ബെല്‍ഫാസ്റ്റ്: റാന്നി സ്വദേശിനിയായ നേഴ്സ് യുകെയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്നു കുഴഞ്ഞുവീണ് മരിച്ചു.ബാംഗറിലെ ക്ലാന്റിബോയി നേഴ്സിംഗ് ഹോമിലെ ജീവനക്കാരിയായ , പള്ളത്ത് പി ജി ജോര്‍ജിന്റെ ഭാര്യ ഓമന ജോര്‍ജാണ് (52) മരിച്ചത്.
ഡ്യൂട്ടിക്കിടക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ടോയിലറ്റിലേക്ക് പോയ ഓമനജോര്ജ്ജ് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.കെയര്‍ പ്ലാന്‍ എഴുതാനുള്ള സൂപ്പര്‍ ന്യുമറി ഹൌവേഴ്സില് ജോലിക്ക് എത്തിയതായിരുന്നു ഓമന.അതുകൊണ്ട് തന്നെ അവരുടെ അസാന്നിധ്യം ഏറെ നേരം കഴിഞ്ഞിട്ടും സഹപ്രവര്‍ത്തകര്‍ അറിഞ്ഞില്ല.
രാത്രി എട്ട് മണി കഴിഞ്ഞിട്ടും വീട്ടില്‍ എത്താതിരുന്ന ഓമനയെ അന്വേഷിച്ചുള്ള ഫോണ്‍ കോളിന് ശേഷമുള്ള അന്വേഷണത്തില്‍ ആണ് ടൊയിലറ്റില്‍ നിശ്ചലയായി കിടന്ന ഓമനയെ കണ്ടെത്തിയത്. പോലീസിന്റെ സാന്നിധ്യത്തില്‍ ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു.
രണ്ടു മക്കള്‍..മകന് ഡിക്സന് ജോര്‍ജ്ജ് അമേരിക്കയിലെ ഫ്ലോറിഡായിലാണ് ജോലി ചെയ്യുന്നത്.മകള്‍ പ്രേയസി ബാംഗ്ലൂരില്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്.മരണ വിവരം അറിഞ്ഞു ഡിക്സന് യുകെയിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.