jio 800x100
jio 800x100
728-pixel-x-90
<< >>

മലയാളത്തിന്റെ അഭിനയ ചാരുത നെടുമുടി വേണു വിട വാങ്ങി

തിരുവനന്തപുരം:മലയാളത്തിന്റെ അഭിനയ ചാരുത നെടുമുടി വേണു വിട വാങ്ങി.73  വയസായിരുന്നു.തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്‌ച ഉച്ചക്ക്
ഒന്നരയോടെയാണ് അന്ത്യം.
ആലപ്പുഴ നെടുമുടിയിൽ അധ്യാപക ദമ്പതികളായ പി കെ കേശവപിള്ളയുടെയും പി കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ്‌ 22നാണ്‌  ജനനം. കൊട്ടാരം എൻഎസ് യുപി സ്‌കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്‌കൂൾ, ആലപ്പുഴ എസ്‌ഡി കോളേജ്, എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കുട്ടിക്കാലത്തെ മൃദംഗത്തോടും ഘടത്തോടും ഇഷ്‌ടം കൂടി. അഭിനയവും ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ എസ്ഡി കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെ നാടകരംഗത്ത് സജീവമായി. നാടകാചാര്യൻ കാവാലം നാരായണപണിക്കരെ പരിചയപ്പെട്ടത്‌ വഴിത്തിരിവായി. തുടർന്ന്‌ കാവാലത്തിന്റെ തിരുവരങ്ങിൽ. കാവാലത്തിനൊപ്പം ആദ്യം ചെയ്‌ത നാടകം ‘എനിക്ക്‌ ശേഷം. തുടർന്ന്‌ ദൈവത്താർ, അവനവൻ കടമ്പ തുടങ്ങിയ സമൂഹ ശ്രദ്ധയാകർഷിച്ച നിരവധി നാടകങ്ങകളിൽ പ്രധാന കഥാപാത്രങ്ങൾക്ക്‌ ജീവൻ പകർന്നു. ഇടക്കാലത്ത്‌ പാരലൽ കോളേജ്‌ അധ്യാപകനും മാധ്യമപ്രവർത്തകനുമായി. അരവിന്ദന്റെ തമ്പിലൂടെ സിനിമയിലേക്ക്‌. തുടർന്നിങ്ങോട്ട്‌ മലയാളികളുടെ ഹൃദയം കീഴടക്കിയ നിരവധി കഥാപാത്രങ്ങൾ.
ഇന്ത്യൻ, അന്യൻ ഉൾപ്പെടെ തമിഴ്‌ചിത്രങ്ങളിലും വേഷമിട്ടു. പൂരം”  സിനിമ സംവിധാനം ചെയ്‌തു. കാറ്റത്തെ കിളിക്കൂട്, തീർത്ഥം, ശ്രുതി, അമ്പട ഞാനേ, ഒരു കടംകഥപോലെ തുടങ്ങിയ ചിത്രങ്ങൾക്ക് കഥയെഴുതി.
പ്രധാന സിനിമകൾ തമ്പ്, ആരവം, തകര, ചെറിയാച്ഛന്റെ ക്രൂരതകൾ, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, ചാമരം, താരാട്ട്,  ആലോലം, യവനിക, അപ്പുണ്ണി, വേനൽ, തേനും വയമ്പും, എന്റെ മോഹങ്ങൾ പൂവണിഞ്ഞു, ഹിസ്‌ഹൈനസ് അബ്ദുള്ള, ഭരതം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, പാളങ്ങൾ, കാട്ടിലെ പാട്ട്, ഓടരുതമ്മാവാ ആളറിയാം, പൂച്ചക്കൊരു മൂക്കുത്തി, പഞ്ചവടി പാലം, നാരദൻ കേരളത്തിൽ, സുഖമോ ദേവി, പഞ്ചാഗ്‌നി, താളവട്ടം, ചിത്രം, ചെപ്പ്, ആരണ്യകം, വൈശാലി, വന്ദനം, തേന്മാവിൻ കൊമ്പത്ത്, അക്കരെ അക്കരെ, ക്ഷണക്കത്ത്, ലാൽസലാം, സവിധം, മണിച്ചിത്രത്താഴ്, പെരുന്തച്ഛൻ, ദേവരാഗം, കാലാപാനി, ഹരികൃഷ്ണൻസ്, നോർത്ത് 24 കാതം, പാവാട, ജോസഫ്, മധുരരാജ, യുവം.
 മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം ഒരു ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്.. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. 
വിടപറയും മുമ്പെയും, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും, മാർഗവും മികച്ച നടനുളള സംസ്ഥാന അവാർഡിന് അർഹനാക്കി.
1990-മികച്ച സഹനടനുള്ള ദേശീയ അവാർഡ്, ഹിസ്‌ഹൈനസ് അബ്‌ദുള്ളയിലെ അഭിനയത്തിനാണ്‌ സഹനടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്‌. 2003ൽ ദേശീയഅവാർഡിൽ പ്രത്യേക പരാമർശം, 1987-ലും 2003-ലും മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരത്തിനും അർഹനായി. മാർഗത്തിലെ അഭിനയത്തിന് ക്യൂബയിലെ ഹവാനയിൽ നടന്ന അന്തർ ദേശീയ ചലച്ചിത്ര മേളയിൽ പുരസ്‌കാരം ലഭിച്ചു.
ഇന്ത്യൻ, സർവം താളമയം, അന്യൻ തുടങ്ങി ഏഴ് തമിഴ് സിനിമകളിൽ അഭിനയിച്ചു. ആണും പെണ്ണുമാണ് ഒടുവിൽ പുറത്ത് വന്ന ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്‌ത ‘മരക്കാർ അറബിക്കടലിന്റെ സിംഹ’മാണ് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
ഭാര്യ: സുശീല. മക്കൾ: ഉണ്ണി, കണ്ണൻ.
INDIANEWS24 MOVIE DESK

Leave a Reply