jio 800x100
jio 800x100
728-pixel-x-90
<< >>

മാലിന്യ പ്രശ്നം പരിഹരിക്കാന്‍ വേഷം കെട്ടുകള്‍ വേണ്ട …

അര്‍ഹതയും,യോഗ്യതയും രണ്ടും രണ്ടാണ്.ഉദാഹരണത്തിനു ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്  ചൂല്‍ എടുത്ത് വഴിയിലെ ചപ്പു ചവറുകള്‍ തൂത്ത് വാരി കളയാനുള്ള യോഗ്യത ഉണ്ടോ എന്ന് ചോദിച്ചാല്‍ ….ഒരു സംശയവുയം വേണ്ടാ ,അതിനുള്ള യോഗ്യത ഉണ്ട്.

ഇനി അതല്ല അര്‍ഹത ഉണ്ടോ എന്ന് ചോദിച്ചാല്‍ അതിനും സംശയം ഒന്നും വേണ്ടാ.ഒരു അര്‍ഹതയും ഇല്ല.

ഭരിക്കാന്‍ കയറിയിട്ട് നാളെത്രയായി.ഇത് വരെ നാട് ശുചിയായി സൂക്ഷിക്കാന്‍ വേണ്ട യാതോരു നടപടിയോ തീരുമാനങ്ങളോ എടുത്തിട്ടില്ല.ഇന്ത്യ എന്ന രാജ്യത്തെ കുറിച്ച് ബി.ബി.സി അടക്കമുള്ള വിദേശ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍ സാക്ഷി.

ഇതിപ്പോള്‍ പ്രധാനമന്ത്രി മാത്രമല്ല കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷി നേതാക്കളും ഒക്കെ ചൂലും പിടിച്ച് ഇറങ്ങിയിരിക്കുകയാണ്.മാലിന്യ പ്രശ്നം പരിഹരിക്കാന്‍.ഓരോ ഓരോ പുതിയ ഉടായിപ്പുകള്‍, എന്നല്ലാതെ ഇതിനെ ഒന്നും വിശേഷിപ്പിക്കാന്‍ വേറെ വാക്കുകള്‍ ഇല്ല. പുതിയ വേഷം കെട്ടാന്‍ ഓരോ തിരക്കഥയും നാടകവും ആയി ഇറങ്ങുന്നു എന്നല്ലാതെ വേറെ യാതൊരു കാര്യവും ഇല്ല .തര്‍ക്കം ഉണ്ടെങ്കില്‍ മുല്ലപ്പെരിയാര്‍ വിഷയം തന്നെ എടുത്ത് പരിശോധിച്ചാല്‍ മതി.

വിളപ്പില്‍ശാല മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം നാടായ കോട്ടയം (വടവാതൂര്‍)വരെയുള്ള സ്ഥലങ്ങളില്‍ വിദേശ രാജ്യങ്ങില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയിത സംസ്കരണ പ്ലാന്റ് പോലും പൊട്ടിത്തെറിച്ച് നിലച്ച് പോകാന്‍ മാത്രം അളവും ശക്തിയും ഉള്ള മാലിന്യ ഹിമാലയം ആണ് കേരളം പോലും നേരിട്ട് കൊണ്ടിരിക്കുന്നത്.മുംബേയ് പോലെയുള്ള വലിയ മെട്രോപൊളിറ്റന്‍ നഗരങ്ങളുടെ കാര്യം ആണെങ്കില്‍ പറയുകയും വേണ്ട.

അതോക്കെ വൃത്തിയാക്കാന്‍ ചൂലും പിടിച്ച് ഇറങ്ങിയ പ്രധാനമന്ത്രിയും കൂട്ടരും ഏറ്റെടുത്ത ഈ പണിയെങ്കിലും ചെയ്ത് തീര്‍ക്കാന്‍ സാധ്യത ഉണ്ട് എന്ന് ആരെങ്കിലും ധരിച്ചു എങ്കില്‍ തെറ്റി.ഇതുപോലെയുള്ള വിഷയങ്ങള്‍ കയറി പിടിച്ചാലുള്ള പ്രധാന ഗുണം എന്താണ് എന്ന് അറിയാമോ.മാലിന്യം കൂടി വരുകയും ചെയ്യും.പരസ്പരം പഴി ചാരി വാഗ്ദാന കലാപരിപാടിയുമായി എത്ര കാലം വേണമെങ്കിലും തള്ളി നീക്കുകയും ചെയ്യാം.

