728-pixel-x-90-2-learn
728-pixel-x-90
<< >>

മറയൂര്‍ വനത്തില്‍ അജ്ഞാതരായ ആയുധധാരികള്‍

മാവോയിസ്റ്റുകളാണെന്നു സംശയം:

മറയൂര്‍: ഇടുക്കി മറയൂര്‍ കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ ഉള്‍വനത്തില്‍ അജ്ഞാതര്‍ കടന്നുകൂടിയതായി വിവരം ലഭിച്ചു.  തമിഴ്‌നാട് വനം വകുപ്പ്  വനത്തിനുള്ളില്‍ സ്ഥാപിച്ച രഹസ്യ ക്യാമറയില്‍ പതിഞ്ഞിരിക്കുന്ന ചിത്രങ്ങളില്‍ നിന്നുമാണ് അപരിചിതരുടെ സാന്നിധ്യം അറിഞ്ഞത്. മാവോയിസ്റ്റുകളാണോ വനത്തിനുള്ളില്‍ പ്രവേശിച്ചതെന്നറിയാന്‍ തമിഴ്‌നാട് പോലീസ് മറയൂരിലും അതിര്‍ത്തി പ്രദേശങ്ങളിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള – തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് വനം വകുപ്പിന്റെ ഉത്തരവാദിത്തത്തിലുള്ള തളിഞ്ചി  ഭാഗത്ത് സ്ഥാപിച്ച ക്യാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞിരിക്കുന്നത്. മധ്യവയസ്‌കരെന്നു തോന്നിക്കുന്ന മൂന്നു പേര്‍ വെട്ടുകത്തിയുമായി നടക്കുന്ന ചിത്രങ്ങളാണ്  ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. രണ്ടാഴ്ച മുന്‍പാണ് ചിത്രം പതിഞ്ഞത്. എന്നാല്‍ വനം വകുപ്പ് ക്യാമറ നോക്കിയതിനുശേഷമാണ് അജ്ഞാതരുടെ സാന്നിധ്യം അറിഞ്ഞത്. തുടര്‍ന്ന്  തമിഴ്‌നാട് പോലീസിനെ വിവരം അറിയിച്ചു. മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ളതായി തമിഴ്‌നാട് പോലീസ് സംശയിക്കുന്ന
പ്രദേശമാണ് തളിഞ്ചി.

എന്നാല്‍ ചിത്രത്തില്‍ കാണുന്നവരെ കണ്ടെത്താനോ ആദിവാസികള്‍ക്ക് അവരെ തിരിച്ചറിയാനോ കഴിഞ്ഞിട്ടില്ല. ഇതോടെ വനത്തില്‍ കടന്നു കൂടിയിരിക്കുന്നവര്‍ മാവോയിസ്റ്റുകളോ വനം കൊള്ളക്കാരോ ആകാമെന്നുള്ള നിഗമനത്തിലാണ്  തമിഴ്‌നാട് വനം വകുപ്പ്.  എന്നാല്‍ തളിഞ്ചിയില്‍   മാവോയിസ്റ്റുകളില്ലെന്ന വിശ്വാസമുള്ള കേരളാ വനംവകുപ്പ്  വിഷയം ഗൗരവമായെടുക്കേണ്ടതില്ലെന്ന നിലപാടിലുറച്ചു നില്‍ക്കുകയാണ്.

Leave a Reply