിക്കോട്ടെ, അതെല്ലാം തന്നെ ജോഷിയുടെ സിനിമകളാണെന്നേ ജനങ്ങൾ പറയൂ അതാണ് വാണിജ്യ സിനിമകളുടെ സൂപ്പര് സ്റ്റാര് സംവിധായകന് ജോഷി എന്ന സംവിധായകന്റെ സ്ഥാനം.
കാലഘട്ടങ്ങളെ അതിജീവിക്കുന്ന സംവിധായകനാണ് ജോഷി, അതിനു പ്രധാന കാരണം ലോകസിനിമയിൽ സംഭവിക്കുന്ന നവതരംഗങ്ങളെ സൂക്ഷ്മമായി വീക്ഷിക്കികയും അത് തന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് അനുഭവേദ്യമാക്കാൻ ജോഷി എന്ന സംവിധായകന് സാധിച്ചു എന്നുള്ളത് കൊണ്ടാണ്.
നാല്പത്തിരണ്ട് വർഷക്കാലം ഒരു സംവിധായകന് തന്റെ മേലുള്ള പ്രേക്ഷകന്റെ വിശ്വാസം നിലനിര്ത്താന് കഴിയുക എന്നത് ജോഷിക്കല്ലാതെ മറ്റാര്ക്കെങ്കിലും കഴിയുന്നതാണോ എന്നു സംശയമാണ്. പ്രഗ്തഭരായ ഒട്ടനവധി സംവിധായകര് മലയാളത്തില് ഉണ്ടായിട്ടുണ്ട്, ഇപ്പോഴുമുണ്ട്, ഇനിയുണ്ടാവുകയും ചെയ്യും. പക്ഷേ, ജോഷി എന്ന സംവിധായകൻ ഇവർക്കിടയിലെല്ലാം തലയുയർത്തി നിൽക്കുന്നത് സിനിമയോടുള്ള അർപ്പണമനോഭാവം ഒന്ന് കൊണ്ട് മാത്രമാണ്.
ജോഷി സംവിധായകനായ ആദ്യ ചിത്രം 1978 ൽ ടൈഗർ സലിം ആയിരുന്നു, അതിനുശേഷം ജയൻ നായകനായ മൂർഖൻ ആയിരുന്നു ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ രണ്ടാമത്തെ സിനിമ.പ്രേംനസീർ, മധു എന്നിവർ നായകന്മാരായ രക്തം ആയിരുന്നു ജോഷിയുടെ മൂന്നാമത്തെ ചിത്രം. 1983ൽ ആ രാത്രി എന്ന സിനിമയിൽ മമ്മൂട്ടിയുമായി ചേർന്ന ജോഷി, മമ്മൂട്ടിയിലൂടെ തുടർച്ചയായി ഒട്ടനവധി ഹിറ്റു ചിത്രങ്ങൾ ഒരുക്കി. സന്ദർഭം, കൊടുങ്കാറ്റ്, കോടതി, അലകടലിനക്കരെ, മുഹൂര്ത്തം 11.30ന്, നായർസാബ്, ന്യൂഡൽഹി, സംഘം, നിറക്കൂട്ട്, ശ്യാമ, മഹായാനം, ഈ തണുത്ത വെളുപ്പാൻ കാലത്ത്, കൗരവർ, ധ്രുവം, കുട്ടേട്ടൻ, സൈന്യം, ദിനരാത്രങ്ങൾ, തന്ത്രം, മദ്രാസ് 20 മെയിൽ, പോത്തൻ വാവ എന്നിവയൊക്കെ അതിൽ ചിലതാണ്. വലിയ വിജയം നേടിയ ചിത്രങ്ങളായിരുന്നു അവയെല്ലാം. മമ്മൂട്ടിയെ സൂപ്പർ താര പദവിയിൽ എത്തിക്കുന്നതിൽ ജോഷി ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.
മോഹൻലാൽ നായകനായ ആദ്യ ജോഷി ചിത്രം 1987ൽ ജനുവരി ഒരു ഓർമ്മ ആണ്. തുടർന്ന് നാടുവാഴികൾ, മാമ്പഴക്കാലം, നരൻ, ക്രിസ്ത്യൻ ബ്രദർസ്‌, റൺ ബേബി റൺ തുടങ്ങിയ മെഗാ ഹിറ്റ് ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പിറവിയെടുത്തു. സുരേഷ് ഗോപിയുമായി ചേർന്ന ലേലം, വാഴുന്നോർ, പത്രം എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചിരുന്നു. ദിലീപിനൊപ്പം റൺ‌വേ, ലയൺ, ജൂലൈ 4, അവതാരം എന്നീ ചിത്രങ്ങൾ. ജോജു ജോർജിനെയും ചെമ്പൻ വിനോദിനെയും നായകന്മാരാക്കിയ പൊറിഞ്ചു മറിയം ജോസ് ആണ് അവസാനമിറങ്ങിയ ചിത്രം, ഇത് വൻ വിജയമായിരുന്നു.
