jio 800x100
jio 800x100
728-pixel-x-90
<< >>

മറക്കാനാവാത്ത അരിങ്ങോടരും; ഞെട്ടിച്ച പവനായിയും

മലയാളികള്ക്ക് സുപരിജിതമല്ലാത്ത ഒരു വില്ലന് ഭാവം സമ്മാനിച്ചാണ് സൈനിക ജീവിതം അവസാനിപ്പിച്ച ക്യാപ്റ്റന് രാജു സിനിമയില് സജീവമായത്. പട്ടാളചിട്ടകൊണ്ട് സമ്പന്നമാക്കിയ ശാരിരികമികവും പെരുമാറ്റത്തിലെ കാര്ക്കശ്യവും വില്ലന്റെ ഗാംഭീര്യത്തിന് മിഴിവേകി. ഭീകരഭാവത്തില് പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള വകയുണ്ടെന്ന് അടിവരയിട്ടതായിരുന്നു എക്കാലത്തെയും ക്ലാസിക് കോമഡി ഹിറ്റായ നാടോടിക്കാറ്റിലെ പവനായി. മോഹന്‌ലാല്, ശ്രീനിവാസന്, തിലകന് തുടങ്ങി അഭിനയിച്ചവരെല്ലാം മത്സരിച്ച ചിത്രത്തില് പി വി നാരായണന് എന്ന പവനായിയും പ്രൊഫഷണല് കില്ലറായി രംഗപ്രവേശം ചെയ്തപ്പോള് ഞെട്ടിത്തരിച്ച് പൊട്ടിചിരിപ്പിക്കുകമാത്രമല്ല ഈ നടനിലെ മറ്റൊരു സാധ്യത കൂടിയാണ് മലര്‌ക്കെ തുറന്നത്.

ഒരിക്കല്‍ ഒരു റോള്‍ ചെയ്തുപോയാല്‍ പിന്നെ അത്തരം റോളുകളുടെ കുത്തൊഴിക്ക് തേടിയെത്തുന്നത് സിനിമയിലെ പതിവ് പല്ലവിയാണ്. എന്നാല്‍ ചിരിപ്പിച്ച പവനായിക്കുശേഷം സംസ്ഥാന മുഖ്യമന്ത്രിയെ വകവരുത്താന് തുനിഞ്ഞിറങ്ങിയ നിക്കോളാസിനെ ആഗസ്റ്റ് ഒന്നിലൂടെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ വീണ്ടും ഞെട്ടി. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ പിറന്ന ആ സിബി മലയില്‍ ചിത്രത്തിന് മൂന്ന് പതിറ്റാണ്ട് കഴിയുമ്പോഴും പല പേരുകളില്‍ പല വേഷങ്ങളില്‍ നടക്കുന്ന ആ വില്ലന് പകരം മറ്റാരെയും സങ്കല്‍പ്പിക്കാന്‍ പോലും ആകാത്ത വിധം കാഴ്ച്ചക്കാരില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുന്നു.

വടക്കന്‍പാട്ടിലെ ചന്തുവിനെ എം ടി സീന്‍ ബൈ സീനില്‍ നന്മയുള്ള മനുഷ്യനാക്കിയപ്പോള്‍ കളരിയില്‍ മറ്റാരെക്കാലും അഗ്രഗണ്യനായ അരിങ്ങോടരെ അവതരിപ്പിച്ച രാജുവിന് വില്ലന് മുഖം ആയിരുന്നില്ല. മറ്റുനാട്ടിലെ കളിരികളിലെ ഗുരുക്കന്മാര്‍ അപവാദം പറഞ്ഞു പരത്തുന്നതിന് ഇരയായ പാവം അരിങ്ങോടരായിരുന്നു ഹരിഹരന്‍ ഒരുക്കിയ ഒരു വടക്കന്‍ വീരഗാഥയിലെ ആ കഥാപാത്രം. മൂപ്പെളമ തര്‍ക്കം തീര്‍ക്കാന്‍ മാമാങ്കത്തിന് അങ്കക്കാരനായി നാട്ടുരാജാവ് ക്ഷണിക്കാനെത്തുമ്പോള്‍ പറയുന്ന ഡയലോഗ് ഏറെ പ്രസക്തമാണ്. തര്‍ക്കം യുദ്ധത്തിലേക്ക് നീങ്ങിയതിനാല്‍ കുറേ സാധുക്കള്‍ മരിച്ചുവീഴുന്നു. ഇതിനൊരു പരിഹാരം വേണമെന്ന അപേക്ഷയുമായാണ് തിരുമനസ്സ് അരിങ്ങോടര്‍ക്കരികിലേക്കെത്തുന്നത്. അതിന് അരിങ്ങോടര്‍ പറയുന്ന മറുപടി എഴുതിയത് എം ടിയാണെങ്കിലും അല്‍പം നിഷേധവും പരിഹാസവും നിരാശയും കലര്‍ന്ന സ്വരത്തില്‍ ക്യാപ്റ്റന്റെ ശബ്ദത്തില്‍ പറയുന്ന വാചകം മറക്കാനാവില്ല. ‘അതുകൊള്ളാം മാമാങ്കം നടത്തിയാല്‍ ഒരു സാധു മാത്രം മരിച്ചാല്‍ മതിയല്ലോ, ഇതും ഒരു ചേകവന്റെ നിയോഗമാണ്’.
അതിന് ശേഷം ക്യാപ്റ്റനിലെ വില്ലന്‍ മുഖം വീണ്ടും അത്യുജ്ജ്വലമായി പ്രേക്ഷകനെ പേടിപ്പെടുത്തിയത് പ്രിയദര്‍ശന്റെ അദ്വൈതത്തിലാണ്. എതിര് നല്‍ക്കുന്നവരെ നിര്‍ദാക്ഷിണ്യം കൊന്നൊടുക്കുന്ന വ്യവസായി പത്രോസ്.

അഭിനയം തുടങ്ങിയ കാലത്തിനൊപ്പം തന്നെ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം അദ്ദേഹം സമാനമായി നിറഞ്ഞു നിന്നു. 1999ല്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് സംവിധായകന്‍ ഇസ്മായില്‍ റഹ്മാന്‍ സംവിധാനം ചെയ്ത കോട്ടന്‍ മേരി എന്ന ചിത്രത്തിലൂടെ ഇംഗ്ലീഷ് സിനിമയിലും പ്രത്യക്ഷപ്പെട്ടു. ഇന്ത്യ പശ്ചാത്തലമായ കഥയില്‍ ഇന്‍സ്‌പെക്ടര്‍ റാംജി രാജ് എന്നതായിരുന്നു രാജുവിന്റെ വേഷം. 1997ല്‍ ഇതാ ഒരു സ്‌നേഹഗാഥ എന്ന ചിത്രം സംവിധാനം ചെയ്ത അദ്ദേഹത്തിന്റേതായി ഒരുങ്ങിയ രണ്ടാം ചിത്രം മിസ്റ്റര്‍ പവനായി 99.99 പൂര്‍ത്തിയായിട്ടും ഇന്നും റിലീസ് ചെയ്യപ്പെടാതെയിരിക്കുന്നു.

INDIANEWS24.COM Film Desk

Leave a Reply