728-pixel-x-90-2-learn
728-pixel-x-90
<< >>

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം

ന്യൂഡല്‍ഹി:ഒരു പാർട്ടിക്കും ഭൂരിപക്ഷം തെളിയിക്കാനാവാത്ത സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ
രാഷ്ട്രപതി ഭരണത്തിനായുള്ള ഗവര്‍ണര്‍ ഭഗത് സിങ് കോശ്‌യാരിയുടെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു.

പ്രധാനമന്ത്രി വിളിച്ച അടിയന്തിര കേന്ദ്രമന്ത്രിസഭാ യോഗം രാഷ്ട്രപതി ഭരണം സംബന്ധിച്ച ശുപാർശ അംഗീകരിക്കുകയായിരുന്നു.യോഗത്തിന് ശേഷം ബ്രിക്‌സ് ഉച്ചകോടിക്കായി മോഡി ബ്രസീലിലേക്ക് പോയി.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് മൂന്നാഴ്‌ചയോളമായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്‌. അനിശ്ചിതാവസ്ഥ ഒഴിവാക്കാന്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമാണ് ഗവര്‍ണറുടെ നിര്‍ദ്ദേശത്തിലുള്ളത്. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിവരെയാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിലപാടറിയിക്കാന്‍ എന്‍സിപിക്ക് ഗവര്‍ണര്‍ സമയം നല്‍കിയിരുന്നത്.രാഷ്ട്രപതി ഭരണത്തിനു ശുപാർശ ചെയ്ത്‌ റിപ്പോർട്ട് നൽകിയെന്നു സ്ഥിരീകരിച്ച് ഗവർണറുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു.

പഞ്ചാബ് സന്ദര്‍ശിക്കുന്ന രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഡല്‍ഹിയില്‍ തിരിച്ചെത്തിയാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105, ശിവസേന-56, എന്‍സിപി-54, കോണ്‍ഗ്രസ് – 44 എന്നിങ്ങനെയാണ് കക്ഷി നില. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബിജെപിയുമായി ശിവസേന തെറ്റിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് മൂന്ന് ദിവസം നല്‍കിയ ഗവര്‍ണര്‍ തങ്ങള്‍ക്ക് 24 മണിക്കൂര്‍ മാത്രമാണ് നല്‍കിയതെന്ന് ശിവസേന ആരോപിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ സാവകാശം നല്‍കാത്തതില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്‌ ശിവസേന.
INDIANEWS24 NEWDELHI DESK

Leave a Reply