jio 800x100
jio 800x100
728-pixel-x-90
<< >>

മലയാള സിനിമക്കുള്ളിലെ “മലയാളി ഞണ്ടുകള്‍ക്ക്” ഒരു നിവേദനം

അന്താരാഷ്‌ട്ര ചലച്ചിത്രോല്സവവും സംസ്ഥാന ചലച്ചിത്ര അവാർഡും കേരളത്തിൽ എന്നും വിവാദങ്ങൾ ഉണ്ടാക്കിയിട്ടേ ഉള്ളു.ഒരു ആവശ്യവുമില്ലാത്ത ചെറിയ വിവാദങ്ങൾ പോലും മാധ്യമങ്ങൾ ഏറ്റെടുത്തു തീകൊളുത്തും.എന്നാൽ ചർച്ച ചെയ്യേണ്ട യഥാർത്ഥ പ്രശ്നങ്ങൾ വഴിയിൽ കിടക്കുകയാണ്.അത് അക്കാദമിയുടെ പ്രവർത്തനത്തെ ഏറെ ബാധിച്ചിട്ടുമുണ്ട്.കഴിഞ്ഞ ഫിലിം ഫെസ്റ്റിവലിലെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിൽ പോലും അക്കാദമിക്ക് ഗുരുതരമായ വീഴ്ച പറ്റി.ചവറ് സിനിമകൾ കണ്ടു മനം മടുത്ത് ഇറങ്ങി പോകേണ്ടി വന്ന ദുരനുഭവം ചലച്ചിത്ര പ്രേമികൾക്ക് വര്‍ഷങ്ങളായി ഉണ്ടാകുന്നുണ്ട്.മുൻ വർഷങ്ങളിൽ നല്ല ചിത്രങ്ങൾ ഒരുക്കിയ വിദേശ സംവിധായകർ പിന്നീട് എടുത്ത “പൊട്ട ചിത്രങ്ങൾ” യാതൊരു വിലയിരുത്തലുമില്ലാതെ മേളയിൽ ഉൾപ്പെടുത്തിയത് പ്രേക്ഷകരെ ഏറെ നിരാശരാക്കി.ഇക്കഴിഞ്ഞ കഴിഞ്ഞ മേളയുടെ മാനം ഒരു പരിധി വരെ രക്ഷിച്ചത് കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കാണ്.കിം കി ഡുക്കിന്റെ മോബിയാസ് എന്ന സിനിമ അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞു.പക്ഷെ എന്നും കൊറിയയില്‍ നിന്നും ആളെ ഇറക്കി കളി വിജയിപ്പിക്കാനവില്ലല്ലോ?

പരിതാപകരമായ ഈ അവസ്ഥയിൽ പോലും കഴിഞ്ഞ വർഷത്തെ മേള ജനനിബിഡമായിരുന്നു.മേളയിലെ സാധാരണ ചിത്രങ്ങൾക്ക് പോലും ജനം ഹിറ്റ് സിനിമയുടെ റിലീസിങ്ങിനു ഇടിച്ചു കയറുന്നത് പോലെയായിരുന്നു തിരക്ക് അനുഭവപ്പെട്ടത്.പക്ഷെ ഇത് യഥാർത്ഥ ചലച്ചിത്ര പ്രേമികൾക്ക് സിനിമ കാണാനും വിലയിരുത്താനും തടസ്സം നേരിട്ടു.സിനിമയിലെ പല ദൃശ്യങ്ങൾക്കും ചിലർ ലൈവായി  പ്രതികരിക്കുന്നതും കമന്റ് പറയുന്നതും സീരിയസായി സിനിമയെ സമീപിക്കുന്നവരെ ഒട്ടൊന്നുമല്ല അസ്വസ്ഥരാക്കിയത്.

