തിരുവനന്തപുരം:ആരാധകരെ ആവേശക്കൊടുമുടിയിലാക്കി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ തിരുവനന്തപുരത്ത് എത്തി.ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളത്തിന്റെ ടീമിന്റെ പേരും സച്ചിൻ ടെണ്ടുൽക്കർപ്രഖ്യാപിച്ചു. ആരാധകർ തന്നെ മാസ്റ്റർ ബ്ളാസ്റ്റർ എന്നാണ് വിളിക്കുന്നതെന്നും അതിനാല്‍ കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബോൾ ക്ളബ് എന്നായിരിക്കും ടീമിന്റെ പേര് എന്ന് സച്ചിന് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് എന്ന ടീം കേരളത്തിലെ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും സച്ചിന് പറഞ്ഞു. ടീമിന് കേരളത്തിന്റെ പരിപൂർണ പിന്തുണ ആവശ്യമാണ് എന്ന് സച്ചിന് അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രിയും കേരളാ ഫുട്ബോൾ അസോസിയേഷനും പിന്തുണ അറിയിച്ചിട്ടുണ്ട് എന്നും പരിശ്രമത്തിനു ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സച്ചിൻ പറഞ്ഞു.
കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഗുഡ്വിൽ അംബാസഡറാകാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണവും സച്ചിൻ സ്വീകരിച്ചു. അടുത്ത വര്‍ഷം ജനവരി, ഫിബ്രവരി മാസങ്ങളിലാണ് കേരളം ദേശീയ ഗെയിംസിന് വേദിയാകുന്നത്.
ഇന്നു കാലത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സച്ചിന് പതിനൊന്നേ കാലോടെയാണ് സെക്രട്ടേറിയറ്റില്‍ ചര്ച്ചയ്ക്കായെത്തിയത്. സച്ചിന് മുഖ്യമന്ത്രിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും മുഖ്യമന്ത്രി സച്ചിന് സംസ്ഥാനത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി സമ്മാനിക്കുകയും ചെയ്തു.
സച്ചിനെ കാണാന്‍ വിമാനത്താവളത്തിലും സെക്രട്ടേറിയറ്റിലും വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. മന്ത്രിസഭാംഗങ്ങളും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരില്‍ നല്ലൊരു വിഭാഗവും സച്ചിനെ കാണാന്‍ എത്തിയിരുന്നു.തുടര്‍ന്ന് സച്ചിന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു.
കേരളം തനിക്ക് നൽകുന്ന സ്നേഹം മനം കുളിര്‍പ്പിക്കുന്നതാണെന്നും അതിനു നന്ദി പറയാൻ വാക്കുകൾ തികയുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ഗെയിംസിന്റെ അംബാസഡറാകുന്നത് അഭിമാനുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
INDIANEWS24 TVPM