jio 800x100
jio 800x100
728-pixel-x-90
<< >>

മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു

തൃശ്ശൂര്‍: ദേശീയ ചലച്ചിത്ര അവാര്‍ഡ്‌ ജേതാവും പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും അഭിനേതാവുമായ മാടമ്പ് കുഞ്ഞുക്കുട്ടന്‍ അന്തരിച്ചു.കടുത്ത ശ്വാസകോശ തടസവും  ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് തൃശൂര്‍ അശ്വനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.81 വയസായിരുന്നു. കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇക്കഴിഞ്ഞ ഏപ്രില്‍ 20ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ വീണ്ടും ശ്വാസതടസ്സം നേരിടുകയായിരുന്നു.

1941ല്‍ തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ ഗ്രാമത്തിലാണ് മാടമ്പ് ശങ്കരന്‍ നമ്പൂതിരി എന്ന മാടമ്പ് കുഞ്ഞുക്കുട്ടന്‍ ജനിച്ചത്. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, അദ്ധ്യാപകന്‍, നടന്‍ എന്നീ നിലകളില്‍ പ്രാഗത്ഭ്യം   തെളിയിച്ച മാടമ്പിനു സംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് 2000ല്‍ മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചു.  കേരള സാഹിത്യ അക്കാദമി പുരസ്‌കാരത്തിനും അര്‍ഹനായിട്ടുണ്ട്.  അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ  കോളനി, പുതിയ പഞ്ചതന്ത്രം, സാരമേയം, തോന്ന്യാസം തുടങ്ങിയ നോവലുകൾ രചിച്ചു.മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ്  മാടമ്പിന്‍റെ തിരക്കഥകൾ.

സംസ്‌കൃതവും ഹസ്തായുര്‍വേദവും (ആന ചികിത്സ ) മനനം ചെയ്ത മാടമ്പ് കൊടുങ്ങല്ലൂരില്‍ സംസ്‌കൃതാദ്ധ്യാപകന്‍ ആയും അമ്പലത്തില്‍ ശാന്തി ആയും ജോലി നോക്കി.റേഡിയോ റിപ്പയറിങ്, സ്പ്രേ പെയിന്റിങ് തുടങ്ങിയ ജോലികളും ചെയ്തു. ടെപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടും ട്യൂട്ടോറിയൽ കോളജും നടത്തിയിരുന്നു..ട്യൂട്ടോറിയൽ കോളജിൽ അധ്യാപകനായിരിക്കെ വിദ്യാർഥികൾക്കുവേണ്ടി നാടകങ്ങൾ എഴുതിയാണ് സാഹിത്യജീവിതത്തിന്റെ തുടക്കം. 1970 ൽ എഴുതിയ അശ്വത്ഥാമാവാണ് ആദ്യ നോവൽ. തൊട്ടുപിന്നാലെ വന്ന ഭ്രഷ്ട് എന്ന നോവൽ വിവാദമുണ്ടാക്കി.ആകാശവാണിയിലും മാടമ്പ് ജോലി ചെയ്തിട്ടുണ്ട്.തപസ്യ കലാ സാഹിത്യ വേദിയുടെ സംസ്ഥാന രക്ഷാധികാരിയാണ്.madampu

ആന  വൈദ്യത്തില്‍ പൂമുള്ളി ആറാംതമ്പുരാനും സാഹിത്യത്തില്‍ കോവിലനും തന്ത്ര വിദ്യയില്‍ പരമ ഭാട്ടാരക അനംഗാനന്ദ തീര്‍ഥ ഗുരുവുമാണ് മാടമ്പിന്‍റെ ഗുരുക്കന്മാര്‍.സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്. അശ്വത്ഥാമാവ് സിനിമയാക്കിയപ്പോൾ തിരക്കഥയെഴുതി നായകനായി അഭിനയിച്ചു.പൈതൃകം, ആനച്ചന്തം, വടക്കുംനാഥൻ, കരുണം തുടങ്ങിയവയാണ് മാടമ്പ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.

സാവിത്രി അന്തര്‍ജ്ജനമാണ് ഭാര്യ. ജസീന മാടമ്പ് , ഹസീന മാടമ്പ് എന്നിവര്‍ മക്കള്‍.


മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുശോചനക്കുറിപ്പ്‌:

എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണം സാഹിത്യ- സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്. ശ്രദ്ധേയനായ കഥാകൃത്തും തിരക്കഥാകൃത്തുമായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടൻ. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

വര: ഇബ്രാഹിം ബാദുഷ

INDIANEWS24 LITERARY DESK

Leave a Reply