പ്രധാനമന്ത്രി തുടങ്ങി വെച്ച ഈ കലാപരിപാടി  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ ഗ്ലോബല്‍ ജാലകമായ സഖാവ് തോമസ് ഐസക്കില്‍ എത്തിയപ്പോഴാണ് ഈ കാര്യത്തില്‍ ഏറ്റവും ബുദ്ധിപരമായ നീക്കം നടന്നത്.കേരളത്തില്‍ ഏറ്റവും മാലിന്യം കുറവുള്ള സ്ഥലാമാണ് സ്കൂളുകള്‍.ആ സ്കൂളുകളിലെ ക്ലാസ് മുറികള്‍ എങ്ങനെ വൃത്തിയായി സൂക്ഷിക്കാം എന്ന് പാര്‍ട്ടി അദ്ധ്യാപകന്‍ കൂടിയായ അദ്ദേഹം ചെന്നു ക്ലാസ്സ് എടുത്ത് ബോധവല്‍ക്കരിച്ചു.പോരാത്തത്തിനു ശൌചാലയങ്ങള്‍ എങ്ങനെ ഉണ്ടാക്കുന്നു എന്നും അവ എങ്ങനെ വൃത്തിയാക്കണം എന്നും അദ്ദേഹം കാണിച്ചു കൊടുത്തു.ഇതിന്റെ ഫലമായി കുറഞ്ഞത് പത്ത് ബംഗാളി തൂപ്പ്കാരുടെയെങ്കിലും പണി പോകും എന്ന് ഉറപ്പാണ്.

തദ്ദേശ സ്വംഭരണ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്തമാണ് ഈ മാലിന്യ നിര്‍മ്മര്‍ജ്ജനവും അനുബന്ധ ജോലികളും.ആ ജോലി അവര്‍ ചെയ്യില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് തങ്ങള്‍ ചെയ്യുന്നതായി അഭിനയിക്കുക.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികളുടെ ഉത്തരവാദിത്തങ്ങള്‍ മറച്ച് വെച്ച് സ്കൂളില്‍ പോകുന്ന പാവം കൊച്ചു കുട്ടികള്‍ക്ക് പോയി ക്ലാസ് എടുക്കുക.

തിരുവനന്തപുരം മുന്‍ മേയര്‍ ശിവന്‍കുട്ടിയാണ് കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരം വൃത്തിയാക്കാന്‍ ചൂല്‍ എടുക്കുന്ന കാര്യം അറിയിച്ചത്.ഭാഗ്യം എന്ന് പറയട്ടെ അദ്ദേഹം മേയര്‍ ആയിരുന്ന കാലത്ത് പ്രഖ്യാപിക്കുകയും, വലിയ തുക ചിലവഴിച്ച് പാഴായി പോയ ‘ക്ലീന്‍ സിറ്റി -ഗ്രീന്‍ സിറ്റി’ പദ്ധതി മാലിന്യത്തില്‍ മുങ്ങി പോയ നഗരം വൃത്തിയാക്കാനാണ് സ്വന്തം സംസ്ഥാന സെക്രട്ടറി രംഗത്ത് വന്നിരിക്കുന്നത് എന്ന യഥാര്‍ത്ഥ്യം ശിവന്‍കുട്ടി എം.എല്‍.എയും മറന്നു പോയി.

കാലം മാറി ചൂലിന് പകരം ,പവര്‍ ഹോസുകള്‍ ആണ് ആവശ്യം.വഴിയില്‍ കിടക്കുന്ന ചപ്പും ചവറും തൂത്ത് വാരാന്‍ ബംഗാളിയേയും ബീഹാറിയേയും അല്ല, വിദേശ രാജ്യങ്ങളില്‍ ഉപയോഗത്തില്‍ ഇരിക്കുന്നത് പോലെയുള്ള വലിയ വാക്വം ക്ലീനറുകള്‍ ആണ് ആവശ്യം.മുബൈയും ദില്ലിയും വൃത്തിയാക്കാന്‍ നല്ല സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മാലിന്യ സംസ്കരണ യന്ത്രങ്ങള്‍ ആണ് വേണ്ടത്.പ്രധാന മന്ത്രി മുതല്‍ തോമസ് ഐസക് വരെയുള്ള നേതാക്കനമാരുടെ ഈ വേഷം കെട്ടല്ല മറിച്ച് മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യന്ത്രവല്‍ക്കരണം ത്വരിത ഗതിയില്‍ ആക്കാനുള്ള ക്രിയത്മാക തീരുമാനങ്ങള്‍ ആണ് രാജ്യത്തിന്റെ ശുചിത്വത്തിന് ആവശ്യം.

Leave a Reply