728-pixel-x-90-2-learn
728-pixel-x-90
<< >>

മല്യയുടെ അറസ്റ്റിനും ജാമ്യത്തിനും പിന്നിലെ വസ്തുതകള്‍

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി ഒമ്പതിനായിരം കോടി രൂപ വായ്പ്പയെടുത്ത് തിരിച്ചടക്കാതെ വെട്ടിപ്പ് നടത്തി വിദേശരാജ്യത്തേക്ക് പോയ മല്യയ്ക്ക് ബ്രിട്ടന്‍ കോടതി ജാമ്യം അനുവദിച്ചത് ഇന്ത്യക്ക് കുറ്റാരോപിതനെ കൈമാറുന്ന നടപടിയുടെ ഭാഗമെന്ന് ഉദ്യോഗസ്ഥര്‍. മല്യക്കെതിരായ പ്രധാന കേസെടുത്തിരിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ഇക്കാര്യം പറയുന്നത്.

പണംവെട്ടിച്ച കേസിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് വിജയ് മല്യ ഇന്ത്യയില്‍ നിന്നും ഒളിവില്‍പോയത്. 61 കാരനായ ഇന്ത്യന്‍ മദ്യവ്യവസായ ഭീമനെ കഴിഞ്ഞ ഓഗസ്റ്റിലാണ് ആദ്യമായി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ബ്രിട്ടനില്‍ വച്ച് ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയും ഇതേ കുറ്റം ആരോപിച്ച് മറ്റൊരുകേസില്‍ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് കേസിലും ബ്രിട്ടനിലെ കോടതി മല്യയ്ക്ക് മണിക്കൂറുകള്‍ക്കകം ജാമ്യം അനുവദിച്ചു.

1993ലെ ഇന്ത്യ-ബ്രിട്ടന്‍ കുറ്റവാളികളെ കൈമാറുന്ന ഉടമ്പടി പ്രകാരമുള്ള നടപടി ക്രമമനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ത്യയില്‍ സാമ്പത്തിക കുറ്റം ചെയ്തതായി ആരോപിച്ച് അറസ്റ്റ് ചെയ്ത മല്യയെ നാട്ടിലേക്കെത്തിക്കണമെങ്കില്‍ ബ്രിട്ടനിലെ കോടതിയെ കേസിന്റെ ഗൗരവം ബോധ്യപ്പെടുത്തണം. അതുവരെ ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ ബ്രിട്ടനില്‍ കുറ്റാരോപിതന് അര്‍ഹതയുണ്ട്. ചൊവ്വാഴ്ച്ച സി ബി ഐ അറസ്റ്റ് ചെയ്ത മല്യ ബ്രിട്ടനിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ ഇവിടം വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല എന്നും ആരോപണങ്ങള്‍ വാസ്തമല്ല എന്നുമാണ് പറഞ്ഞത്. ഇതേ തുടര്‍ന്ന് പാസ്‌പോര്‍ട്ടും യാത്രാ രേഖകളും അടക്കമുള്ളവ പിടിച്ചുവച്ച് നിശ്ചിത കാലത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ഇത്തരത്തിലാണ് ആദ്യം അറസ്റ്റ് ചെയ്ത കേസിലും ജാമ്യം അനുവദിച്ചിട്ടുള്ളത്.

ഡിസംബര്‍ നാല് വരെയാണ് രണ്ട് കേസിലും മല്യയ്ക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. ജാമ്യ കാലാവധി തീരുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് മജിസ്‌ട്രേറ്റിനെ ബോധ്യപ്പെടുത്തി കുറ്റാരോപിതനെ കോടതി ഉത്തരവിലൂടെ വീണ്ടെടുക്കാം എന്നതാണ് വ്യവസ്ഥ. ഇതിനായി ബ്രിട്ടനിലെ പബ്ലിക് പ്രോസിക്യൂട്ടിംഗ് ഏജന്‍സിയായ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് (സി പി എസ്) മുഖേനയാണ് ഇന്ത്യ കോടതിയില്‍ വാദിക്കേണ്ടത്. ഡിസംബര്‍ നാല് മുതല്‍ തുടര്‍ച്ചയായ എട്ട് ദിവസങ്ങളിലാണ് മല്യയുടെ കേസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആ ദിവസങ്ങളില്‍ എന്‍ഫോഴ്‌സ് മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും സി ബി ഐയും നിരത്തുന്ന രേഖകളും മറ്റും പരിശോധിച്ച് മജിസ്‌ട്രേറ്റ് കോടതിക്ക് കുറ്റവാളിയെ കൈമാറുന്നതിന് അംഗീകാരം നല്‍കാനാകും. അതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ മല്യയുടെ ജാമ്യം നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് പറയുന്നത്.

മല്യയെ കൈമാറണമെന്ന ഇന്ത്യന്‍ വാദം പരിഗണിക്കുന്ന വെസ്റ്റ്മിന്‍സ്‌റ്റെര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണമായിരിക്കും കേസില്‍ നിര്‍ണായകമാകുക. ഇവിടെ മല്യയെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ രേഖകള്‍ നിരത്തേണ്ടതും അനിവാര്യമാകുന്നു.

INDIANEWS24.COM International Desk

Leave a Reply