1984-ൽ ജോഷി ഹിന്ദി സിനിമയും സംവിധാനം ചെയ്തു. Dharm Aur Kanoon ചിത്രത്തിൽ രാജേഷ്ഖന്നയും ധർമ്മേന്ദ്രയുമായിരുന്നു നായകൻമാർ. ബോക്സ് ഓഫീസ് കലക്ഷൻ റെക്കോഡുകൾ തിരുത്തിക്കുറിച്ച ചിത്രമായിരുന്നു അത്. 1998-ൽ എയർപോർട്ട് എന്ന തമിഴ് ചിത്രം സംവിധാനം ചെയ്തു. താരസംഘടനയായ അമ്മ മലയാളത്തിലെ എല്ലാ താരങ്ങളെയും വച്ച് നിർമ്മിച്ച ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ സംവിധായകനും ജോഷിയായിരുന്നു. എഴുപത്തി അഞ്ചിലധികം സിനിമകൾ ജോഷി സംവിധാനം ചെയ്തിട്ടുണ്ട്. ബിഗ് ബജറ്റ് ആക്ഷൻ ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങിയതോടെ സാഹസികനായ സംവിധായകൻ എന്ന പ്രതിഛായയും ജോഷിക്കു ലഭിച്ചു. ഒരു ചാനലിനും ഇന്റർവ്യൂ നൽകാതെയും സ്റ്റേജിൽ കയറി പ്രസംഗിക്കാതെയുമാണ് ജോഷി പ്രേക്ഷകർക്ക് മുന്നിൽ ചിത്രങ്ങൾ അവതരിപ്പിച്ചിരുന്നത്, സ്വന്തം സൃഷ്ടിയിലുള്ള സംവിധായകന്റെ വിശ്വാസം ഒന്ന് തന്നെയാണ് ഇത് കാണിക്കുന്നത്.
സംവിധായകൻ ജോഷി , തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് , ഛായാഗ്രാഹകൻ ജയാനന്റ് വിൻസെന്റ് , ചിത്രസംയോജകൻ ശങ്കുണ്ണി എന്നീ സൂപ്പർ കോംബോ പുലർത്തിയ ചലച്ചിത്ര സാങ്കേതിക മേന്മ മലയാള  വാണിജ്യ സിനിമയുടെ അതിരുകളെയാണ് ഭേദിച്ചത് .ഓരോ ജോഷി സിനിമയുടെയും കാസ്റ്റ് & ക്രൂ അതാത് കാലത്തെ മുഖ്യധാര മലയാള സിനിമയുടെ നിർണ്ണായകമായ സ്വാധീന ശക്തികളായിരുന്നു .കലൂർ ഡെന്നീസ് ,ഡെന്നീസ് ജോസഫ് ,ലോഹിതദാസ് ,പത്മരാജൻ ,രൺജി പണിക്കർ ,രഞ്ജിത്ത് ,എസ് എൻ സ്വാമി ,എ കെ സാജൻ ,ഷിബു ചക്രവർത്തി ,ഉദയ കൃഷ്ണ,സിബി കെ തോമസ് ,ടി എ ഷാഹിദ് ,ബെന്നി പി നായരമ്പലം ,സച്ചി ,സേതു ,കെ പി വ്യാസൻ എന്നീ വ്യത്യസ്‌ത അഭിരുചികളിൽ രചന നിർവ്വഹിക്കുന്ന തിരക്കഥാകൃത്തുക്കളെ തന്റെ സിനിമകളുടെ ഭാഗമാക്കിയപ്പോഴും പ്രേക്ഷകർ പ്രതീക്ഷിച്ച ജോഷി മാസ്റ്റർ മാജിക് നിലനിർത്താൻ കഴിഞ്ഞു എന്നതാണ് ജോഷിയുടെ മികവ്.മലയാളത്തിൽ മൾട്ടിസ്റ്റാർ ചിത്രങ്ങൾക്ക് മാർക്കറ്റ് കണ്ടെത്തിയ ഖ്യാതിയും ജോഷിക്ക് തന്നെയാണ്.രക്തം,ഇതിഹാസം,ധ്രുവം,കൗരവർ മുതൽ ട്വന്റി ട്വന്റി വരെയുള്ള വമ്പൻ വിജയ ചിത്രങ്ങൾ  അടിവരയിടുന്നു.ജോഷി ചിത്രങ്ങളിലൂടെ മലയാളത്തിലെത്തിയ വിഷ്ണു വർദ്ധൻ,ത്യാഗരാജൻ,സത്യരാജ്,പ്രഭാകർ,വിക്രം തുടങ്ങിയ തെന്നിന്ത്യൻ സൂപ്പർ താരങ്ങളെയും ജയപ്രദ പോലുള്ള ബോളിവുഡ് സൂപ്പർ നായികമാരെയും  ഇത്തരുണത്തിൽ ഓർക്കാതെ വയ്യ.
കച്ചവട സിനിമകളുടെ വാർപ്പ് മാതൃകകൾ പൊളിച്ചെഴുതിക്കൊണ്ടു  ആക്ഷൻ ചിത്രങ്ങളിലും ജീവിതം ഉണ്ടെന്നും കലാപരമായ ഔന്നത്യത്തോടെയും അന്താരാഷ്ട്ര നിലവാരത്തിലുള്ള  സാങ്കേതിക തികവോടെയും തിയേറ്ററുകൾ നിറയ്ക്കുന്ന വാണിജ്യ സിനിമകൾ സൃഷ്ടിക്കാം എന്നും തെളിയിച്ച ജോഷിയിലൂടെ  കോവിഡ്  കാലം അടിച്ചേൽപ്പിച്ച മാന്ദ്യം മലയാള സിനിമ മറികടക്കും എന്ന പ്രത്യാശയോടെ,ഒരിക്കൽ കൂടി മാസ്റ്റർ സംവിധായകന് ടീം ഇന്ത്യാ  ന്യൂസ് 24  ജന്മദിനാശംസകൾ നേരുന്നു .joshiy birthday
ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്റെ ജോഷി ജന്മദിനാശംസ FB  പോസ്റ്റിനെ അധികരിച്ചു സനു സത്യൻ തയ്യാറാക്കിയ പ്രത്യേക റിപ്പോർട്ട് .

Leave a Reply