728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാള സിനിമയുടെ വാര്‍ഷിക കണക്കെടുപ്പ് : നേട്ടങ്ങളുടെ വര്‍ഷം

കൊച്ചി: മലയാള സിനിമയുടെ വാര്‍ഷിക കണക്കെടുപ്പ് കാലമായി. വിളവില്‍ പതിരെത്രയാണ് എന്ന പതിവ് കണക്കെടുപ്പില്‍ നിന്നും നല്ല വിളവെത്ര എന്ന കണക്കാണ് 2013ന് ചേരുക.156 ചിത്രങ്ങളാണ് ഇക്കാലയളവില്‍ പുറത്ത് വന്നത്, കൂടാതെ 12 ഡബ്ബിംഗ് ചിത്രങ്ങളും.

2013ലെ മലയാള സിനിമാകണക്കെടുപ്പില്‍ മുന്നില്‍ നില്‍ക്കുന്ന പേരുകാര്‍ ഇവരാണ് – ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍:

1. ഫഹദ് ഫാസില്‍ : 12 ചിത്രങ്ങളാണ് ഫഹദിന്‍റെ അക്കൗണ്ടില്‍ : അതില്‍ അന്നയും റസൂലും,ആമേന്‍,ഇമ്മാനുവല്‍,നോര്‍ത്ത് 24 കാതം,ഇന്ത്യന്‍ പ്രണയകഥ എന്നിങ്ങനെ ആറു വിജയ ചിത്രങ്ങള്‍. അകം,ആര്‍ടിസ്റ്റ് എന്നീ നിരൂപക ശ്രദ്ധ നേടിയ ചിത്രങ്ങള്‍.

2. ജിത്തു ജോസഫ് – ക്രെഡിറ്റില്‍ എണ്ണം പറഞ്ഞ രണ്ടു മെഗാ ഹിറ്റ്‌ ചിത്രങ്ങള്‍ – മെമ്മറീസ് & ദൃശ്യം.മലയാളത്തിന്‍റെ പുതിയ ഹിറ്റ്‌ മേക്കര്‍ എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹനാണ് ജീത്തു. മമ്മി ആന്‍ഡ്‌ മീ, മൈ ബോസ്,മെമ്മറീസ്,ദൃശ്യം..തുടരുകയാണ് ജീത്തു ജോസഫ്.

3. ജോയ് മാത്യു : ക്രെഡിറ്റില്‍ ഷട്ടര്‍ ( സംവിധാനം) , അന്നയും റസൂലും ആമേന്‍ , ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍, ഇടുക്കിഗോള്‍ഡ്‌,കാഞ്ചി, നടന്‍, നീലാകാശം പച്ചക്കടല്‍ തുടങ്ങി നടന്‍ എന്ന നിലയില്‍ നിരവധി ചിത്രങ്ങള്‍.

4. മോഹന്‍ലാല്‍ : ദൃശ്യത്തിലെ ജോര്‍ജ്കുട്ടി എന്ന ഒറ്റ കഥാപാത്രം അദ്ദേഹത്തെ 2013ന്‍റെ സൂപ്പര്‍ നടനാക്കി. 2013ലെ പരാജയക്കറകള്‍ ഒരൊറ്റ ചിത്രത്തിലൂടെ കഴുകി ബോക്സ്‌ഓഫീസിലെ മിശിഹയായി ഉയിര്‍ത്തെഴുന്നേറ്റ ലാലിന്‍റെ കരിസ്മ വീണ്ടും മലയാളക്കരയില്‍ അലകള്‍ തീര്‍ക്കുകയാണ്.ലാലിന്‍റെ 2014-15 വര്‍ഷങ്ങള്‍ ഇതിനകം SOLD OUT !ആയി

5. മുരളി ഗോപി : മലയാളത്തിനു ലഭിച്ച മികച്ച WRITER – ACTOR : ആഗസ്റ്റ്‌ ക്ലബ് , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ( നടന്‍ – രചയിതാവ് ), കാഞ്ചി , വെടിവഴിപാട് , ഏഴു സുന്ദര രാത്രികള്‍ എന്നിവയിലൂടെ 2013 ന്‍റെ വ്യത്യസ്ത താരമായി മാറി.

