jio 800x100
jio 800x100
728-pixel-x-90
<< >>

മഹാബോധി ക്ഷേത്രത്തില്‍ സ്‌ഫോടന പരമ്പര

രാജ്യാന്തര ബുദ്ധ തീര്‍ഥാടന കേന്ദ്രമായ ബീഹാറിലെ ബോധഗയയിലുള്ള മഹാബോധി ക്ഷേത്രത്തിനുള്ളിലും സമീപത്തുമുണ്ടായ ബോംബ് സ്‌ഫോടന പരമ്പരകളില്‍ രണ്ടു വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരുക്കേറ്റു.
പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ക്ഷേത്രപരിസരത്തെ മഹാബോധി വൃക്ഷത്തിന് സമീപം ആദ്യ സ്‌ഫോടനമുണ്ടായത്. പിന്നീട് പലയിടത്തായി തുടര്‍ച്ചയായി എട്ടു സ്‌ഫോടനങ്ങളുണ്ടായി. നാലു സ്‌ഫോടനങ്ങള്‍ ക്ഷേത്ര പരിസരത്തും മൂന്നെണ്ണം ട്രെഗര്‍ സന്യാസി മഠത്തിനു സമീപത്തും ഒന്ന് ബുദ്ധ പ്രതിമയ്ക്ക് സമീപവുമാണ് നടന്നത്. സ്‌ഫോടന സമയത്ത് ഇരുന്നൂറിലധികം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ നിന്ന് പൊട്ടാത്ത രണ്ട് ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തില്‍ ബോധി വൃക്ഷത്തിനു സമീപമുള്ള ബുദ്ധന്റെ കാല്‍പ്പാടുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവം ഭീകരാക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ മുജാഹിദ്ദിന് പങ്കുണ്ടെന്ന് ബിഹാര്‍ പൊലീസ് സംശയിക്കുന്നു. പട്‌നയില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ്  മഹാബോധി ക്ഷേത്രം. നേപ്പാളില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള സന്യാസിമാര്‍ക്കാണ് പരുക്കേറ്റത്. തീര്‍ത്ഥാടകരെ ഒഴിപ്പിച്ച് ക്ഷേത്രത്തില്‍ പരിശോധന നടക്കുകയാണ്.
ക്ഷേത്രത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്ന് രണ്ടുമാസത്തിന് മുമ്പ് തന്നെ ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബോധഗയ ക്ഷേത്രം ആക്രമിക്കാന്‍ ഇന്ത്യന്‍ മുജാഹിദീന്‍ പദ്ധതിയിട്ടിരുന്നതായി നേരത്തെ ഡല്‍ഹി പൊലീസ് വിവരം ലഭിച്ചിരുന്നതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2012 ഒക്ടോബറില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ സയിദ് മഖ്ബൂല്‍ 15 ദിവസം ബോധ്ഗയയില്‍ താമസിക്കുകയും നിരീക്ഷണം നടത്തുകയും ചെയ്തിരുന്നുവെന്ന് ഡല്‍ഹി പൊലീസിന് വിവരം നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭീകരാക്രമണത്തില്‍ പ്രതികളെന്നു സംശയിക്കുന്ന രണ്ടു പേരുടെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടു. ടൈമര്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
സ്‌ഫോടനത്തില്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ക്ഷേത്രപരിസരത്തക്കുള്ള വഴികള്‍ പൊലീസ് അടച്ചു. ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കുന്നതിന്  ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ ഐ എ സംഘം, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കും. ക്ഷേത്രപരിസരത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.
സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ എട്ട് പ്രധാന നഗരങ്ങള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, അഹമ്മദാബാദ്, പുണെ തുടങ്ങിയ നഗരങ്ങള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. ബുദ്ധ തീര്‍ഥാടന കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍, തിബത്തന്‍ ജനവാസ കേന്ദ്രങ്ങളില്‍ പ്രത്യേക സുരക്ഷ നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്‌ലിങ്ങള്‍ക്കെതിരെ ബുദ്ധമതക്കാര്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ബുദ്ധമത വിശ്വാസികള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.
സംഭവത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ശക്തമായി അപലപിച്ചു. ആരാധനാലയങ്ങള്‍ക്കു നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കാനാണ് രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും പഠിപ്പിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. സാധാരണക്കാരായ തീര്‍ഥാടകരെ ലക്ഷ്യംവച്ചു നടത്തിയ വിവേകശൂന്യമായ പ്രവൃത്തിയാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അധികൃതരുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  സ്‌ഫോടനത്തെത്തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മഹാബോധി ക്ഷേത്രം സന്ദര്‍ശിച്ചു.  അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ക്ഷേത്രം വീണ്ടും തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ്ര രജപ്ക്‌സെ എന്നിവര്‍ ബോധഗയയില്‍ സന്ദര്‍ശനം നടത്താറുണ്ട്. ഭീകരാക്രമണത്തില്‍ രജപ്ക്‌സെ നടുക്കം രേഖപ്പെടുത്തി. ആക്രമണത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രാലയത്തോടും ഇന്ത്യയിലെ ഹൈക്കമ്മിഷനോടും അദ്ദേഹം ആവശ്യപ്പെട്ടു. ആറുമാസങ്ങള്‍ക്കു മുമ്പ് രജപ്ക്‌സെ ഇവിടം സന്ദര്‍ശിച്ചിരുന്നു. 52 ഓളം രാജ്യങ്ങളാണ് ഗയയില്‍ സന്യാസി മഠങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ – നേപ്പാള്‍ അതിര്‍ത്തിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply