728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളിയുടെ കമ്പനിക്ക് തൊഴിലാളി ക്ഷേമത്തിനുള്ള ദുബായി സര്‍ക്കാരിന്റെ അവാര്‍ഡ്‌

ദുബായ്: അഭിമാനകരമായ നേട്ടം കൈവരിച്ച് കൊല്ലം സ്വദേശിയുടെ കമ്പനിക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പുരസ്‌കാരം. തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മികവിന് ദുബായ് സര്‍ക്കാര്‍ നല്‍കിവരുന്ന തഖ് ദീര്‍ അവാര്‍ഡ് അരോമ ഇന്റര്‍നാഷനല്‍ ബില്‍ഡിങ് കോണ്‍ട്രാക്ടിംഗ് കമ്പനിക്കാണ് ലഭിച്ചിരിക്കുന്നത്. കൊല്ലം പൂയപ്പള്ളി സ്വദേശി പി കെ സജീവ് ആണ് ഇതിന്റെ മാനേജിങ് ഡയറക്ടര്‍.

ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്ന് സജീവും ജീവനക്കാരും ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ഇരുപതു വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇതേവരെ ഒരു തൊഴിലാളി പ്രശ്‌നവും നേരിടേണ്ടിവന്നിട്ടില്ലെന്ന് പറഞ്ഞു. മൂവായിരത്തിലേറെ പേരാണ് അരോമയില്‍ ജോലി ചെയ്യുന്നത്.

ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മികവ് പോയിന്റിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കി നല്‍കുന്ന ലോകത്തെ ആദ്യത്തെ അവാര്‍ഡാണിത്. ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് അവാര്‍ഡ്. തൊഴിലാളി ക്ഷേമം, തൊഴിലാളികളുടെ അവകാശ സംരക്ഷണം, മികച്ച താമസ സൗകര്യം, താമസ-ജോലി സ്ഥലത്തെ ആരോഗ്യ സുരക്ഷാ കാര്യങ്ങളിലെ ശ്രദ്ധ, വേതന സുരക്ഷാ സംവിധാനം നടപ്പാക്കല്‍ എന്നീ കാര്യങ്ങളിലെ മികവാണ് അരോമയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ആയിരത്തിലേറെ അപേക്ഷകളില്‍ നിന്ന് അവാര്‍ഡിനായി അരോമ അടക്കം 13 കമ്പനികളെ തിരഞ്ഞെടുക്കുകയായിരുന്നു.

INDIANEWS24.COM Gulf Desk

Leave a Reply