6. പ്രിഥ്വിരാജ് : 2013 ന്‍റെ സൂപ്പര്‍ ഹിറ്റ്‌ താരം പ്രിഥ്വി തന്നെയാണ്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും സിനിമകളുടെ അടുപ്പിച്ചുള്ള പരാജയവും അടുപ്പിച്ചുള്ള മൂന്ന്‍ സൂപ്പര്‍ ഹിറ്റ്‌ സിനിമകളിലൂടെ പ്രിഥ്വി തൂത്തെറിഞ്ഞു. മൂന്ന് റിലീസുകള്‍ – മൂന്ന് സൂപ്പര്‍ ഹിറ്റുകള്‍ : സെല്ലുലോയ്ഡ്‌,മുംബൈ പോലീസ്,മെമ്മറീസ്.

7.മാസ്റ്റര്‍ സനൂപ് : 2013ന്‍റെ കണ്ടെത്തലാണ് ഈ അത്ഭുത ബാലന്‍. ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഈ പ്രതിഭ മലയാള സിനിമയുടെ ഉമ്മറത്ത് “ഹീറോ” പരിവേഷത്തില്‍ വിരാജിക്കുകയാണ്.

8.വിജയ്‌ ബാബു: ഒളിഞ്ഞും തെളിഞ്ഞും വിജയ്‌ ബാബു പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. മധുര ബസിലെ ചെറിയ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഹണീബീ. പക്ഷെ ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്നും എസ്കേപ്പ് ഫ്രം ഉഗാണ്ടയും നമുക്ക് ഒരു പുതിയ ഹീറോയെയാണ് സമ്മാനിക്കുന്നത്. കരുതി ചുവടുകള്‍ വെച്ചാല്‍ വിജയ്‌ ബാബു വരും വര്‍ഷങ്ങളില്‍ തീര്ച്ചയായും മുന്‍ നിരയിലുണ്ടാകും.

മമ്മൂട്ടി എന്ന താരത്തിനും നടനും ഗുണം ചെയ്ത വര്‍ഷമാണ്‌ 2013. അദ്ദേഹത്തിന്‍റെ ആറു ചിത്രങ്ങളില്‍ ഏറ്റവും മികച്ചത് കുഞ്ഞനന്തന്റെ കട എന്ന സലിം അഹമ്മദ് ചിത്രമായിരുന്നു. കടല്‍ കടന്നു ഒരു മാത്തുക്കുട്ടിയിലെ വേഷവും മമ്മൂട്ടി മികച്ചതാക്കി. ഇരു ചിത്രങ്ങളും തീയേറ്ററില്‍ ചലനം സൃഷ്ടിച്ചില്ലെങ്കിലും മാത്തുക്കുട്ടി നേടിയ അഞ്ചു കോടി നാല്‍പ്പതു ലക്ഷം രൂപ സാറ്റലൈറ്റ് റേറ്റില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു.മമ്മൂട്ടിയുടെ ഇമ്മാനുവലും ക്ലീറ്റസും ശരാശരി വിജയം നേടി. പക്ഷെ സൈലന്‍സ് ഗുണം ചെയ്തില്ല.

