728-pixel-x-90-2-learn
728-pixel-x-90
<< >>

മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അനന്തപുരിയുടെ വിട

തിരുവനന്തപുരം : തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അവസാനത്തെ ഇളയരാജാവും രാജകുടുംബത്തിന്‍റെ  കാരണവരും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ രക്ഷാധികാരിയുമായ  ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഓര്‍മ്മയായി. 1729 അധികാരമേറ്റ  മാര്‍ത്താണ്ഡവര്‍മ്മയില്‍ തുടങ്ങിയ തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ അവസാന ഇളയ രാജാവിന്‍റെ പേരും മാര്‍ത്താണ്ഡവര്‍മ്മ എന്ന് തന്നെയായത് കൌതുകകരമായ യാദൃശ്ചികതയായി.

തിരുവിതാംകൂര്‍ ഭരിച്ച അവസാനത്തെ രാജാവായ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയുടെ അനുജനാണ് മാര്‍ത്താണ്ഡവര്‍മ്മ. 1922 മാര്‍ച്ച് 22-നാണ് തിരുവനന്തപുരത്തെ കവടിയാര്‍ പാലസിലാണ് അദ്ദേഹം ജനിച്ചത്. മഹാറാണി സേതു പാര്‍വതി ഭായിയാണ് അമ്മ. കിളിമാനൂര്‍ കൊട്ടാരത്തിലെ രവി വര്‍മ കൊച്ചുകോയിക്കല്‍ തമ്പുരാനാണ് അച്ഛന്‍ .  2005-ല്‍ അന്തരിച്ച രാധാദേവിയാണ് ഭാര്യ. മകന്‍ പദ്മനാഭ വര്‍മ. മകള്‍ പാര്‍വതി ദേവി. സഹോദരനായ ചിത്തിര തിരുനാള്‍ 1991-ല്‍ നാടുനീങ്ങിയതിനെത്തുടര്‍ന്ന് രാജകുടുംബത്തിന്‍റെ അധികാരമേറ്റെടുത്ത ഉത്രാടം തിരുനാള്‍  ഒരു മികച്ച ഫോട്ടോഗ്രാഫറും ലോക സഞ്ചാരിയുമായിരുന്നു. സ്വിറ്റ്സര്‍ലന്‍ഡ് ആയിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്ട ദേശം.
തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം അദ്ദേഹം ബാംഗ്ലൂരിലെ പ്ലിമത്ത് കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. തുടര്‍ന്ന്‍ ഉന്നതവിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടില്‍ പോയി. പഠനശേഷം തിരിച്ചെത്തി 1956-ല്‍ ബാംഗ്ലൂരില്‍ വ്യവസായ സ്ഥാപനം തുടങ്ങി. വളരെക്കാലം ബാംഗ്ലൂരിലായിരുന്നു താമസിച്ചിരുന്നത്.

തിങ്കാളാഴ്ച പുലര്‍ച്ചെ 2.20-നാണ് എസ്.യു.ടി ആസ്പത്രിയില്‍ വെച്ച് അദ്ദേഹത്തിന്‍റെ  അന്ത്യം സംഭവിച്ചത്. ആന്തരിക രക്തസ്രാവവും ഹൃദയാഘാതവുമായിരുന്നു മരണകാരണം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു.വൈകുന്നേരം 5.45-ന് കവടിയാര്‍ കൊട്ടാരവളപ്പില്‍ അദ്ദേഹത്തിന്‍റെ ശവസംസ്കാരകര്‍മ്മങ്ങള്‍ നടന്നു. ഭൗതികശരീരം കോട്ടയ്ക്കകം ലെവിഹാളില്‍ പൊതുദര്‍ശനത്തിനുവെച്ചിരുന്നു. ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയത്.

SANU INDIA NEWS TVM

Leave a Reply