ചലച്ചിത്രോത്സവം നടക്കുന്ന ഏഴയലത്ത് പോലും പണ്ട് പോലീസ് കടന്നു വരില്ലായിരുന്നു.മദ്യപിച്ചു തീയ്യറ്ററിന് മുന്‍ഭാഗത്ത്‌ നൃത്തമാടി ബോധാരഹിതരാകുകയും പിന്നീട്  ബോധം തെളിയുമ്പോൾ വീണ്ടും തീയറ്ററിന് അകത്തേക്ക് കടക്കുകയും സിനിമ കാണുകയും ചെയ്തിരുന്നവർ ഡെലിഗേറ്റുകൾക്ക് രസം പകരുമായിരുന്നു.അവരുടെ ഭാഗത്ത്‌ നിന്നും ഒരിക്കലും യാതൊരുവിധത്തിലുള്ള ആക്രമണങ്ങള്‍ ആരുടെ നേരെയും ഉണ്ടായിട്ടില്ല.എന്നാൽ ഇന്ന് സ്ഥിതി മറിച്ചാണ്.പ്രദര്‍ശനവേദികളില്‍ സാമൂഹ്യ വിരുദ്ധരടക്കമുള്ളവര്‍ തടിച്ചു കൂടുന്നു.ചലച്ചിത്രോത്സവത്തിൽ നടക്കുന്നത് കള്ളുകുടിയന്മാരുടെ ആഭാസത്തരങ്ങൾ ആണെന്ന് പുറം ലോകം കരുതിത്തുടങ്ങിയിരിക്കുന്നു.Mob Psychology എന്നോന്നുണ്ടല്ലോ?ആള്‍ക്കുട്ടത്തില്‍ പലരും പലരീതിയിലും മോശമായി പെരുമാറുന്ന കാഴ്ചകള്‍ ഏറെയായിരുന്നു കഴിഞ്ഞ ചലച്ചിത്രമേളയില്‍.അതിനാല്‍ ഇപ്പോൾ ചലച്ചിത്രോത്സവം നടക്കുന്നത് തന്നെ കടുത്ത പോലീസ് സംരക്ഷണയിലാണ്.എന്നിട്ടും പലപ്പോഴും അതിര് വിടുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിനു സാധിക്കാത്ത അവസ്ഥയുണ്ട്.

ഇത്തരം സാഹചര്യങ്ങള്‍ക്ക് ഒരു മാറ്റം അവശ്യമാണ്,ഒരു പൊളിച്ചെഴുത്തിന്റെ അനിവാര്യതയുണ്ട്.അക്കാദമിയുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും ഇന്നും നിറവേറ്റിയിട്ടില്ല.ഫെസ്റ്റിവൽകോംപ്ലക്സ് എന്ന സ്വപ്നം ഇപ്പോഴും ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുന്നു.കഴിഞ്ഞ ചലച്ചിത്രോല്സവ വേദിയിൽ വെച്ച്  മുഖ്യമന്ത്രി അതിനെക്കുറിച്ച് പരാമർശിച്ചിരുന്നു.സ്ഥലം കിട്ടിയാൽ ഉടൻ കോംപ്ലക്സ് പണിയുമെന്ന് അദ്ദേഹം പറയുകയുണ്ടായി.സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നു അതേ വേദിയിൽ വെച്ച് കെ.മുരളീധരൻ മറുപടിയായി പറഞ്ഞതുമൊക്കെ കൂട്ടിവായിക്കുമ്പോള്‍ എവിടെയാണ് പ്രശ്നം കുരുങ്ങി കിടക്കുന്നത് എന്ന് കാണികൾക്ക് വ്യക്തമായി മനസിലായി.

ഏതായാലും വൈകിയ വേളയിലാണെങ്കില്‍പ്പോലും ഈ വർഷം ഡിസംബറിൽ നടക്കേണ്ട ചലച്ചിത്രോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു ഉമ്മൻചാണ്ടി അടിയന്തിരമായി ഒരു യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്.സംസ്ഥാന ചലച്ചിത്ര അവാർഡ്,ചലച്ചിത്രോല്സവം,മലയാള സിനിമകൾക്കുള്ള സബ്സിഡി എന്നീ കാര്യങ്ങളെ കുറിച്ച് പഠിച്ചു റിപ്പോർട്ട്‌ സമർപ്പിക്കാൻ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായുള്ള അഞ്ചംഗ സമിതിയെ മുഖ്യമന്ത്രി നിയോഗിച്ചു.ഇതൊക്കെ പാഴ്വാക്കുകളാണോ എന്ന് കാലം തെളിയിക്കട്ടെ.