സിദ്ധാര്‍ത്ഥ ശിവ (സംവിധായകന്‍ – 101 ചോദ്യങ്ങള്‍),രമ്യ നമ്പീശന്‍( വിവിധ ചിത്രങ്ങള്‍),റിമ കല്ലിങ്ങല്‍( വിവിധ ചിത്രങ്ങള്‍),ഹരീഷ് പേരടി (ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് – വിശുദ്ധന്‍ – നടന്‍), സുനില്‍ സുഖദ( വിവിധ ചിത്രങ്ങള്‍) ,അനുമോള്‍( അകം , വെടി വഴിപാട് ), ശ്രീജിത്ത്‌ രവി ( പുണ്യാളന്‍ അഗര്‍ബത്തീസ്,വേടി വഴിപാട്), കലാഭവന്‍ ഷാജോണ്‍ (ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍, ദൃശ്യം),ധ്യാന്‍ ശ്രീനിവാസന്‍ (തിര), ടി.ജി.രവി ( ലോക്പാല്‍,പുണ്യാളന്‍ അഗര്‍ബത്തീസ്) തുടങ്ങി 2013 ലെ സര്‍പ്രൈസ് താരങ്ങള്‍ നിരവധിയാണ്.

വിനീത് ശ്രീനിവാസന്റെ ശ്രദ്ധേയമായ തിര എന്ന ചിത്രത്തിലെ ശോഭനയുടെയും നെടുമുടി വേണുവിന്‍റെ 24 നോര്‍ത്ത് കാതത്തിലെയും എ ബി സി ഡി എന്ന ചിത്രത്തിലെ അപര്‍ണ്ണാ ഗോപിനാഥിന്‍റെയും ദ്രിശ്യത്തിലെ മീനയുടെയും പ്രകടനങ്ങള്‍ ഉജ്ജ്വലമായിരുന്നു.

ജയറാമിന്‍റെ ലക്കി സ്റ്റാറും ഭാര്യ അത്ര പോരയും ശരാശരി വിജയം നേടി. ജയറാമിലെ നടന് അഭിമാന നിമിഷങ്ങള്‍ സമ്മാനിച്ചത് കമലിന്‍റെ നടന്‍ എന്ന സിനിമയാണ്. ഈ വര്‍ഷം പൂര്‍ത്തിയാക്കി സെന്‍സര്‍ ചെയ്ത ഷാജി എന്‍ കരുണിന്‍റെ സ്വപാനം കൂടി ചേരുമ്പോള്‍ ഒരു നടന്‍ എന്ന നിലയില്‍ നിരവധി പുരസ്കാരങ്ങള്‍ 2013 ജയറാമിന് സമ്മാനിച്ചേക്കാം.

ദിലീപ് ഒരു ബോക്സ്‌ ഓഫീസ് വിജയതാരം മാത്രമായി മാറുന്ന കാഴ്ചയാണ് 2013 കണ്ടത്. കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് , ശ്രിംഗാരവേലന്‍,സൌണ്ട് തോമ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശന വിജയം നേടിയപ്പോള്‍ ലാല്‍ജോസുമായി ഒന്നിച്ച ഏഴു സുന്ദര രാത്രികള്‍ പ്രേക്ഷകര്‍ കൈ വിട്ടു. പക്ഷെ മികച്ച സാറ്റലൈറ്റ് റേറ്റ് ചിത്രത്തെ രക്ഷിച്ചു.

ജയസൂര്യ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന വിജയ ചിത്രത്തിലൂടെ നിര്‍മാതാവും ഗായകനുമായി.ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്നും മുംബൈ പോലീസും ജയൂര്യക്ക് ഗുണം ചെയ്തു. പക്ഷെ അനൂപ്‌ മേനോന്‍-ജയസൂര്യ വിജയ ഫോര്‍മുല 2013 ല്‍ അടി പതറി.പുണ്യാളന്‍ ജയസൂര്യയുടെ ആദ്യ സോളോ ഹിറ്റായി മാറി. ഒപ്പം രഞ്ജിത്ത് ശങ്കര്‍ എന്ന സംവിധായകന്‍റെ തിരിച്ചു വരവിനും പുണ്യാളന്‍ ഹേതുവായി.

