728-pixel-x-90-2-learn
728-pixel-x-90
<< >>

മസൂദ് അസറിനായി വാദിച്ച് ചൈന പാകിസ്ഥാനൊപ്പം,യു എന്‍ സുരക്ഷാ കൗൺസിലില്‍ പ്രമേയത്തെ നാലാമതും എതിര്‍ത്തു

ബീജിംഗ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലില്‍ നാലാമതും ചൈന എതിര്‍ത്തു. കശ്മീർ പ്രശ്നം പരിഹരിക്കാൻ എല്ലാ കക്ഷികളും അനുകൂലിക്കുന്ന ഒരു സമവായനീക്കം കൊണ്ടേ കഴിയൂ എന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയുടെ നിലപാട്.മസൂദ് അസറിനെ ആഗോള തീവ്രവാദിപ്പട്ടികയിൽ പെടുത്തുന്നതിനോട് പാകിസ്ഥാൻ അനുകൂല നിലപാടെടുക്കില്ല. പ്രശ്നത്തിൽ ഇന്ത്യയുടെ നിലപാട് മാത്രം കണക്കിലെടുത്ത് മുന്നോട്ടുപോകാനുമാകില്ല. ഈ സാഹചര്യത്തിൽ ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു നിലപാടേ ഐക്യരാഷ്ട്രസഭ എടുക്കാവൂ എന്നാണ് ചൈനയുടെ പാക്കിസ്ഥാന്‍ അനുകൂല വിചിത്ര വാദം.

മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന പ്രമേയം കൊണ്ട് വന്നത് അമേരിക്കയും യു കെ യും ഫ്രാന്‍സും ചേര്‍ന്നാണ്. അൽ ഖ്വയ്‍ദയുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരോധനമേർപ്പെടുത്തുന്ന സമിതിയ്ക്ക് (1267 Al Qaeda Sanctions Committee) മുമ്പാകെയാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. ഇതിനെ നേരത്തെ ഇന്ത്യ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ജയ്ഷെ മുഹമ്മദ് ഉത്തരവാദിത്തമേറ്റെടുത്ത പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ ഈ ആവശ്യം ശക്തമായി വീണ്ടും സമിതിയ്ക്ക് മുമ്പാകെ വച്ചിരുന്നു. എന്നാൽ ഉത്തരവാദിത്തമുള്ള, സമാധാനം ഉറപ്പ് വരുത്തുന്ന നിലപാടുകളേ സ്വീകരിക്കൂ എന്നാണ് ചൈനീസ് വിദേശകാര്യവക്താവ് ലു കാങ് പറയുന്നത്.

മുൻപ് മസൂദ് അസറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് മൂന്ന് തവണ സുരക്ഷാ കൗൺസിലിന് മുമ്പാകെ പ്രമേയം കൊണ്ടുവന്നെങ്കിലും വീറ്റോ അവകാശം ഉപയോഗിച്ച് എല്ലാ തവണയും ചൈന ഇതിനെ തടഞ്ഞിരുന്നു.

2001-ൽ ഇന്ത്യയുടെ പാർലമെന്‍റ് മന്ദിരം ആക്രമിക്കപ്പെട്ട ശേഷം പാകിസ്ഥാനിൽ നിരോധനം നേരിട്ട ജയ്ഷെ മുഹമ്മദാണ്, പിന്നീടങ്ങോട്ട് ഉറിയിലും പഠാൻകോട്ടിലും സൈനികക്യാംപുകളിൽ നടത്തിയ ആക്രമണങ്ങളും ഏറ്റവും ഒടുവിൽ പുൽവാമ ഭീകരാക്രമണവും ആസൂത്രണം ചെയ്തതും നടപ്പാക്കിയതും.

 

Leave a Reply