728-pixel-x-90-2-learn
728-pixel-x-90
<< >>

കേരളത്തില്‍ അഞ്ച് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷ ചുഴി കാരണമാണ് കേരളത്തില്‍ ശക്തമായ മഴലഭിക്കുന്നത് എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അഞ്ച് ദിവസം കനത്ത മഴ തുടരും. തിരുവനന്തപുരം ജില്ലയിലെ ഡാമുകള്‍ തുറന്നുവിട്ടു. ഇടുക്കിഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിട്ടുണ്ട്. കൊല്ലത്ത് ശക്തമായ മഴയും കടലാക്രമണവും റിപ്പോര്‍ട്ട് ചെയ്യുന്നു. തിരുവനന്തപുരത്ത് രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോള്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റ് ജോര്‍ജ്ജ്കുട്ടി ജോണ്‍ മരിച്ചു.പല ട്രെയിനുകളും മണിക്കൂറുകളോളം വൈകിയോടുന്നു. തമ്പാനൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ പല  ട്രെയിനുകളും കൊച്ചുവേളിയില്‍ പിടിച്ചിട്ടു.
തിരുവനന്തപുരത്ത് ഇന്ന് ഏഴ് മണി കഴിഞ്ഞാണ് അവധി പ്രഖ്യാപിച്ചത്. അപ്പോഴേക്കും കുട്ടികളും രക്ഷിതാക്കളും വീടുകളില്‍ നിന്ന് പുറപ്പെട്ട് കഴിഞ്ഞിരുന്നു. പാതി വഴിയിലും സ്‌കൂളിലും എത്തിയ കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു. സ്‌കൂളുകളില്‍  അധ്യായനം ആരംഭിക്കുന്നത്  എട്ട് മണിയോടുകൂടിയാണ്. 7.50ന് ആണ് ഔദ്യോഗിക അറിയിപ്പ് കിട്ടിയത്.ദുരന്ത നിവാരണ വിഭാഗത്തില്‍ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ കലക്ടര്‍ക്ക് തീരുമാനം എടുക്കാന്‍ പറ്റുകയുള്ളൂ എന്നാണ് ഔദ്യോഗിക തലത്തില്‍ നിന്നുള്ള വിശദീകരണം.
തിരുവനന്തപുരത്തെ പള്ളിക്കാട്, കുറ്റിച്ചാല്‍, അമ്പൂരി, വെള്ളറട തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശമുണ്ടായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. കൊല്ലത്ത് കൊട്ടാരക്കര, കുന്നത്തൂര്‍, കൊല്ലം താലൂക്കുകളില്‍ മഴ തുടരുകയാണ്. അപ്പര്‍ കുട്ടനാട്ടിലും മഴ ശക്തമായി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നതായും റിപ്പോര്‍ട്ടുണ്ട്. മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ആനത്തോട് ഡാമിന്റെ ഷട്ടറുകളും തുറക്കേണ്ട സാഹചര്യമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പലയിടത്തും മരം കടപുഴകി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.
നിലമ്പൂരില്‍ മഴ തുടരുകയാണ്. കോഴിക്കോട് താമരശ്ശേരി, കോടഞ്ചേരി എന്നിവിടങ്ങളില്‍ മഴ ശക്തമായി തുടരുന്നു. താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. വടകരയടക്കമുള്ള ചില പ്രദേശങ്ങളില്‍ കടല്‍ക്ഷോഭം തുടരുകയാണ്. പാലക്കാട് ജില്ലയില്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും മലമ്പുഴ, പോത്തൂണ്ടി ഡാമുകള്‍ ഏതു സമയവും തുറക്കാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.2399 അടിയിലേക്ക് ജലനിരപ്പെത്തിയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുമെന്നും തുടര്‍ന്നായിരിക്കും ഷട്ടറുകള്‍ തുറക്കുകയെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഷട്ടര്‍ തുറന്നാലുള്ള അടിയന്തിര സാഹചര്യം നേരിടാനും മുന്നറിയിപ്പു നല്‍കാനുമായി ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഷട്ടര്‍ തുറന്നാല്‍ സ്വീകരിക്കേണ്ട നടപടികളെല്ലാം ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി. ഷട്ടര്‍ തുറന്നാല്‍ ഒഴുകി വരാനുള്ള സൗകര്യത്തിനായി അടഞ്ഞു കിടക്കുന്ന കനാലില്‍ നിന്ന് മണ്ണ് നീക്കം ചെയ്യുന്നുണ്ട്. ആയിരം പൊലീസ് അടങ്ങുന്ന സംഘം സുരക്ഷയൊരുക്കാന്‍ സജ്ജമാണെന്നും അധികൃതര്‍ അറിയിച്ചു.

INDIANEWS24 TVPM DESK

Leave a Reply