അനൂപ്‌ മേനോന് 2013 അത്ര ഗുണകരമായിരുന്നില്ല. ഡേവിഡ്‌ ആന്‍ഡ്‌ ഗോലിയാത്ത് ഒരു പരിധി വരെ മികച്ച സിനിമയായിരുന്നെങ്കിലും തിയേറ്ററില്‍ പ്രതികരണമുണ്ടായില്ല.

കുഞ്ചാക്കോ ബോബന്‍ റോമന്‍സ് എന്ന ചിത്രത്തിലൂടെ ബിജു മേനോനുമൊത്ത് ഒരു വിജയം കൂടി ആഘോഷിച്ചു. ലാല്‍ ജോസിന്‍റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും ഏറെ പ്രേക്ഷക പ്രീതി നേടി. ഗോഡ് ഫോര്‍ സെയിലും വിശുദ്ധനും ഒരു നടന്‍ എന്ന നിലയില്‍ കുഞ്ചാക്കോയ്ക്ക് നിരൂപക ശ്രദ്ധ നേടിക്കൊടുത്തു.

തന്‍റെ ചിത്രങ്ങള്‍ എല്ലാം “സേഫ്” ആക്കിയ യങ്ങ് ഹീറോ ദുല്‍ഖര്‍ സല്‍മാന്‍ ഒരു നടന്‍ എന്ന നിലയില്‍ ഏറെ മുന്നോട്ട് പോയതായി വിലയിരുത്താം.ഇതില്‍ എ ബി സി ഡി യും നീലാകാശവും മികച്ച സാമ്പത്തിക നേട്ടം കരസ്ഥമാക്കി.വിജയപാതയില്‍ മുന്നേറുന്ന ദുല്‍ഖറിന്‍റെ പുതിയ റിലീസ് സലാല മൊബൈല്‍സ് ആണ്.

ഇടുക്കി ഗോള്‍ഡ്‌ എന്ന ഒരൊറ്റ ചിത്രത്തിലൂടെ 2013ല്‍ തന്റെ സുവര്‍ണ്ണ മുദ്ര പതിപ്പിച്ച ആഷിക് അബു സിനിമ സംവിധായകന്‍റെ കലയാണെന്ന് തെളിയിച്ചു. അത്ര തിളക്കമില്ലാത്ത താരങ്ങളെ വച്ച് ഒരു മികച്ച “വിജയ” സിനിമ നിര്മ്മിച്ച ആഷിക് അബു നമ്മെ ഒരുപാട് മോഹിപ്പിക്കുന്നു.

കലമേന്മയും വാണിജ്യവിജയവും നിരൂപക-പ്രേക്ഷക പ്രീതിയും നേടിയ ചിത്രങ്ങളുടെ പട്ടിക ചുവടെ :

1. ദൃശ്യം 2. സെല്ലുലോയ്ഡ് 3.ഷട്ടര്‍ 4.ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍ 5. മെമ്മറീസ് 6.ഇടുക്കി ഗോള്‍ഡ്‌ 7.ഇന്ത്യന്‍ പ്രണയകഥ 8.തിര 9.അന്നയും റസൂലും 10.ആമേന്‍ 11.മുംബൈ പോലീസ് 12.നേരം 13.പുണ്യാളന്‍ അഗര്‍ബത്തീസ് 14.നേരം 15.നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി 16. 24 നോര്‍ത്ത് കാതം

മികച്ച സാറ്റലൈറ്റ് – ഓവര്‍സീസ് റേറ്റുകളുടെ ബലത്തില്‍ വാണിജ്യ വിജയം/ നേരിയ ലാഭം നേടിയ ചിത്രങ്ങള്‍ :