പ്രസ്തുത റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്:ചലച്ചിത്രോല്സവത്ത്തിലെ ഡെലിഗേറ്റുകളുടെ എണ്ണം കുറയ്ക്കുക,ഡെലിഗേറ്റ് ഫീസ്‌ കുറയ്ക്കുക,മേളയുടെ വേദിയെ പൂരപ്പറമ്പാക്കാതിരിക്കുക,തിക്കും തിരക്കും ഒഴിവാക്കുക,അവസാന നിമിഷം വരെ പ്രദര്‍ശിപ്പിക്കും എന്ന് നിശ്ചയിച്ച ചിത്രങ്ങള്‍ തീയറ്ററില്‍ നിന്നും മാറ്റുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം വിലയിരുത്തി അംഗീകരിച്ചു.നിലവിലുള്ള ഡെലിഗേറ്റുകളെയും പുതിയതിനെയുംഏതു അടിസ്ഥാനത്തില്‍ നിച പ്പെടുത്തുമെന്നാണ്  സമിതി കണക്കാക്കുന്നത്.പുതിയഡെലിഗേറ്റുകളില്‍  യഥാര്‍ത്ഥ ചലച്ചിത്ര പ്രേമിയെ എങ്ങനെ കണ്ടെത്തും.

തിയേറ്ററിലെ തിക്കും തിരക്കും ഒഴിവാക്കണമെങ്കില്‍ കൂടുതല്‍ തിയേറ്ററുകള്‍ അനുവദിക്കണം.അതിനു പറ്റിയ തിയേറ്ററുകള്‍ എവിടെഎന്നതാണ് ഉടന്‍ ഉയരുന്ന മറുചോദ്യം.പുതിയ കോംപ്ലക്സിന്റെ പ്രസക്തി അവിടെയാണ് വെളിപ്പെടുന്നത്.മേളയുടെ അടിസ്ഥാനപരമായ ഈ ആവശ്യം എപ്പോള്‍ നടപ്പിലാകുമെന്ന് ഒരു ഉറപ്പും പറയാന്‍ അധികൃതര്‍ക്ക് ഇനിയും സാധിക്കുന്നില എന്നത് ഖേദകരമാണ്. ഏതായാലും പുതിയ നിര്‍ദ്ദേശങ്ങളുടെ കൂട്ടത്തില്‍ ഫെസ്റ്റിവല്‍ കോംപ്ലക്സ്‌ പദ്ധതി ഉള്‍പ്പെട്ടിട്ടുണ്ട് എന്നറിയുന്നു.അതിന്‍ പ്രകാരം പ്രസ്തുത നിര്‍ദ്ദേശത്തെക്കുറിച്ച് പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവഞ്ചൂരിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.ഇനി അത് മന്ത്രിസഭ യോഗം ചര്‍ച്ച ചെയ്തു പഠിച്ചു തീരുമാനം എടുക്കുമ്പോഴേക്കും വീണ്ടും രണ്ടു ചലച്ചിത്രോത്സവങ്ങള്‍ കൂടി കഴിഞ്ഞിരിക്കും.

