728-pixel-x-90-2-learn
728-pixel-x-90
<< >>

“മലയാളികളാണ് ശരിക്കും ഇന്ത്യക്കാര്‍”

ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ ഇന്ത്യക്കാര്‍ മലയാളികളാണ്.നാനാത്വത്തില്‍ ഏകത്വത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നവരാണ് മലയാളികളെന്നാണ് ഇതിന് അദ്ദേഹം കാരണമായി ചൂണ്ടിക്കാട്ടുന്ന പ്രധാന സവിശേഷത. മലയാളികളെ വാനോളം പുകള്‍ത്തിക്കൊണ്ടുള്ള മുന്‍ സുപ്രീംകോടതി ജഡ്ജിയും മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

യഥാര്‍ത്ഥ ഇന്ത്യക്കാര്‍ ആര് എന്ന ചോദ്യമാണ് കട്ജുവിന്റെ പോസ്റ്റില്‍ ആദ്യമുള്ളത് തുടര്‍ന്ന് അതിനുള്ള മറുപടി അദ്ദേഹം തന്നെ വിശദീകരിക്കുന്നു.മലയാളികള്‍ മാത്രമാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍.എന്തിനേയും സ്വീകരിക്കാനുള്ള മനസ്സിനെ പോസ്റ്റില്‍ വാനോളം പ്രശംസിക്കുന്നുണ്ട്.ദ്രാവിഡരെന്നോ ആര്യന്‍മാരെന്നോ റോമന്‍സെന്നോ അറബികളെന്നോ ബ്രിട്ടീഷുകാരെന്നോ ഹിന്ദു, മുസ്ലിം, ക്രിസ്റ്റിയന്‍ അങ്ങനെയുള്ള വിശ്വാസങ്ങളെയും മാര്‍ക്‌സിസ്റ്റ് ചിന്താഗതിയെയും എല്ലാം സ്വീകരിക്കാന്‍ മലയാളികള്‍ തയ്യാറാണ്.അവരാണ് നാനാത്വത്തില്‍ ഏകത്വം എന്ന രീതിയെ ഉള്‍ക്കൊള്ളുന്നത്.കേരളീയരാണ് യഥാര്‍ത്ഥ ഇന്ത്യക്കാര്‍.

താന്‍ കശ്മീരില്‍ ജനിച്ചു അതിനാല്‍ യഥാര്‍ത്ഥ ഇന്ത്യക്കാര്‍ കശ്മീരികളാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു.മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, യു പി, തമിഴ്‌നാട് അങ്ങനെ പല സ്ഥലങ്ങള്ിലുളളവരെയും യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് വിളിക്കാമെങ്കിലും അതെല്ലാം വൈകാരികം മാത്രം.വിശാലമായി വിലയിരുത്തുകയാണെങ്കില്‍ കേരളീയരെയാണ് യഥാര്‍ത്ഥ ഇന്ത്യക്കാരെന്ന് വിളിക്കാനാകുക.

ഇങ്ങനെ തുടരുന്ന പോസ്റ്റില്‍ ഒരു ലേഖനം പോലെ വരികളും വാചകങ്ങളും മലയാളികളെ പുകഴ്ത്തിക്കൊണ്ട് നീണ്ടു കിടക്കുകയാണ്.സഞ്ചാരം വളരെയേറെ ഇഷ്ടപ്പെടുന്ന മലയാളികള്‍ ലോകത്തിന്റെ എല്ലാകോണിലും ഉണ്ടെന്ന് എഴുതിയിരിക്കുന്ന കട്ജു നീല്‍ ആംസ്‌ട്രോങ്ങ് ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയപ്പോള്‍ ചായ വേണോ എന്ന് ഒരു മലയാളി ചോദിച്ചതായി തമാശ തന്നെയുണ്ടെന്നതും പരാമര്‍ശിച്ചു.വിശ്വാസ പാരമ്പര്യത്തിലുള്ള മലയാളികളുടെ പ്രസക്തിയും അദ്ദേഹം വിവരിക്കുന്നുണ്ട്.പലസ്തീന് പുറത്ത് ആദിമ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ കേരളത്തിലേതാണ്,തോമാസ്ലീഹ വന്നതും ജൂതന്‍മാര്‍ കൊച്ചിയില്‍ വസിച്ചിരുന്നതും റോമന്‍സ് എത്തിയതും എല്ലാം പറയുന്നുണ്ട്.കേരളത്തില്‍ മുസ്ലംകളെത്തിയത് ഉത്തരേന്ത്യയിലെ പോലെ അധിനിവേശത്തിലൂടെയല്ല മറിച്ച് കച്ചവടത്തിനുവേണ്ടിയാണ്.ഇന്ത്യയിലെ മറ്റിടങ്ങളില്‍ പട്ടികജാതിക്കാര്‍ നേരിടുന്നപോലുള്ള വിവേചനം കേരളത്തിലില്ല.ജാതിമത ഭേദ ചിന്തയ്ക്ക് അടിത്തറപാകിയ ശ്രീനാരായണഗുരുദേവനെ ഇവിടെ എല്ലാവരും ആദരിക്കുന്നു.ലോകത്ത് തന്നെ പ്രശസ്തമായ ഹിമാലയത്തിലെ ബദരീനാഥ് ക്ഷേത്രത്തിലെ പ്രധാനപൂജാരി എപ്പോഴും കേരളത്തില്‍ നിന്നുള്ള നമ്പൂതിരിയായിരിക്കും.രാവല്‍ എന്നാവും വിളിപ്പേര്.അവരുടെ സഹപൂജാരിയും മലയാള ബ്രാഹ്മണന്‍മാരായിരിക്കും.

കേരളത്തില്‍ നിരക്ഷരര്‍ തീരെയില്ലെന്ന് പറയുന്ന അദ്ദേഹം മലയാളികള്‍ ബുദ്ധിമാന്‍മാരും കഠിനാദ്ധ്വാനികളുമാണെന്ന് പറയുന്നു.മര്യാദയും വിനയവും ഉള്ളവരാണ്.വിശാലഹൃദയമുള്ളവരാണ് അവര്‍.പുരോഗമനവാദികളും സര്‍വ്വദേശ പ്രിയരും മതേതര ചിന്താഗതിക്കാരുമാണ്.എല്ലാ ഇന്ത്യക്കാരും മലയാളികളില്‍ നിന്നും പഠിക്കണം.മലയാളികള്‍ നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

INDIANEWS24.COM National Desk

Leave a Reply