1.റോമന്‍സ് 2.പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും 3.എ ബി സി ഡി 4.ശ്രിംഗാരവേലന്‍ 5.കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് 6.ലക്കിസ്റ്റാര്‍ 7.ഇമ്മാനുവല്‍ 8.സൌണ്ട് തോമ 9.നീ കോ ഞാ ചാ 10.ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് 11.ഡ്രാക്കുള 12.ഭാര്യ അത്ര പോര 13.കടല്‍ കടന്നു ഒരു മാത്തുക്കുട്ടി 14. ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍ 15.ഏഴു സുന്ദര രാത്രികള്‍ 16. ത്രീ ഡോട്ട്സ് 17.അഞ്ചു സുന്ദരികള്‍ 18.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് 19. വെടി വഴിപാട് 20.പട്ടം പോലെ 21.നടന്‍ 22.ഗീതാഞ്ജലി 23.വിശുദ്ധന്‍ 24.നാടോടി മന്നന്‍ 25.ബൈ സൈക്കിള്‍ തീവ്‌സ്.

ഈ കണക്കെടുപ്പില്‍ നിന്നും വെളിവാകുന്ന ഏറ്റവും പ്രസക്തമായ വസ്തുത , 100 ലേറെ ചിത്രങ്ങള്‍ വന്‍ സാമ്പത്തിക ദുരന്തം ഏറ്റുവാങ്ങി എന്നതാണ്. സാറ്റലൈറ്റ് റേറ്റിന്റെ പിന്‍ബലത്തില്‍ ചില നിര്‍മ്മാതാക്കള്‍ക്ക് നഷ്ടത്തിന്‍റെ വ്യാപ്തി കുറയ്ക്കുവാനായി. പക്ഷെ ബഹുഭൂരിപക്ഷവും ഇനിയൊരു ചിത്രം നിര്‍മ്മിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സാമ്പത്തികമായി തകര്‍ന്നു.

വാരി വലിച്ചു സാറ്റലൈറ്റ് തുക വര്‍ദ്ധിപ്പിക്കാന്‍ ചാനലുടമകള്‍ മത്സരിച്ചതാണ് ഈ സിനിമാ ചാകരയുടെ പ്രധാന കാരണം. ” ടേബിള്‍ പ്രോഫിറ്റ്” എന്ന വാക്കാണ് കഴിഞ്ഞ വര്ഷം മലയാള സിനിമയില്‍ ഏറ്റവുമധികം മുഴങ്ങിക്കെട്ടത്. ഇത് മൂലം ഒരുപാട് ചിത്രങ്ങള്‍ ” ന്യൂ ജനറേഷന്‍ ” എന്ന പേരില്‍ മലയാളിക്ക് സഹിക്കേണ്ടി വന്നു. ഏതായാലും ഇനി മികച്ച പ്രൊജക്റ്റുകള്‍ക്ക് മാത്രം ഫണ്ട് ചെയ്‌താല്‍ മതിയെന്ന് ചാനലുകാര്‍ തീരുമാനിച്ച മട്ടാണ്. കൂടാതെ തിയേറ്റര്‍ വിജയവും ചാനലുകള്‍ സാറ്റലൈറ്റ് റേറ്റ് നല്‍കും മുമ്പ് പരിഗണിക്കും എന്നറിയുന്നു.മികച്ച സംവിധായകനെയും തിരക്കഥാകൃത്തിനെയും താരത്തിനെയും ബാനറിനെയും മാത്രം വിശ്വസിച്ച് വന്‍ തുക സാറ്റലൈറ്റ് റേറ്റായി നല്‍കുന്ന പതിവും ചില “വന്‍” ചിത്രങ്ങളുടെ “വന്‍” പരാജയത്തെത്തുടര്‍ന്നു ചാനലുകാര്‍ നിര്‍ത്താന്‍ പോകുകയാണ് എന്നറിയുന്നു.നല്ല സിനിമയ്ക്ക് ഇത് നല്ല വാര്‍ത്ത തന്നെയാണ്. നിലവാരം കുറഞ്ഞ ഒത്തിരി ചിത്രങ്ങള്‍ ഈ തീരുമാനം മൂലം നിര്‍മ്മിക്കപ്പെടില്ല എന്നത് പ്രേക്ഷകന് ഒരു വലിയ ആശ്വാസം തന്നെയാണ്.