പ്രിയദര്‍ശന്‍ അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിട്ടു കുറച്ചു നാളുകളായി.എന്നാല്‍ അക്കാദമിയുടെവളര്‍ച്ചക്കോ മലയാള സിനിമയുടെ വളര്‍ച്ചക്കോ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ പ്രിയദര്‍ശന് സാധിച്ചിട്ടില്ല.കെ.ബി.ഗണേഷ് കുമാര്‍ മന്ത്രിയായിരിക്കവേ അദ്ദേഹത്തിന്റെ നിര്‍ബന്ധ പ്രകാരമാണ് പ്രിയദര്‍ശന്‍ യാതൊരു താല്‍പര്യവുമില്ലാതെ സ്ഥാനം ഏറ്റെടുത്തത്.എപ്പോഴും വിവാദങ്ങള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ വേലിയിലെ പാമ്പിന് കഴുത്ത് വെയ്ക്കേണ്ട എന്ന് കരുതിയാണ് ഇത്തരം നിലപാട് പ്രിയന്‍ കൈക്കൊണ്ടത്.എന്നിരുന്നാലും ഗണേശന്റെ ശക്തമായ പിന്തുണയുള്ളത് കൊണ്ട് മാത്രം പ്രിയന്‍ അവസാനം സ്ഥാനമേല്ക്കുകയായിരുന്നു.

കഴിഞ്ഞ ചലച്ചിത്രോത്സവത്തില്‍ സംഭവിച്ച പാകപ്പിഴകള്‍ മുഴുവന്‍ അക്കാദമി ചെയര്‍മാന്റെ തലയിലായതോടു കൂടി ഇപ്പണി മതിയാക്കാം എന്ന് പ്രിയദര്‍ശന്‍ തീരുമാനിക്കുകയാനുണ്ടായത്.കൂടാതെ സഹായിക്കാന്‍ ഇപ്പോള്‍ ഗണേശനുമില്ല.ഉടന്‍ പ്രഖ്യാപിച്ചു പ്രിയന്റെ പിന്മാറ്റ വാര്‍ത്ത.വാര്‍ത്ത വന്നതോട് കൂടി പലരും കോട്ടിന് അളവെടുത്തു തുടങ്ങി. പ്രിയദര്‍ശന്‍ തീരുമാനം വീണ്ടും മാറ്റി.ആ തീരുമാനത്തില്‍ മറ്റ് സ്വകാര്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.അത് നമുക്ക് ചര്‍ച്ചാവിഷയമയല്ല.

സംവിധാന രംഗത്ത്‌ ദേശീയ തലത്തില്‍ ശ്രദ്ധേയനായ പ്രിയദര്‍ശന് അക്കാദമിയെ വളര്‍ത്താന്‍ കെല്‍പ്പുണ്ടായിരുന്നു.പക്ഷെ അത് ഉപയോഗിക്കാന്‍ പ്രിയദര്‍ശന്‍ തീരെ താല്പര്യം പ്രകടിപ്പിച്ചില്ല എന്നത് അക്കാദമിക്ക് ദോഷകരമായി ഭവിച്ചു.ഈ രണ്ടാം വരവിലെങ്കിലും ശക്തമായ തീരുമാനം എടുക്കാനും അക്കാദമിയെ നേര്‍വഴിക്ക് നയിക്കാനും അദ്ദേഹത്തിന് കഴിയുമാറാകട്ടെ.അല്ലാത്ത പക്ഷം മലയാള സിനിമയോട് പ്രിയദര്‍ശന്‍ ചെയ്യുന്ന ഒരു കടുത്ത അപരാധമായി പില്‍ക്കാലത്ത് വിലയിരുത്തപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.