ഏതായാലും മലയാള സിനിമയെ സംബന്ധിച്ച് ഒരു മികച്ച വര്‍ഷം തന്നെയാണ് 2013 എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 40 ല്‍ പ്പരം ചിത്രങ്ങള്‍ വാണിജ്യ വിജയം നേടിയതും അതില്‍ പത്തിലേറെ മികച്ച സിനിമകളുണ്ടാകുകയും ചെയ്തു എന്നത് 2013 ന്‍റെ വന്‍ നേട്ടമാണ്.

പ്രേക്ഷകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ( ഡി.വി.ഡി. ഫോര്‍മാറ്റിലെങ്കിലും) ചിത്രങ്ങളുടെ ലിസ്റ്റ് ചുവടെ. കലമേന്മയും ജനപ്രീതിയും നേടിയ 25 ചിത്രങ്ങളും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണ്. അവ കൂടാതെയുള്ള ചിത്രങ്ങളുടെ ലിസ്റ്റ് ചുവടെ :

1. ദി ആര്‍ടിസ്റ്റ് 2. ഇംഗ്ലീഷ് 3. കുഞ്ഞനന്തന്റെ കട 4.തിര 5. അകം 6.കാഞ്ചി 7. 101 ചോദ്യങ്ങള്‍ 8.ഗോഡ് ഫോര്‍ സെയില്‍ 9.ഡേവിഡ് ആന്‍ഡ്‌ ഗോലിയാത്ത് 10.റോമന്‍സ് 11.എ ബി സി ഡി 12..ലക്കിസ്റ്റാര്‍ 13.ഇമ്മാനുവല്‍ 14.കടല്‍ കടന്നു ഒരു മാത്തുക്കുട്ടി 15.അഞ്ചു സുന്ദരികള്‍ 16.ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് 17.വെടി വഴിപാട് 18.പട്ടം പോലെ 19.നടന്‍ 20.വിശുദ്ധന്‍ 21.ഓഗസ്റ്റ് ക്ലബ് 22.ഭാര്യ അത്ര പോര 23.ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാന്‍ 24. സൌണ്ട് തോമ 25.പൈസാ പൈസാ 26. ഡി കമ്പനി 27.നെത്തോലി ഒരു ചെറിയ മീനല്ല 28.സൈലന്‍സ് 29. ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് 30.എസ്കേപ് ഫ്രം ഉഗാണ്ട. 31. സക്കറിയയുടെ ഗര്‍ഭിണികള്‍ 32.അപ്പ് ആന്‍ഡ്‌ ഡൌണ്‍ 33.ഗീതാഞ്ജലി 34.ഹോട്ടല്‍ കാലിഫോര്‍ണിയ 35. പിഗ്മാന്‍ 36.ഏഴു സുന്ദര രാത്രികള്‍ 37.റെഡ് വൈന്‍ 38.കമ്മത്ത് ആന്‍ഡ്‌ കമ്മത്ത് 39.കിളി പോയ്‌ 40.താങ്ക് യു

ഒരു പ്രേക്ഷകന് കാണുവാനായി അറുപത്തിയഞ്ചു ചിത്രങ്ങള്‍ നിര്‍ദ്ദേശിക്കുവാനുണ്ട് എന്നത് തന്നെയാണ് 2013ന്‍റെ ആകെ തുക.

SANU INDIANEWS24

cinema 2013

2 Responses to മലയാള സിനിമയുടെ വാര്‍ഷിക കണക്കെടുപ്പ് : നേട്ടങ്ങളുടെ വര്‍ഷം

  1. asha jithesh Reply

    December 29, 2013 at 7:16 AM

    good one.

  2. ranjith viswam Reply

    December 29, 2013 at 7:17 AM

    good one.

Leave a Reply