ഉമ്മന്‍ചാണ്ടി ഫിലിം ഫെസ്റ്റിവലും അവാര്‍ഡ് നിര്‍ണ്ണയവും നേര്‍വഴിയിലാക്കാന്‍ അടൂരിന്റെ നേതൃത്ത്വത്തില്‍ വിളിച്ചു കൂട്ടിയ സമിതിയെ കേരളത്തിലെ ചലച്ചിത്ര പ്രേമികള്‍ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.പക്ഷെ സമിതിയില്‍ തിരുവനന്തപുരത്തുള്ള സിനിമാക്കാര്‍ മാത്രമായിപ്പോയി എന്നൊരു ന്യൂനതയുണ്ട്.മലയാള സിനിമയുടെ ഈറ്റില്ലമായ എറണാകുളത്തെയും രഞ്ജിത്ത്,ഐ വി ശശി തുടങ്ങിയ മലബാര്‍ മേഖലയിലെ ചലച്ചിത്ര പ്രതിഭകളെയുമൊക്കെ ഉള്‍പ്പെടുത്തി വിപുലപ്പെടുത്തെണ്ടതുണ്ട്.ഈ സമിതി എല്ലാ സിനിമാ സംബന്ധിയായ പ്രസ്ഥാനങ്ങള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന ഒരു ഉപരി സമിതിയായി മാറേണ്ടതുണ്ട്.മലയാള സിനിമയിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനകളെയും കൂടി ഇത്തരമൊരു സമിതിയുടെ കീഴില്‍ കൊണ്ട് വരുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കണം.സമീപ കാലങ്ങളിലായി കണ്ടുവരുന്ന വിലക്കുകളും ഗ്വാ ഗ്വാ വിളികളുമൊക്കെ ഒരു സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നത് ഒരു വലിയ വ്യവസായത്തോടും അതില്‍ നിന്നും ഉപജീവനം നടത്തുന്നവരോടും കാണിക്കുന്ന ഒരു അനീതിയായിരിക്കും.

മുഖ്യമന്ത്രി  വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അടൂരിന് പുറമേ സംവിധായകന്‍ ഷാജി എന്‍ കരുണ്‍,നടന്‍ മധു,ക്യാമറാമാന്‍ രാമചന്ദ്രബാബു,നിര്‍മ്മാതാക്കളായ സാബു ചെറിയാന്‍,സുരേഷ്കുമാര്‍,സംവിധായകരായ രാജീവ് നാഥ്,ഷാജി കൈലാസ് എന്നിവര്‍പങ്കെടുത്തിരുന്നു.ഈ പ്രമുഖരെല്ലാം തന്നെ തിരുവനന്തപുരത്ത് സിനിമാ പ്രവര്‍ത്തനങ്ങളുമായ് വളരെ സജീവമായി നിലനില്‍ക്കുന്നവരാണ്.ഇവരൊക്കെ വിചാരിച്ചിരുന്നെങ്കില്‍ പണ്ടേക്ക് പണ്ടേ അക്കാദമിയും മലയാള സിനിമയും നന്നായേനെ.ഒന്നുകില്‍ ഇവരില്‍ പലരെയും അതിനു സ്ഥാപിത താല്‍പ്പര്യക്കാര്‍ അനുവദിച്ചില്ല അല്ലെങ്കില്‍ അവര്‍ താല്‍പ്പര്യം കാണിച്ചില്ല.ഒരു കാര്യം ഉറപ്പാണ്.പ്രഗല്‍ഭമതികളായ ഈ സമിതിയംഗങ്ങള്‍ മനസ് വയ്ക്കുകയും സര്‍ക്കാര്‍ നിര്‍ലോപമായ സഹകരണം നല്‍കുകയും ചെയ്‌താല്‍ മലയാള സിനിമയില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ക്ക് വഴി തെളിയും.പക്ഷെ ഇതിനൊന്നും ആരെയും അനുവദിക്കാത്ത ഒരു കൂട്ടം ഞണ്ടുകളുടെ ശക്തമായ സാന്നിധ്യം കൊണ്ട് “അനുഗ്രഹീതമാണ്” തലസ്ഥാന നഗരി.പെട്ടിക്കകത്തെ ഞണ്ടുകളെ ഒരപേക്ഷയുണ്ട്.കടിക്കുന്ന കാലുകള്‍ തല്‍ക്കാലം മടക്കി വെക്കണേ.ഈ വൈകിയ വേളയിലെങ്കിലും ഇതൊന്നു നന്നായിക്കോട്ടെ.

kalabhavan

kim ki duk

JITHESH INDIANEWS24

One Response to മലയാള സിനിമക്കുള്ളിലെ “മലയാളി ഞണ്ടുകള്‍ക്ക്” ഒരു നിവേദനം

  1. kailas Reply

    May 12, 2014 at 5:23 PM

    ok thanks

Leave a Reply